???? ????????

തോൽവിയിലും തലകുനിയാതെ

ഉസൈൻ ബോൾട്ട്,​ എന്തിനാണ്​ താങ്കൾ വിടവാങ്ങൽ 2017ലേക്ക്​ മാറ്റിവെച്ചത്​. കഴിഞ്ഞ ആഗസ്​റ്റിൽ ബ്രസീലിലെ റിയോഡീ ജനിറോ ജോ ഹാവലാഞ്ച്​ സ്​റ്റേഡിയത്തിൽ ഒളിമ്പിക്​ വേദിയിൽ ട്രിപ്പിൾ ട്രിപ്പിൾ പൂർത്തിയാക്കി നെഞ്ചുവിരിച്ച്​  തലയുയർത്തി ഗാലറിയെ നോക്കി പുഞ്ചിരിച്ചു നിന്ന ആ നിമിഷമുണ്ടല്ലോ അതായിരുന്നു താങ്കളുടെ കായിക ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂർത്തം. 35കാരൻ ജസ്​റ്റിൻ ഗാറ്റ്​ലിനോട്​ തോറ്റ്​ ട്രാക്ക്​ വിടേണ്ടവനായിരുന്നില്ല  താങ്കൾ. ഉത്തേജക മരുന്നിന്‍റെ കളങ്ക ച​രിത്രത്തിനിടയിലും ഒരു വ്യാഴവട്ടത്തിന്‍റെ ഇടവേളയിൽ​ ലോകമെഡൽ സ്വന്തമാക്കി അമ്പരപ്പിച്ച ഗാറ്റ്​ലിനേക്കാൾ എത്രയോ ഉയരത്തിലാണ്​ അത്​ലറ്റിക്​ വീര്യത്തിന്​ വിശുദ്ധി പകർന്ന താങ്കളുടെ സ്​ഥാനം. 



21കാരൻ കോൾമാൻ താങ്കളെ മൂന്നാം സ്​ഥാനത്തേക്ക്​ പിന്തള്ളിയതിൽ അദ്​ഭുതമില്ല. ഉസൈൻ ബോൾട്ടിൽ നിന്ന്​ ബാറ്റൺ വാങ്ങാൻ ഒരു പിൻഗാമി എത്തിയെന്ന്​ ലോകത്തിന്​ ആശ്വസിക്കാവുന്നതേയുള്ളൂ. റിയോയിൽ ഒാട്ടം നിർത്താമായിരുന്നെന്ന്​ ഇൗ തോൽവിയിൽ പറയാൻ​ തോന്നുന്നു​ണ്ടെങ്കിലും അന്ന്​ ആഗ്രഹിച്ചത്​ നേരെ തിരിച്ചായിരുന്നു. ഇൗ മനുഷ്യൻ ഇനിയും ഒാടിക്കൊണ്ടിരിക്കണം എന്നു തന്നെയായിരുന്നു റിയോ സ്​റ്റേഡിയത്തിൽ ഇരമ്പിയാർത്ത പതിനായിരങ്ങളും ടെലിവിഷൻ സ്ക്രീനുകൾക്ക്​ മുമ്പിൽ വാപൊളിച്ചു നിന്ന ജന കോടികളും മോഹിച്ചത്​. 2017ലെ ലണ്ടൻ ലോക ചാമ്പ്യൻഷിപ്പിലും സ്​പൈക്ക്​ അണിയുമെന്ന്​ ബോൾട്ട്​ പ്രഖ്യാപിച്ചപ്പോൾ ലോകം ആശ്വാസം കൊണ്ടു. നാലു വർഷം കഴിഞ്ഞു വരുന്ന ഇനിയൊരു ഒളിമ്പിക്​സിനെ പുളകമണിയിക്കാൻ പോലും ആ കാലടികൾക്ക്​ കഴിയുമെന്ന്​ വിശ്വസിപ്പിക്കുന്ന ശരീരഭാഷയായിരുന്നു റിയോയിൽ 30ാം ജന്മദിനത്തി​ന്‍റെ തലേദിവസങ്ങളിൽ ബോൾട്ട്​ കത്തിച്ചുവിട്ടത്​.
 


