പൊരുതിവീണു; വിനേഷ് ഫോഗട്ടിന്റെ ഏഷ്യൻ ഗെയിംസ് സ്വപ്നങ്ങൾ തകർന്നു

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ഗുസ്തി സെലക്ഷൻ ട്രയൽസിൽ അപ്രതീക്ഷിത തോൽവിയോടെ ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിന്റെ ഏഷ്യൻ ഗെയിംസ് സ്വപ്നങ്ങൾ തകർന്നു. സെമി ഫൈനലിൽ ഹരിയാനയുടെ മീനാക്ഷിയോട് 4–6 എന്ന സ്‌കോറിനാണ് വിനേഷ് പരാജയപ്പെട്ടത്. സുപ്രീം കോടതി ഇടപെടലിലൂടെ ട്രയൽസിൽ പങ്കെടുക്കാൻ അനുമതി നേടിയെടുത്ത വിനേഷിന്റെ കടുത്ത പോരാട്ടമാണ് ഇതോടെ അവസാനിച്ചത്. 53 കിലോ ഗ്രാം വിഭാഗത്തിലെ ആദ്യ റൗണ്ടിൽ ജ്യോതിയെ പരാജയപ്പെടുത്തി തുടങ്ങിയ വിനേഷ്, രണ്ടാം പോരാട്ടത്തിൽ നിഷുവിനെ 5–6 എന്ന സ്‌കോറിന് കീഴടക്കിയെങ്കിലും സെമിയിൽ കാലിടറുകയായിരുന്നു.

തോൽവിക്ക് പിന്നാലെ ഫെഡറേഷനും ഭരണകൂടത്തിനുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായാണ് വിനേഷ് രംഗത്തെത്തി. "രാജ്യത്തെ ഭരണകൂടം ഒരുഭാഗത്തും ഞാനും എന്റെ ടീമും മറുഭാഗത്തും നിന്നുള്ള പോരാട്ടമായിരുന്നു ഈ ട്രയൽസ്. നിയമസംവിധാനങ്ങളും ഫെഡറേഷനും തുടക്കം മുതൽ എതിരായിരുന്നു. തോൽവിയും ജയവും കായികരംഗത്ത് സാധാരണമാണെങ്കിലും, എല്ലാ സംവിധാനങ്ങളും തനിക്കെതിരെ അണിനിരന്നപ്പോൾ ഉണ്ടായ തോൽവി വേദനിപ്പിക്കുന്നു," വിനേഷ് പറഞ്ഞു. മത്സര ദിവസം രാവിലെ മുതൽ പരിശീലനത്തിന് സമയം ലഭിക്കാതെ ഫെഡറേഷൻ അധികൃതരുമായി പോരാടേണ്ടി വന്നു. എതിരാളികളെ നറുക്കിട്ട് എടുക്കണമെന്നത് രാജ്യാന്തര നിയമമാണ്.

എന്നാൽ ഇന്ന് ആ നിയമങ്ങൾ ലംഘിച്ച് കരുത്തരായ താരങ്ങളെ തനിക്കെതിരായി നിശ്ചയിക്കുകയായിരുന്നുവെന്നും താരം ആരോപിച്ചു.താൻ നടത്തിയ നിയമപോരാട്ടം വരുംതലമുറയിലെ കായികതാരങ്ങൾക്ക് കരുത്താകുമെന്ന് വിനേഷ് ഓർമ്മിപ്പിച്ചു. "അമ്മയാകുന്നത് ഗുസ്തിക്ക് അയോഗ്യതയല്ലെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞു. പ്രസവശേഷം മടങ്ങിയെത്തുന്ന താരങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്നത് അവകാശമായി മാറണം. കഴിഞ്ഞ രണ്ടു വർഷമായി ഞാൻ ഗോദയ്ക്ക് പുറത്തായിരുന്നു. എന്റെ പരാജയത്തിലും മകൻ അഭിമാനിക്കും. തന്നെ വേട്ടയാടാൻ ഇനിയും അധികൃതർ ശ്രമിക്കുമെന്നറിയാം, എന്നാൽ തോൽക്കാൻ താൻ തയ്യാറല്ല," വിനേഷ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Vinesh Phogat out of Asian Games after trial defeat; alleges systemic bias

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.