മെസ്സിയെ പിന്തുണച്ച് ലാമിൻ യമാലിന്റെ അനിയൻ? സോഷ്യൽ മീഡിയയിലെ പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്
ന്യൂയോർക്ക്: അർജന്റീനയും സ്പെയിനും തമ്മിലുള്ള ലോകകപ്പ് ഫൈനൽ പോരാട്ടത്തിന്റെ ആവേശം കൊടുമുടിയിൽ നിൽക്കെ, സ്പാനിഷ് കൗമാര താരം ലാമിൻ യമാലിന്റെ അനിയൻ കെയിന്റെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. താരം ഫൈനലിൽ സ്പെയിനായി കളിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് അനിയൻ ലയണൽ മെസ്സിയെയും അർജന്റീനയെയും പിന്തുണക്കുന്നു എന്ന പ്രചാരണം ശക്തമായത്.
വിഡിയോയിൽ കുട്ടി നീല നിറത്തിൽ മുടി ഡൈ ചെയ്ത്, അതിനോട് ചേരുന്ന സ്പോർട്സ് വസ്ത്രം ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. ടൂർണമെന്റിലെ ഏറ്റവും വലിയ മത്സരത്തിന് തൊട്ടുമുൻപ് ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ, കുട്ടി അർജന്റീനയെ പിന്തുണക്കുകയാണെന്ന നിഗമനത്തിൽ ആരാധകർ എത്തിച്ചേരുകയായിരുന്നു.
എന്നാൽ ഈ പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ്. ഈ വിഡിയോ ലോകകപ്പ് ഫൈനലിന് തൊട്ടുമുൻപ് ചിത്രീകരിച്ചതല്ല. 2026 മേയിൽ യമാലിന്റെ കുടുംബത്തിന്റെ ബാർബറാണ് ഈ ദൃശ്യങ്ങൾ ആദ്യമായി പങ്കുവെച്ചത്. കുട്ടി ഈ സ്റ്റൈൽ തിരഞ്ഞെടുത്തത് അർജന്റീനയെ പിന്തുണക്കാനാണെന്നതിന് യാതൊരു സ്ഥിരീകരണവുമില്ല. ലോകകപ്പിലുടനീളം സ്റ്റേഡിയത്തിലെത്തി ജ്യേഷ്ഠൻ ലാമിൻ യമാലിന് ആവേശത്തോടെ പിന്തുണ നൽകുന്ന കെയിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങളിലായി നടന്ന ചരിത്ര ലോകകപ്പിന്റെ കലാശക്കൊട്ടിനായി കാത്തിരിക്കുകയാണ് കായികലോകം. മത്സരത്തിന്റെ ആവേശത്തിന് പുറമെ, ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടക്കുന്ന വിസ്മയകരമായ സമാപന ചടങ്ങുകളും ഫൈനലിന്റെ മാറ്റ് കൂട്ടും. ഷക്കീര, ജസ്റ്റിൻ ബീബർ, മഡോണ, ബി.ടി.എസ് തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന വമ്പൻ ഹാഫ് ടൈം ഷോയും ഫൈനലിന്റെ ഭാഗമായി അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.