റിയോയിലെ ബോൾട്ട്​ ഷോ
ഇല്ല ആ ദിവസങ്ങൾ മറക്കാനാവില്ല. ലോകത്തിന്‍റെ ​ ശ്രദ്ധ ഒന്നടങ്കം കവർന്നെടുത്ത ഉസൈൻ ബോൾട്ട്​ ഒളിമ്പിക്​സ് ഷോ കൺമുമ്പിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു. അതൊരു ആഘോഷമായിരുന്നു. അതിന് നേരില്‍ സാക്ഷിയായതിന്‍റെ ത്രില്‍ മായുന്നില്ല. ഒരു ഞായറാഴ്ച രാത്രിയായിരുന്നു അത്​. രാവിലെ മുതൽ സ്​റ്റേഡിയത്തിൽ പല മത്സരങ്ങൾ നടക്കുന്നു​ണ്ടെങ്കിലും ഗാലറി ഏ​െറക്കുറെ കാലിയായിരുന്നു. നേരം ഇരുട്ടിയതോടെ​ ജനം ഒഴുകാൻ തുടങ്ങി​. ഉസൈന്‍ ബോള്‍ട്ട് മത്സരിക്കുന്ന 100 മീ സെമിഫൈനലിന് ഇനിയും സമയം ബാക്കിയുണ്ടെങ്കിലും സ്റ്റേഡിയം ആഘോഷമൂഡിലേക്ക് പ്രവേശിച്ചിരുന്നു. മിനിറ്റുകൾ കഴിയുന്തോറും ഗാലറി തിങ്ങിവിങ്ങി. വിവിധ രാജ്യക്കാരുണ്ട് അതില്‍. ഗാലറിയിലെ ജമൈക്കന്‍ പതാകകള്‍ അത് ലോകത്തെ ഏറ്റവും വലിയ രാജ്യമാണെന്ന് തോന്നിച്ചു. മറ്റു മത്സരങ്ങള്‍ ട്രാക്കിലും ഫീല്‍ഡിലുമായി നടക്കുന്നുണ്ട്​. പക്ഷെ എല്ലാവരും കാത്തിരിക്കുന്നത് ഒരു മനുഷ്യനെയാണ്. ഉസൈന്‍ ബോള്‍ട്ട്. 
 

100 മീ സെമിഫൈനല്‍ തുടങ്ങാന്‍ പോകുന്നെന്ന അറിയിപ്പ് മുഴങ്ങിയതോടെ തന്നെ ഗാലറി ഇളകി. രാത്രി ഒമ്പതിന് ആദ്യ സെമി. പ്രശസ്തരാരുമില്ല. അഞ്ചു മിനിറ്റിന് ശേഷം രണ്ടാം സെമി. ഉസൈന്‍ ബോള്‍ട്ട്  സ്​റ്റാര്‍ട്ടിങ് ബ്ലോക്കിലേക്ക് അതാ വരുന്നു. കാതടടപ്പിക്കുന്ന ഇരമ്പലില്‍ സ്​റ്റേഡിയം കുലുങ്ങുന്ന പോലെ. ആറാം ലൈനില്‍ ബോള്‍ട്ട് നിലയുറപ്പിച്ചു. വെടിപൊട്ടി. ഫൗള്‍ സ്റ്റാര്‍ട്ടിന് ബഹ്റൈന്‍ താരം പുറത്ത്. രണ്ടാമതും വെടിപൊട്ടി. ആദ്യ 40 മീറ്ററില്‍ പിന്നിലായിരുന്ന ബോള്‍ട്ട് ഒന്ന് ആഞ്ഞു പിടിച്ചു. എല്ലാവരും പിന്നിലായി. 80 മീറ്റര്‍ പിന്നിട്ട​പ്പോഴേ രണ്ടു വശത്തേക്കും നോക്കി ഒന്നു ചിരിച്ച് സ്വതസിദ്ധമായ ആ വേഗം കുറക്കല്‍. ബോള്‍ട്ടും കാനഡയുടെ ആന്ദ്രെ ഡി ഗ്രാസും ഫൈനലില്‍. ഒന്നും സംഭവിക്കാത്തവനെ പോലെ സിംഹം മടയിലേക്ക് മടങ്ങി. ഇനി ഫൈനലിന്. മറ്റു മത്സരങ്ങളും മെഡല്‍ ദാനവും സ്റ്റേഡിയത്തില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അരലക്ഷത്തോളം കാണികള്‍ ആകാംക്ഷയിലാണ്. അവര്‍ കാത്തിരിക്കുന്നത് വേഗരാജാവിനെ കാണാനാണ്. സമയം 10.20. ഫൈനലിന്‍റെ പ്രഖ്യാപനം വന്നു. ഒരോരുത്തരായി സ്​റ്റേഡിയത്തിന്‍റെ നിലവറയില്‍നിന്ന് കടന്നുവന്നു. അതാ ബോള്‍ട്ട്. ഒരു കാന്തിക തരംഗം സ്​റ്റേഡിയത്തിലേക്ക് വ്യാപിച്ചപോലെ. മറ്റാരെയും കാണുന്നില്ല. ബോള്‍ട്ട് എന്നല്ലാതെ ഒന്നും കേള്‍ക്കുന്നുമില്ല. ബോള്‍ട്ടിന്‍റെ ഓട്ടം വെറും മത്സരമല്ല. അതൊരു വമ്പന്‍ ഷോയാണ്. ആത്മാവിന്‍റെ ആഴങ്ങളില്‍ നിന്നുയരുന്ന ആഹ്ലാദം നുരഞ്ഞുപതയുന്ന ഷോ.
 


