പ്രതിസന്ധികളോട് തോ(ൽ)ക്കാത്ത പെണ്ണുശിര്; ഏഷ്യൻ ഗെയിംസ് മെഡലിലേക്കുള്ള വിദർശയുടെ യാത്ര
കോഴിക്കോട്: രാജ്യത്തിന്റെ പ്രതീക്ഷകൾക്കുമേൽ ഉന്നംപിടിച്ച് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ആ പെൺകുട്ടി മത്സരിക്കുമ്പോൾ നാട് മുഴുവൻ പ്രാർഥനയിലായിരുന്നു. ഒടുവിൽ സൈലൻസർ ഘടിപ്പിച്ച റൈഫിളിൽ നിന്ന് വെടിയുണ്ട ലക്ഷ്യത്തിലേക്ക് കുതിച്ചുപാഞ്ഞതോടെ തിരുവമ്പാടി സ്വദേശിനി വിദർശ കെ. വിനോദ് ഷൂട്ടിങ്ങിൽ ഏഷ്യാഡ് മെഡൽ നേടുന്ന ആദ്യ കേരളക്കാരിയെന്ന ചരിത്രം കുറിച്ചു. ''എന്നെ വിവാഹം കഴിച്ചയക്കണ്ട...അച്ഛൻ എനിക്കായി എന്തെങ്കിലും സമ്പാദിക്കുന്നുണ്ടെങ്കിൽ അതെല്ലാം ഷൂട്ടിങ്ങിനായി മാറ്റി വെച്ചാൽ മതി''യെന്നാണ് ഒരിക്കൽ വിദർശ പിതാവ് വിനോദിനോട് പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഒരുഘട്ടത്തിൽ വിനോദ് മകളോട് ഷൂട്ടിങ് ഒഴിവാക്കി മറ്റെന്തെങ്കിലും നോക്കിക്കൂടെ എന്ന് ചോദിച്ച അവസരത്തിലായിരുന്നു അത്. അവളുടെ ഉറച്ച വാക്കുകൾ കൂടി കേട്ടപ്പോൾ എന്തുവിലകൊടുത്തും ഒപ്പം നിൽക്കാൻ ആ പിതാവ് തീരുമാനിച്ചു.
2018ൽ ബിരുദ പഠനത്തിന് ഗുരുവായൂരപ്പൻ കോളജിൽ എത്തിയതാണ് വിദർശയുടെ ജീവിതത്തിലെ വഴിത്തിരിവ്. കോളജിലെ എൻ.സി.സിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഷൂട്ടിങ് മത്സരത്തിൽ പങ്കെടുക്കാനും അവസരം ലഭിച്ചു. ആ മത്സരത്തിൽ മികച്ച സ്കോർ ലഭിച്ചതോടെ ഷൂട്ടിങ് കരിയറാക്കാൻ വിദർശ തീരുമാനിക്കുകയായിരുന്നു. മാതാപിതാക്കളും സമ്മതം മൂളി. എന്നാൽ തുടക്കക്കാർക്ക് വലിയ ചെലവേറിയ കായിക ഇനമാണ് ഷൂട്ടിങ് എന്ന് അന്നവർ തിരിച്ചറിഞ്ഞിരുന്നില്ല. കോഴിക്കോട് റൈഫിൾസ് ക്ലബിൽ അംഗത്വമെടുത്തതോടെ ചെറിയ മത്സരങ്ങൾക്ക് അവിടെ നിന്ന് റൈഫിൾ എടുക്കാൻ കഴിഞ്ഞു. സുഹൃത്തിന്റെ റൈഫിൾ ഉപയോഗിച്ചും മത്സരങ്ങളിൽ പങ്കെടുത്തു. മത്സരങ്ങളുടെ എണ്ണം കൂടിയതോടെ സ്വന്തമായി റൈഫിൾ ഇല്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നായി. ഒരു പ്രഫഷനൽ റൈഫിളിന് തന്നെ എട്ടുലക്ഷം രൂപ ചെലവുവരും. ജാക്കറ്റിനും ഷൂസിനും ലക്ഷങ്ങൾ വേറെയും. മാത്രമല്ല, ശരീരത്തിന്റെ ഫിറ്റ്നസ് നിലനിർത്തിയേ തീരൂ. ശരീരഭാരത്തിൽ മാറ്റം വന്നാൽ ജാക്കറ്റ് പാകമാകാതെ വരും. മകളുടെ ആഗ്രഹം വിനോദ് സാധിച്ചുകൊടുത്തു.
ഏഴുവർഷത്തിനിടെ മകളുടെ കായിക മത്സരത്തിനായി 50 ലക്ഷത്തിലേറെ തുക ചെലവായി. സ്ഥലം വിറ്റും വായ്പയെടുത്തും മറ്റുമാണ് ആ തുകയത്രയും സ്വരൂപിച്ചത്. കുടുംബത്തിനിപ്പോഴും ഏഴു ലക്ഷം രൂപയുടെ ബാങ്ക് വായ്പയുണ്ട്. ആദ്യകാലത്ത് അസമിലും ഡൽഹിയിലുമൊക്കെ മത്സരങ്ങൾ നടക്കുമ്പോൾ വിനോദിനും ഒപ്പംപോകേണ്ടി വരും. വിമാനടിക്കറ്റിനും താമസസൗകര്യത്തിനുമടക്കം ഒരുപാട് തുകയും ചെലവാകും. ആ കഷ്ടപ്പാടുകൾക്ക് ഒടുവിൽ ഫലം കണ്ടതായി നിറഞ്ഞ കണ്ണുകളോടെ വിനോദ് പറഞ്ഞു. എന്നെങ്കിലുമൊരിക്കൾ മകൾ മെഡൽ നേടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഒളിമ്പിക്സ് മെഡൽ ആണ് അവളുടെ ഏറ്റവും വലിയ സ്വപ്നമെന്നും ആ പിതാവ് കൂട്ടിച്ചേർത്തു. വിപിൻ പാലക്കാട് ആയിരുന്നു ആദ്യ കോച്ച്. മനോജ് കുമാർ (ഹരിയാന) ആണ് പ്രഫഷനൽ കോച്ച്. അനിതയാണ് അമ്മ. ഭർത്താവ് മനു എസ്. രവി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.