'റെക്കോഡിനേക്കാൾ എനിക്ക് വേണ്ടത് ഫൈനലായിരുന്നു'; ലോകകപ്പിലെ മികച്ച ഗോൾവേട്ടക്കാരനായിട്ടും നിരാശയോടെ എംബാപ്പെ

മയാമി: ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന സമാനതകളില്ലാത്ത ചരിത്ര നേട്ടം സ്വന്തമാക്കിയിട്ടും ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെക്ക് സന്തോഷിക്കാനാകുന്നില്ല. മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റ് ഫ്രാൻസ് മടങ്ങിയതോടെ, ഈ റെക്കോർഡിനേക്കാൾ തനിക്ക് പ്രധാനം ലോകകപ്പ് ഫൈനലിൽ കളിക്കുക എന്നതായിരുന്നുവെന്ന് എംബാപ്പെ തുറന്നുപറഞ്ഞു.

മയാമിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ നാലിനെതിരെ ആറ് ഗോളുകൾക്കാണ് ഇംഗ്ലണ്ട് ഫ്രാൻസിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെയാണ് എംബാപ്പെയുടെ ആകെ ലോകകപ്പ് ഗോളുകളുടെ എണ്ണം 22 ആയി ഉയർന്നത്. അർജന്റീനയുടെ ലയണൽ മെസ്സിയുടെ 21 ഗോളുകളുടെ റെക്കോർഡാണ് താരം മറികടന്നത്. സ്പെയിനിനെതിരായ കലാശപ്പോരാട്ടത്തിന് മെസ്സി ഇറങ്ങാനിരിക്കെയാണ് എംബാപ്പെ ഈ നേട്ടം സ്വന്തമാക്കിയത്. ഈ ലോകകപ്പിൽ മാത്രം 10 ഗോളുകളാണ് എംബാപ്പെ അടിച്ചുകൂട്ടിയത്.

ആദ്യ പകുതിയിൽ 4-0 എന്ന നിലയിൽ ഇംഗ്ലണ്ട് വ്യക്തമായ മേധാവിത്വം സ്ഥാപിച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ എംബാപ്പെയുടെ നേതൃത്വത്തിൽ ഫ്രാൻസ് അവിശ്വസനീയമായ തിരിച്ചുവരവിന് ശ്രമിച്ചു. എന്നാൽ ബുക്കായോ സാക്കയുടെ തകർപ്പൻ ഹാട്രിക്കിന്റെ കരുത്തിൽ ഇംഗ്ലണ്ട് ഫ്രഞ്ച് പടയെ പ്രതിരോധിച്ചു നിർത്തുകയായിരുന്നു.

സെമി ഫൈനലിൽ സ്പെയിനിനോട് 2-0 ന് പരാജയപ്പെട്ടതോടെയാണ് ഫ്രാൻസിന് ഫൈനൽ ടിക്കറ്റ് നഷ്ടമായത്. തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ടിറങ്ങിയ ഫ്രാൻസിന് ലൂസേഴ്സ് ഫൈനൽ കളിക്കേണ്ടി വന്നത് വലിയ നിരാശയാണ് സമ്മാനിച്ചത്.

'റെക്കോർഡല്ല, ഫൈനലായിരുന്നു പ്രധാനം'

"മെസ്സി ഗോൾ നേടും, അത് ഉറപ്പാണ്. എന്റെ ടീമിനെ വിജയിപ്പിക്കാൻ മാത്രമാണ് ഞാൻ ശ്രമിക്കുന്നത്. ലോകകപ്പിൽ ഒരുപാട് ഗോളുകൾ നേടുന്നത് സവിശേഷമായ ഒരു വിഭാഗത്തിൽ നമ്മെ എത്തിക്കും. എന്നാൽ, എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാകുന്നതിനേക്കാൾ നാളത്തെ ഫൈനൽ മത്സരത്തിൽ കളിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. ഇത് ചരിത്രത്തിന്റെ ഭാഗമാകുമെങ്കിലും നിലവിൽ എന്റെ മനസ്സിൽ സന്തോഷം തരുന്ന ഒന്നല്ല ഇത്." മൂന്ന് ലോകകപ്പുകളിലായി നടത്തിയ അവിശ്വസനീയ പ്രകടനത്തിലൂടെയാണ് എംബാപ്പെ ഈ റെക്കോർഡ് വേട്ട നടത്തിയത്.

* 2018 ലോകകപ്പ്: 4 ഗോളുകൾ (ഫ്രാൻസ് ചാമ്പ്യന്മാരായി)

* 2022 ലോകകപ്പ്: 8 ഗോളുകൾ (റണ്ണേഴ്സ് അപ്പ്)

* 2026 ലോകകപ്പ്: 10 ഗോളുകൾ (മൂന്നാം സ്ഥാനം)

നിലവിൽ ഈ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് റേസിലും എംബാപ്പെ തന്നെയാണ് മുന്നിൽ.

ഇംഗ്ലണ്ടിനെതിരായ തോൽവിയോടെ ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സിന്റെ 14 വർഷം നീണ്ട പരിശീലക കുപ്പായത്തിനും അന്ത്യമായി. ഫ്രാൻസിനെ തുടർച്ചയായ മൂന്ന് ലോകകപ്പ് സെമിഫൈനലുകളിലേക്കും രണ്ട് ഫൈനലുകളിലേക്കും നയിച്ച ശേഷമാണ് ദെഷാംപ്സ് പടിയിറങ്ങുന്നത്. വ്യക്തിഗത റെക്കോർഡുകൾ കരിയറിന് തിളക്കം കൂട്ടുമെങ്കിലും, രാജ്യത്തെ ഫൈനലിൽ എത്തിക്കാൻ കഴിയാത്തതിന്റെ സങ്കടത്തിലാണ് ഈ ഇരുപത്തിയേഴുകാരൻ.

Tags:    
News Summary - Mbappé's Historic Milestone Shadowed by World Cup Heartbreak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.