സ്റ്റാര്‍ട്ട് ലൈനില്‍ എട്ടുപേര്‍ നിരനിരയായി നിന്നു. മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാവരുടെയും മുഖത്ത് സമ്മര്‍ദ്ദം പ്രകടം. ഓരോരുത്തരെ പരിചയപ്പെടുത്തുന്നു. ആറാമത് ഉസൈന്‍ ബോള്‍ട്ട്. നിലക്കാത്ത കൈയടി. ബോള്‍ട്ട്... ബോള്‍ട്ട്... വിളികള്‍ അലയടിക്കവെ ചുണ്ടുകൊണ്ടും കണ്ണു കൊണ്ടും ചില കോ​​​​​പ്രായങ്ങള്‍. ഗാലറിയെ നോക്കി ചില ആംഗ്യങ്ങള്‍. ജനം ശരിക്കും ആസ്വദിക്കുന്നു. പതുക്കെ പിരിമുറുക്കം ഗാലറിയിലേക്കും പടര്‍ന്നു. ആദ്യ വരയില്‍ നിലയുറപ്പിക്കും മുമ്പ് ചുണ്ടില്‍ വിരല്‍വെച്ച് നിശ്ബ്ദരാകാന്‍ ഗാലറിയോട് ബോള്‍ട്ടിന്‍റെ ആംഗ്യം. സ്വിച്ച് ഓഫ് ചെയ്ത പോലെ സൂചിവീണാല്‍ കേള്‍ക്കുന്ന നിശബ്ദത. പിന്നെ മുകളിലേക്ക് നോക്കി കുരിശുവരച്ച് പ്രാര്‍ഥന. സമയം 10.25. വെടിപൊട്ടി. ബോള്‍ട്ട് പിന്നിലോ. ഗാലറി ഒരു നിമിഷം സതംഭിച്ചോ. പിന്നെ ഇരമ്പിയാര്‍ത്ത് പിന്തുണ. എല്ലാം പത്തു നിമിഷത്തിനകം കഴിഞ്ഞു. അതിനിടയില്‍ ഇമവെട്ടാതെ കണ്ടത് ലോകത്തെ കോരിത്തരിപ്പിച്ച കരുത്തിന്‍റെയും പ്രതിഭയുടെയും ഊര്‍ജപ്രവാഹം. 9.81 സെക്കന്‍ഡില്‍ ഒരു മനുഷ്യന്‍ ലോകത്തെ ഒന്നടങ്കം കീഴ്പ്പെടുത്തിയിരിക്കുന്നു. മണിക്കൂറുകള്‍ നീളുന്ന മറ്റൊരു കായികമത്സരവും നല്‍കാത്ത ആവേശം. 
 


