അന്ന് കണ്ണീരോടെ വിരമിക്കൽ പ്രഖ്യാപനം; 10 വർഷത്തിന് ശേഷം അതേ മണ്ണിൽ കലാശപ്പോരിന് മെസ്സി

ന്യൂയോർക്ക്: കരിയറിലെ ഏറ്റവും കഠിനവും ഹൃദയഭേദകവുമായ രാത്രിക്ക് സാക്ഷ്യം വഹിച്ച അതേ സ്റ്റേഡിയത്തിലേക്ക് അർജന്റീന നായകൻ ലയണൽ മെസ്സി വീണ്ടുമെത്തുന്നു. ഫുട്ബാൾ ലോകത്തെ സ്തംഭിപ്പിച്ച ആ വിരമിക്കൽ പ്രഖ്യാപനത്തിന് 10 വർഷം തികയുമ്പോൾ വിധി മെസ്സിക്ക് മുന്നിൽ വെക്കുന്നത് കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്.

ന്യൂജേഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരം മെസ്സിയെ സംബന്ധിച്ച് കടുത്ത വൈകാരിക സമ്മർദ്ദമുണർത്തുന്ന ഒന്നാണ്. കരിയറിലെ ഏറ്റവും വേദനാജനകമായ ഓർമ്മകൾ ഉറങ്ങുന്ന മണ്ണിലേക്കാണ് മെസ്സി പത്താം നമ്പർ ജേഴ്സിയണിഞ്ഞ് വീണ്ടുമെത്തുന്നത്.

2016ൽ ഇതേ സ്റ്റേഡിയത്തിൽ വെച്ചാണ് കോപ അമേരിക്ക ഫൈനൽ നടക്കുന്നത്. അന്ന് ചിലിക്കെതിരായ സസ്‌പെൻസ് നിറഞ്ഞ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനക്ക് കിരീടം നഷ്ടമായിരുന്നു. ഷൂട്ടൗട്ടിൽ മെസ്സി അടിച്ച പെനാൽറ്റി കിക്ക് പുറത്തേക്കാണ് പോയത്. ചിലി ചാമ്പ്യന്മാരായതോടെ അർജന്റീന നായകൻ കടുത്ത മാനസിക വിഷമത്തിലായി. സ്റ്റേഡിയത്തിലെ പകരക്കാരുടെ ബെഞ്ചിലിരുന്ന് താരം പൊട്ടിക്കരയുന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ അന്ന് ടെലിവിഷൻ ക്യാമറകൾ പകർത്തിയിരുന്നു. ആ നിരാശയും സങ്കടവും എത്രത്തോളം വലുതായിരുന്നുവെന്ന് മത്സരം കഴിഞ്ഞയുടനെയുള്ള മെസ്സിയുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമായിരുന്നു. "ദേശീയ ടീമിനൊപ്പമുള്ള എന്റെ യാത്ര ഇവിടെ അവസാനിക്കുകയാണ്, ഞാൻ പരമാവധി ശ്രമിച്ചു," എന്നായിരുന്നു ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മെസ്സി അന്ന് പ്രഖ്യാപിച്ചത്.

മെസ്സിയുടെ ആ പെട്ടെന്നുള്ള വിരമിക്കൽ പ്രഖ്യാപനം അർജന്റീനയിൽ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം വലിയ ക്യാമ്പയിനുകൾ നടന്നു. ആ സമയത്ത്, മെസ്സിയെ തിരികെ കൊണ്ടുവരണമെന്ന ആഗ്രഹത്തോടെ വികാരനിർഭരമായ കത്തെഴുതിയ 15 വയസ്സുകാരൻ ഇന്ന് അർജന്റീന മധ്യനിരയിൽ മെസ്സിയുടെ പ്രധാന കരുത്താണ്; ചെൽസി താരം എൻസോ ഫെർണാണ്ടസ്. റിവർ പ്ലേറ്റിന്റെ യൂത്ത് ടീമിൽ കളിക്കുന്ന കാലത്താണ് എൻസോ തന്റെ ഇഷ്ടത്താരത്തിന് സോഷ്യൽ മീഡിയയിൽ കത്തെഴുതിയത്. "നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യൂ ലയണൽ, പക്ഷെ ദയവായി ടീമിൽ തുടരുന്നതിനെക്കുറിച്ച് ചിന്തിക്കൂ," എന്നായിരുന്നു എൻസോ അന്ന് കുറിച്ചത്. ഫൈനലിന് മുൻപ് ഈ കത്ത് വീണ്ടും വൈറലായിട്ടുണ്ട്.

ആ സംഭവത്തിന് പത്ത് വർഷം തികയുന്ന വേളയിൽ, ജീവിതവും ഫുട്ബാളും ഈ രണ്ട് കളിക്കാരെയും വീണ്ടും അതേ വേദിയിൽ ഒരുമിച്ച് എത്തിച്ചിരിക്കുകയാണ്. അന്ന് വിരമിക്കരുതെന്ന് അപേക്ഷിച്ച കുട്ടി ഇന്ന് കളിക്കളത്തിൽ ക്യാപ്റ്റന് കാവലാളായി നിൽക്കുന്നു.

ഈ ലോകകപ്പ് ഫൈനലിന് പിന്നിൽ അതിശയകരമായ കാവ്യനീതിയുണ്ടെന്നാണ് ആരാധകർ വിലയിരുത്തുന്നത്. മെസ്സി മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് മടങ്ങിയെത്തുന്നത് നിഴലിലേക്ക് മറയാനല്ല, മറിച്ച് അമേരിക്കൻ മണ്ണിൽ ബാക്കിവെച്ച ഏക കണക്ക് തീർക്കാനാണ്. ടൂർണമെന്റിലുടനീളം കടുത്ത പ്രതിസന്ധികൾ മറികടന്നാണ് ലയണൽ സ്കലോണിയുടെ സംഘം ഫൈനലിലെത്തിയത്. എങ്കിലും, ലോകത്തിലെ മികച്ച കളിക്കാരന്റെ കണ്ണീരിനും നിരാശക്കും സാക്ഷ്യം വഹിച്ച മണ്ണിലേക്ക് കാൽവെക്കുമ്പോൾ മാനസികമായ കരുത്ത് നിർണ്ണായകമാകും.

തന്നെ വളർത്തി വലുതാക്കിയ സ്പാനിഷ് മണ്ണിൽ നിന്നുള്ള ടീമിനെതിരെയാണ് മെസ്സി കളിക്കേണ്ടത് എന്നതും ശ്രദ്ധേയമാണ്. ഫുട്ബോൾ എപ്പോഴും രണ്ടാമതൊരു അവസരം നൽകാറുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം ഓർമ്മയെ കരിയറിലെ ഏറ്റവും വലിയ സന്തോഷമാക്കി മാറ്റാനുള്ള സുവർണ്ണാവസരമാണ് ലയണൽ മെസ്സിക്ക് മുന്നിലുള്ളത്.

Tags:    
News Summary - The day he announced his retirement in tears; ten years later, Messi returns to the same soil for the final showdown.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.