ടി20 റാങ്കിങ്: ഇന്ത്യയെ പിന്തള്ളി ഇംഗ്ലണ്ട് വീണ്ടും ഒന്നാമത്

അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ശ്രീലങ്കക്കെതിരായ ടി20 പരമ്പര 3-0ത്തിന് തൂത്തുവാരിയതോടെയാണ് ഇംഗ്ലണ്ട് ഇന്ത്യയെ പിന്തള്ളി റാങ്കിങ്ങിൽ വീണ്ടും തലപ്പത്തെത്തിയത്.

ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ടീം അടുത്തിടെ അഫ്ഗാനിസ്താനെതിരായ പരമ്പര 3-0ത്തിന് സ്വന്തമാക്കിയിരുന്നെങ്കിലും റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്താനായില്ല. 2026-ൽ ഇത് രണ്ടാം തവണയാണ് ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമാകുന്നത്. നേരത്തെ ഇന്ത്യയെ 4-0ത്തിന് പരാജയപ്പെടുത്തിയപ്പോഴും ഇംഗ്ലണ്ട് ഒന്നാമതെത്തിയിരുന്നു.

പുതിയ റാങ്കിങ് പ്രകാരം ഇന്ത്യക്കും ഇംഗ്ലണ്ടിനും 269 റേറ്റിങ് പോയിന്റുകളാണുള്ളത്. എന്നാൽ 64 മത്സരങ്ങളിൽ നിന്ന് 17,201 പോയിന്റുള്ള ഇന്ത്യയേക്കാൾ 41 മത്സരങ്ങളിൽ നിന്ന് 11,021 പോയിന്റുള്ള ഇംഗ്ലണ്ട് ശരാശരി കണക്കുകളുടെ അടിസ്ഥാനത്തിൽ മുന്നിലെത്തുകയായിരുന്നു. ഞായറാഴ്ച അവസാനിച്ച പരമ്പരയിൽ ഹാരി ബ്രൂക്കിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇംഗ്ലണ്ട് ലങ്കയെ സമ്പൂർണ്ണമായി പരാജയപ്പെടുത്തിയാണ് ഒന്നാം റാങ്ക് തിരിച്ചുപിടിച്ചത്.

ഹാരി ബ്രൂക്ക് വൈറ്റ് ബോൾ ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം തകർപ്പൻ ഫോമിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്. അദ്ദേഹത്തിന് കീഴിൽ ഇറങ്ങിയ 26 ടി20 മത്സരങ്ങളിൽ 23-ലും ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി. മറുവശത്ത്, നായകനെന്ന നിലയിൽ ശ്രേയസ് അയ്യരുടെ മോശം തുടക്കത്തിന് ശേഷം സിംബാബ്‌വെ, അഫ്ഗാനിസ്താൻ എന്നിവർക്കെതിരായ പരമ്പര വിജയങ്ങൾ ഇന്ത്യയ്ക്ക് വലിയ ആശ്വാസമായിരുന്നു.

ഈ വർഷം ആദ്യം മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന 2026 ടി20 ലോകകപ്പ് സെമിഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. അന്ന് സൂര്യകുമാർ യാദവ് നയിച്ച ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയും, പിന്നീട് ഫൈനലിൽ വിജയിച്ച് ലോകകപ്പ് കിരീടം നിലനിർത്തുകയും ചെയ്തിരുന്നു. നിലവിലെ ലോക ചാമ്പ്യന്മാരെയാണ് ഇംഗ്ലണ്ട് ഇപ്പോൾ റാങ്കിങ്ങിൽ പിന്നിലാക്കിയിരിക്കുന്നത്.

Tags:    
News Summary - India Lose No.1 Ranking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.