കടുത്ത വെല്ലുവിളിക്കൊടുവിലുള്ള വിജയത്തിന്‍റെ ആശ്വാസവും ആഹ്ലാദവും ബോള്‍ട്ടിന്‍റെ മുഖത്ത്. പിന്നെ ആരാധകരിലേക്ക്. അവരെ നോക്കി കണ്ണിറുക്കി. കൈവീശി. ട്രാക്കിലൂടെ സ്റേറഡിയം വലംവെച്ചു. ഗാലറിയിലേക്ക് ചുംബനങ്ങള്‍ പറത്തി. കുടുബാംഗങ്ങള്‍ക്ക് സമീപ​െമത്തി ആലിംഗനം. മനുഷ്യ കുലത്തിന്‍റെ കലര്‍പ്പില്ലാത്ത ആനന്ദം റിയോയിൽ നിന്ന്​ ഉത്​ഭവിച്ച്​ ലോകമാകെ പരന്നൊഴുകി. വരും ദിവസങ്ങളിൽ 200 മീറ്ററിലും സപ്രിൻറ്​ റ​ിലേയിലും ബോൾട്ടിന്‍റെ വിജയാവർത്തനം. മൂന്നു ഒളിമ്പിക്​സിലായി ഒമ്പത്​ സ്വർണമെഡൽ. (2008 ഒളിമ്പിക്​സിലെ റിലേ സ്വർണം ടീമംഗമായ നെസ്​റ്റ കാർട്ടർ ഉത്തേജകം കഴിച്ചതായി തെളിഞ്ഞതിനെ തുടർന്ന് ഇൗ വർഷമാദ്യം തിരിച്ചുവാങ്ങി. അതോടെ ബോൾട്ടിന്‍റെ മൊത്തം ഒളിമ്പിക്​ മെഡലുകളുടെ എണ്ണം എട്ടായി​). ലോക ചാമ്പ്യന്‍ഷിപ്പില്‍ ബോള്‍ട്ട് നേടിയ സ്വര്‍ണമെഡലുകളുടെ എണ്ണം ഇതുവരെ 11. എല്ലാം സ്​പ്രിന്‍റ്​ ഇനങ്ങളിൽ. ലണ്ടനിൽ സ്​പ്രിന്‍റ് റിലേ മത്സരം ബാക്കി കിടക്കുന്നു.
 

വേഗരാജാവ്​
ഒരു പതിറ്റാണ്ടോളം ലോക ട്രാക്ക്​ വാണ താരം. ഇല്ല മറ്റാരുമില്ല ഉസൈൻ ബോൾട്ടിന്‍റെ റെക്കോർഡിനൊപ്പമെത്താൻ. 2008ല്‍ ബീജിങ്ങിലെ ‘കിളിക്കൂട്ടി’ല്‍ 100 മീറ്ററില്‍ സ്വര്‍ണം നേടിയത് മുതല്‍ ലോകമെങ്ങും ആഘോഷിക്കപ്പെടുന്ന അത്​ലറ്റ്. ജമൈക്കയിലെ ട്രെലാവ്നി എന്ന കൊച്ചു പട്ടണത്തിലെ ഗ്രോസറിക്കച്ചവടക്കാരന്‍റെ മൂന്നുമക്കളില്‍ ഒരുവൻ. ആ ജീവിതം തന്നെ പേരാട്ടത്തിന്‍െറ ട്രാക്കായിരുന്നു. സ്കൂള്‍ പഠനകാലത്ത് തുടങ്ങിയതാണ് ഈ നെട്ടോട്ടം. ആരുടെയും സഹായമോ സാമഗ്രികളോ ആവശ്യമില്ലാത്ത കായികവിദ്യയാണല്ലോ ഓട്ടം. നീളന്‍ കാലുകളായിരുന്നു കൊച്ചിലേ ബോള്‍ട്ടിന്‍റെ കരുത്ത്. 10 മീറ്ററിലെ സ്കൂളിലെ സ്ഥിരം ചാമ്പ്യന്‍!. പിന്നീട് ഹൈസ്കൂളിലേക്ക് മാറിയപ്പോള്‍ കമ്പം ക്രിക്കറ്റിലായി. ആഗ്രഹം ഫാസ്റ്റ് ബൗളറാകാനും. സചിന്‍ ടെണ്ടുല്‍ക്കറും വഖാര്‍ യൂനുസും ക്രിസ് ഗെയിലുമെല്ലാമായിരുന്നു ആരാധനാ പാത്രങ്ങള്‍. പക്ഷെ നീ ഓടിയാല്‍ മതിയെന്ന് കായികാധ്യാപകന്‍ പറഞ്ഞപ്പോള്‍ അതുതന്നെയാണ് ശരിയെന്ന് ബോള്‍ട്ടിനും തോന്നി. പുതിയ ചരിത്രം തുടങ്ങുകയായിരുന്നു. ആര്‍ക്കും തടയാനാകാത്ത പ്രതിഭയിലുടെ വളരെ പെട്ടെന്ന് ബോള്‍ട്ട് വളര്‍ന്നു. ജമൈക്കയിലെ കായികവളക്കൂറുള്ള മണ്ണ് അതിന് ഊര്‍ജം പകര്‍ന്നു. ലോകതലത്തില്‍ രംഗപ്രവേശം ചെയ്യുന്നത് 2001ലെ ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പിലായിരുന്നു. അന്ന്​ 200 മീറ്റില്‍ യോഗ്യത നേടാനായില്ല.
 


