യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവുമായി മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ

ടൈംഡ് ഔട്ടാവാത്ത കായിക മുഹൂർത്തങ്ങൾ

വിവാദ ഗോദ

ഇന്ത്യൻ കായികരംഗത്തെ മാത്രമല്ല രാഷ്ട്രീയത്തെയും പൊതുസമൂഹത്തെയും പിടിച്ചു കുലുക്കി ഗുസ്തി ഫെഡറേഷനുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ. ഫെഡറേഷൻ പ്രസിഡന്റായിരുന്ന ബി.ജെ.പി ലോക്സഭാംഗം ബ്രിജ്ഭൂഷൺ ശരൺസിങ് ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടികളടക്കമുള്ള താരങ്ങൾ പരാതിപ്പെട്ടു. ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തിയ ഇവരെ പൊലീസ് കൈകാര്യം ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു.

ബ്രിജ്ഭൂഷൺ

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ ഗുസ്തി ഫെഡറേഷനിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോൾ ജയിച്ചതാവട്ടെ ബ്രി​ജ്ഭൂ​ഷ​ന്റെ അനുയായികളും. ഗോദ വിടുന്നതായി ഒളിമ്പിക് മെഡൽ ജേത്രി സാക്ഷി മാലിക് പ്രഖ്യാപിക്കുകയും താരങ്ങൾ ഖേൽ രത്ന, പത്മശ്രീ പുരസ്കാരങ്ങൾ തിരിച്ചു നൽകുകയും ചെയ്തു. പുതിയ കമ്മിറ്റിയെ സസ്പെൻഡ് ചെയ്തിരിക്കുകയാണ് കായിക മന്ത്രാലയം.

കിങ് സൗദി

പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് സൗദി അറേബ്യൻ ഫുട്ബാളിനെ ലോക തലത്തിലേക്കുയർത്തി. ലയണൽ മെസ്സിയെ സ്പോർട്സ് അംബാസഡറാക്കിയ ഭരണകൂടത്തിന്റെ അകമഴിഞ്ഞ പിന്തുണയിൽ സൗദി പ്രോ ലീഗ് ക്ലബ്ബുകൾ മുൻനിര താരങ്ങൾക്കായി വലവിരിച്ചു. ക്രിസ്റ്റ്യാനോക്ക് (അൽ നസ്ർ) പിന്നാലെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ (അൽ ഹിലാൽ), ഫ്രാൻസിന്റെ ലോക താരം കരീം ബെൻസേമ (അൽ ഇത്തിഫാഖ്), വിഖ്യാത സെനഗൽ ഫുട്ബാൾ സാദിയോ മാനേ (അൽ നസ്ർ) തുടങ്ങി 25ലധികം പ്രമുഖരായ അന്താരാഷ്ട്ര താരങ്ങൾ സൗദി ക്ലബുകൾക്കായി കളിക്കാൻ തുടങ്ങി.

സ്പാനിഷ് ലാ റോജ

വനിത ഫുട്ബാളിൽ ആദ്യമായി സ്പെയിൻ ലോക ജേതാക്കളായി. ഫിഫ ലോകകപ്പ് ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് ഇംഗ്ലണ്ടിനെയാണ് തോൽപിച്ചത്. കിരീടാഘോഷത്തിനിടെ താരത്തെ അനുമതിയില്ലാതെ ചുംബിച്ചതിന് സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലസിനെ ഫിഫ അച്ചടക്ക സമിതി ഫുട്ബാളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും മൂന്ന് വർഷത്തേക്ക് വിലക്കി.

മെസ്സി അമേരിക്കയിൽ

അർജന്റീനയുടെ നായകനും ഇതിഹാസ താരവുമായ ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജെർമെയ്ൻ വിട്ട് അമേരിക്കയിലേക്ക് കൂടുമാറി. മേജർ ലീഗ് സോക്കർ ക്ലബ്ബാ‍യ ഇന്റർ മയാമിയുടെ താരമാണ് ഇപ്പോൾ. 2022 ഫുട്ബാൾ ലോകകപ്പിൽ അർജന്റീനയെ ജേതാക്കളാക്കിയ മെസ്സി എട്ടാം തവണയും ഫിഫ ബാലൻ ഡിഓർ പുരസ്കാരത്തിന് അർഹനായി. ടൈം മാഗസിന്റെ 2023ലെ പ്ലെയർ ഓഫ് ദ ഇയറും മറ്റാരുമല്ല.

