ഇന്ത്യൻ വനിത ടീം
ഏഷ്യൻ ഗെയിംസ്: ബംഗ്ലാദേശിനെതിരെ 114 റൺസിന് വിജയിച്ച് ഇന്ത്യൻ വനിതകൾ ഫൈനലിൽ
നഗോയ: ഏഷ്യൻ ഗെയിംസ് സെമിഫൈനലിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യൻ വനിത ടീം ഫൈനലിൽ പ്രവേശിച്ചു. 114 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കിയാണ് വനിതകൾ ഫൈനലിലെത്തിയത്. ഇന്ത്യ ഉയർത്തിയ 196 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശിനെ 81 റൺസിന് എറിഞ്ഞിടുകയായായിരുന്നു. ഫൈനലിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തിരുന്നു. 49 പന്തിൽ അപരാജിത സെഞ്ച്വറി നേടിയ ഷെഫാലി വർമയുടെ കരുത്തിലാണ് ടീം മികച്ച സ്കോർ നേടിയത്. ഷെഫാലി ഒമ്പത് സിക്സറുകളും മൂന്ന് ഫോറുകളുമടക്കം 100 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 33 പന്തിൽ 40 റൺസെടുത്തു. ഓപ്പണർ സ്‌മൃതി മന്ദാന 19 പന്തിൽ 27 റൺസും സ്കോർ ചെയ്തു. ബംഗ്ലാദേശിന് വേണ്ടി സഞ്ജിദ അക്തർ മേഘ്ല, റബേയ ഖാത്തൂൺ, മരുഫ അക്തർ, നഹിദ അക്തർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് ഓപ്പണർ ദിലാറ അക്തർ 23 പന്തിൽ 27 റൺസുമായി ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോൾ മറ്റാർക്കും കാര്യമായി സംഭാവന ചെയ്യാൻ സാധിച്ചില്ല. സുൽത്താന ഖാത്തൂൻ (എട്ട് പന്തിൽ 12), ശർമിൻ അക്തർ (20 പന്തിൽ പത്ത്) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ദീപ്തി ശർമയും നന്ദിനി ശർമയുമാണ് ബംഗ്ലാദേശ് ബാറ്റിങ് നിരയെ തകർത്തത്. ശ്രീ ചരണി രണ്ട് വിക്കറ്റും ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടീൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തിയതോടെ ഇന്ത്യ ഫൈനലിൽ പ്രവേശിക്കുകയായിരുന്നു. സെപ്‌റ്റംബർ 22ന് ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.