2002 ല്‍ നാട്ടില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ സ്വര്‍ണം നേടുമ്പോള്‍ 15 വയസ്സ്. ലോക ജൂനിയര്‍ സ്വര്‍ണം നേടിയ ഏറ്റവും പ്രായം കുറഞ്ഞ അത്​ലറ്റായി. നാട്ടുകാരുടെ മുന്നിലിറങ്ങുന്നതിന്‍റെ മാനസിക സമ്മര്‍ദ്ദം കാരണം ഷൂ കാലുമാറി ധരിച്ച ബാലന്‍ ആ മെഡല്‍ നേട്ടത്തിന് ശേഷം ഒരു പ്രതിജ്ഞയെടുത്തു. ഇനി മത്സരത്തിന് മുമ്പ് സമ്മര്‍ദത്തിന് വഴങ്ങില്ല. പന്നീട് പിരിമുറുക്കമില്ലാത്ത, എതിരാളികളെ ഭയചകിതരാക്കുന്ന ശരീര ഭാഷയുമായി ഈ ആറര അടിക്കാരന്‍ ലോക ട്രാക്ക് വാണു. കൂറ്റന്‍ സ്റ്റേഡിയങ്ങളിലും ടെലിവിഷനുകളിലും ജനകോടികള്‍ ഈ മനുഷ്യനെ മാത്രം തുറിച്ചുനോക്കി. അതിരാവിലെ നടക്കുന്ന ഹീറ്റ്സ് മത്സരങ്ങള്‍ക്ക് പോലും ഉസൈന്‍ ബോള്‍ട്ടുണ്ടെങ്കില്‍ ഗാലറി നിറഞ്ഞൊഴുകുന്ന പ്രതിഭാസം തുടങ്ങി. ആംഗ്യങ്ങളും ഗോഷ്ഠികളുമായി ബോള്‍ട്ട് അവരെ ആനന്ദിപ്പിച്ചു. അമ്പുതൊടുക്കുന്ന വിജയമുദ്ര ജനലക്ഷങ്ങളെ ആ ഓട്ടം പോലെ കോരിത്തരിപ്പിച്ചു. ഫോട്ടോ ഫിനിഷിന്‍റെ ആവശ്യമില്ലാത്ത മത്സരങ്ങള്‍. അവസാന വരക്കുമുമ്പ് എതിരാളികളെ ഒളിഞ്ഞു നോക്കി ചിരിക്കുന്ന, വേഗം കുറച്ച് അലസനാകുന്ന, അനായാസ ഓട്ടക്കാരന്‍. 
 