ഫൈവ് സ്റ്റാർ സിറ്റി

ക്ലബ് ഫുട്ബാളിലെ അഞ്ച് പ്രധാന കിരീടങ്ങൾ നേടി റെക്കോഡിട്ടു ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി. 2023ൽ യുവേഫ ചാമ്പ്യൻസ് ലീഗ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എഫ്.എ കപ്പ്, ഇംഗ്ലീഷ് സൂപ്പർ കപ്പ് എന്നിവയിൽ ജേതാക്കളായതിന് പിന്നാലെ ക്ലബ് ലോകകിരീടവും സിറ്റി സ്വന്തമാക്കി. ചരിത്രത്തിൽ മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണ് പെപ് ഗ്വാർഡിയോളക്ക് കീഴിൽ നീലപ്പട കൈപ്പിടിയിലൊതുക്കിയത്. ഗോളടിയന്ത്രം എർലിങ് ഹാലൻഡിന്റെ പ്രകടനം എടുത്തുപറയണം.


ഓ! സീസ്

ലോക ക്രിക്കറ്റിലെ രാജാക്കന്മാർ തങ്ങളാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു ആസ്ട്രേലിയ. ചരിത്രത്തിലാദ്യമായി ഇന്ത്യ തനിച്ച് വേദിയായ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ആതിഥേ‍യരെ ആറ് വിക്കറ്റിന് തോൽപിച്ചായിരുന്നു ഓസീസിന്റെ ആറാം കിരീടധാരണം. പാറ്റ് കമ്മിൻസിന് കീഴിൽത്തന്നെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലും ഇന്ത്യയെ തോൽപിച്ച് ജേതാക്കളായി കംഗാരുപ്പട. ചരിത്രപ്രസിദ്ധമായ ആഷസ് പരമ്പര നിലനിർത്തുകയും ചെയ്തു.

പിടിവിട്ട് ഇന്ത്യ

ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഒന്നാം റാങ്കിലെത്താൻ ഇന്ത്യക്ക് കഴിഞ്ഞു. ദക്ഷിണാഫ്രിക്കയാണ് (2012) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ്, ഏകദിന, ട്വന്റി20 റാങ്കിങ്ങിലെല്ലാം മുന്നിലെത്തിയ മറ്റൊരു ടീം. രോഹിത് ശർമ നയിച്ച ഇന്ത്യൻ സംഘം ഏഷ്യ കപ്പിൽ ജേതാക്കളായതടക്കം വിജയങ്ങളേറെ നേടിയെങ്കിലും ലോകകിരീടത്തിന്റെ പടിക്കൽ കാലിടറി. ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടി ടോപ് സ്കോററായത് വിരാട് കോഹ് ലിയാണ് - 765. വിക്കറ്റ് നേട്ടത്തിലും ഇന്ത്യക്കാരനായിരുന്നു മുന്നിൽ - മുഹമ്മദ് ഷമി (24).

മിന്നുംതാരങ്ങൾ

വനിത ക്രിക്കറ്റിൽ ഇന്ത്യക്ക് രണ്ട് ചരിത്ര വിജയങ്ങളുണ്ടായി. വനിത ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ലോക റെക്കോഡ് മാർജിനിലാണ് തകർത്തത്. 347 റൺസ്. പിന്നാലെ ആസ്ട്രേലിയയെ ടെസ്റ്റിൽ എട്ട് വിക്കറ്റിനും തോൽപിച്ചു. ഓസീസ് വനിതകൾക്കെതിരെ ഇന്ത്യ ടെസ്റ്റ് ജയിക്കുന്നത് ഇതാദ്യം. ഇന്ത്യയുടെ ട്വന്റി20 ടീമിൽ മലയാളി താരം മിന്നു മണി ഇടംനേടി കേരളത്തിന്റെ ചരിത്ര പുസ്തകത്തിലേക്ക് കയറി.

കോഹ് ലി 50

ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ച്വറികൾ നേടുന്ന താരമെന്ന റെക്കോഡ് ഇന്ത്യൻ ബാറ്റർ വിരാട് കോഹ് ലിക്ക്. ഇതിഹാസം സചിൻ ടെണ്ടുൽകറെ (49) പിറകിലാക്കി ന്യൂസിലൻഡിനെതിരെ നടന്ന ലോകകപ്പ് സെമി ഫൈനലിൽ 50ാം ശതകം കുറിച്ചു വിരാട്.

മാത്യൂസ് ഔട്ട്

ക്രിക്കറ്റിലെ ടൈംഡ് ഔട്ട് നിയമം വഴി പുറത്താവുന്ന ആദ്യ ബാറ്ററായി ശ്രീലങ്കയുടെ എയ്ഞ്ചലോ മാത്യൂസ്. ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിലായിരുന്നു പുറത്താവൽ. മുൻ ബാറ്റർ മടങ്ങി അടുത്തയാൾ നിശ്ചിത സമയത്തിനകം (സാധാരണ മൂന്ന് മിനിറ്റ്, ഇത്തവണത്തെ ലോകകപ്പിൽ രണ്ട് മിനിറ്റ്) ക്രീസിലെത്തി പന്ത് നേരിടാൻ തയാറാവണം എന്നാണ് നിയമം. മാത്യൂസ് വൈകിയതോടെ ബംഗ്ലാദേശ് താരങ്ങൾ ടൈംഡ് ഔട്ടിന് അപ്പീൽ ചെയ്തത് അംപയർ അംഗീകരിച്ചു.