2008 ല്‍ ഒളിമ്പിക്സിന് മുമ്പു തന്നെ ലോകത്തെ ഏറ്റവും വേഗം കൂടിയ താരമായ ഉസൈന്‍ ബോള്‍ട്ട് മാറിയിരുന്നു. ന്യൂയോര്‍ക്കില്‍ നടന്ന ഗ്രാന്‍റ് പ്രീയില്‍ 9.72 സെക്കന്‍ഡിലായിരുന്നു ഫിനിഷിങ്ങ്.  ബിജിങ്ങ് ഒളിമ്പിക്സിന് പിന്നാലെ നടന്ന ബര്‍ലിന്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ ബോള്‍ട്ട് വീണ്ടും കൊടുങ്കാറ്റായി. 9.58 സെക്കന്‍ഡില്‍ 100 ഉം 19.19 സെക്കന്‍ഡില്‍ 200 ഉം മീറ്റര്‍ പറന്നെത്തി പുതിയ ലോകറെക്കോഡിട്ട ബോള്‍ട്ട് ഇന്നും ആ സമയത്തിന്‍റെ കാവല്‍ക്കാരനായി തുടരുന്നു. ഈ നേട്ടത്തിന് ശേഷം ലണ്ടനിലെ കഴിഞ്ഞദിവസത്തെ തോൽവിക്ക്​ മുമ്പ്​ ലോകതലത്തില്‍ ബോള്‍ട്ടിന് നഷ്​ടമായ ഏക മത്സരം 2011ല്‍ കൊറിയയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പായിരുന്നു. തുടക്കം പിഴച്ചതിനെതുടര്‍ന്ന് അയോഗ്യനാക്കപ്പെടുകയായിരുന്നു. അതിന് പകരം ചോദിക്കാനെന്നവണ്ണമാണ് ബോള്‍ട്ട് ലണ്ടന്‍ ഒളിമ്പിക്സിനെത്തിയത്. പ്രവചനങ്ങള്‍ തെറ്റിയില്ല. ബീജിങ്ങിലെ മൂന്നു സ്വര്‍ണം ബോള്‍ട്ട് ആര്‍ക്കും വിട്ടുകൊടുത്തില്ല. പിന്നീട് 2013ല്‍ മോസ്കോയിലും 2015ല്‍ ബീജിങ്ങിലും നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും ഇതേ ട്രിപ്പിള്‍ വിജയം ഉസൈന്‍ ബോള്‍ട്ട് ആവര്‍ത്തിച്ചു. പിന്നെ റിയോയിൽ ഒളിമ്പിക്​സ്​ തനിയാവർത്തനം. 
 


ട്രാക്കി​ൽ ഏതാനും നിമിഷം മാത്രം നീളുന്ന തീപാച്ചിലിന്​ ഇത്ര സൗന്ദര്യമുണ്ടെന്ന്​ ലോകത്തിന്​ കാണിച്ചുകൊടുത്തത്​​ ഇൗ അത്​ലറ്റാണ്​. വിവിധ ഭൂഖണ്ഡങ്ങളിലെ ഏതു ഒാണംകേറാമൂലയിലെയും കൊച്ചുകുട്ടികൾ വരെ ആ കുതിപ്പിന്‍റെ ആവേശത്തിൽ രോമാഞ്ചമണിഞ്ഞു. രാജ്യവും നിറവും ഗോത്രവുമൊന്നും ഇൗ ആറരയടിക്കാരനെ ഇഷ്​ടപ്പെടുന്നതിന്​ ലോകജനതക്ക്​ തടസ്സമായില്ല. അവർ മതിമറന്ന്​ തന്നെ അവനെ സ്​നേഹിച്ചു. ഇപ്പോൾ ലണ്ടനിലെ തോൽവിയിലും അവൻ ​േലാകത്തെ അമ്പരപ്പിച്ചു. എത്ര അനായാസമായാണ്​ ആ തോൽവിയെ ബോൾട്ട്​ വിജയമാക്കിയത്​​. സ്വർണം നേടിയ ഗാറ്റ്​ലിനെ കെട്ടിപ്പിടിച്ച്​ ഗാലറി​െയ നോക്കി ചിരിച്ച്​ കൈവീശീ തലയുയർത്തി നടന്നപ്പോൾ ട്രാക്കിലെ ച​ക്രവർത്തിയെന്ന പദവി ജനമനസ്സിൽ  ഉസൈൻ ബോൾട്ട്​ ഒരിക്കൽ കൂടി ഉറപ്പിക്കുകയായിരുന്നു. തോൽവിയിലും തലകുനിക്കാത്ത കായികനന്മ. അപ്പോഴും ​ഈ മഹാതാരം​ ഇനി ട്രാക്കിലുണ്ടാകില്ലെന്ന സത്യം വലിയ ശൂന്യതയായി ബാക്കിയാകുന്നു. 

Tags:    
News Summary - Farewell of Jamaican sprinter Usain Bolt -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.