ഏഷ്യാഡിൽ സെഞ്ച്വറി

ഇതാദ്യമായി ഏഷ്യൻ ഗെയിംസ് നേട്ടത്തിൽ സെഞ്ച്വറി പിന്നിട്ടു ഇന്ത്യ. 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവുമായി 107 മെഡലുകൾ. നാലാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഷൂട്ടിങ്ങിലായിരുന്നു ഏറ്റവും വലിയ മെഡൽക്കൊയ്ത്ത്, 22. പുരുഷ, വനിത ക്രിക്കറ്റിൽ ആദ്യമായി പങ്കെടുത്ത ഇന്ത്യൻ ടീമുകൾ സ്വർണവുമായി മടങ്ങി.

ഖേൽ രത്നങ്ങൾ

ബാഡ്മിന്റണിൽ ഇന്ത്യക്ക് ഏറ്റവുമധികം നേട്ടങ്ങൾ സമ്മാനിച്ച് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കുയർന്ന് സാത്വിക് സായിരാജ് രംഗിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വിസ് ഓപൺ, ഇന്തോനേഷ്യ ഓപൺ, കൊറിയ ഓപൺ തുടങ്ങിയവയിലും ജേതാക്കളായി. ഉന്നത കായിക ബഹുമതിയായ ഖേൽ രത്ന പുരസ്കാരം നൽകി രാജ്യം ഇവരെ ആദരിച്ചു.

മാക്സിമം വെഴ്സറ്റപ്പൻ

ഫോർമുല വൺ കാറോട്ട മത്സരത്തിൽ തുടർച്ചയായ മൂന്നാം തവണയും ലോക ചാമ്പ്യനായി ബെൽജിയൻ-ഡച്ച് ഡ്രൈവർ മാക്സ് വെഴ്സറ്റപ്പൻ. ഒരു സീസണിൽ ഏറ്റവുമധികം വിജയങ്ങളെന്ന റെക്കോഡും (19) റെഡ് ബുൾ ഡ്രൈവറായ വെഴ്സറ്റപ്പൻ നേടി. സീസണിൽ ഏറ്റവും കൂടുതൽ തുടർച്ചയായ വിജയങ്ങൾ (10), തുടർച്ചയായ ഏറ്റവും കൂടുതൽ പോയന്റുകൾ (1004), തുടർച്ചയായ ഏറ്റവും കൂടുതൽ ചാമ്പ്യൻഷിപ് പോയന്റുകൾ (575) എന്നിവയും സ്വന്തമാക്കി.

പ്രാഗ് വിസ്മയം

ഫിഡെ ചെസ് ലോകകപ്പിൽ നോർവെയുടെ മാഗ്നസ് കാൾസൻ കിരീടം നേടി. വാശിയേറിയ ഫൈനലിൽ ടൈബ്രേക്കറിലാണ് ഇന്ത്യയുടെ കൗമാര വിസ്മയം ആർ. പ്രഗ്നാനന്ദയെ തോൽപ്പിച്ചത്. ഫൈനലിലെ ആദ്യ രണ്ട് ഗെയിമുകളും സമനിലയിൽ കലാശിച്ചതോടെ മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കിൽ സമയത്തെ അടിസ്ഥാനമാക്കിയുള്ള അതിവേഗ ശൈലിയായ റാപ്പിഡ് ചെസിലായിരുന്നു കാൾസന്റെ ജയം. ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറിഞ്ഞ താരമായി 18കാരൻ പ്രാഗ്നാനന്ദ.

ഗോൾഡൻ ഹിസ്റ്ററി

ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് ചോപ്ര. പുരുഷ ജാവലിൻ ത്രോയിലായിരുന്നു ചരിത്രനേട്ടം. ഇടക്ക് ലോക റാങ്കിങ്ങിലും നീരജ് ഒന്നാ സ്ഥാനത്തേക്ക് കയറി നീരജ്.

ഉലകം ചുറ്റി അഭിലാഷ്

പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റുന്ന മത്സരമായ ഗോൾഡൻ ഗ്ലോബ് റേസ് പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമായി മലയാളി നാവികൻ അഭിലാഷ് ടോമി. ഫ്രാൻസിലെ ലെ സാബ്ലെ ദൊലാനിൽ നിന്ന് 'ബയാനത്ത്' എന്ന പായ് വഞ്ചിയിൽ യാത്ര തിരിച്ച അഭിലാഷ് എട്ട് മാസങ്ങൾക്ക് ശേഷം രണ്ടാമനായി തീരം തൊട്ടു. ദക്ഷിണാഫ്രിക്കന്‍ താരം കിര്‍സ്റ്റൻ ന്യൂഷാഫർ ആണ് കിരീടം നേടിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ വനിതയാണ് ന്യൂഷാഫർ.

ഗ്രാൻഡ് ദ്യോകോ

ഏറ്റവുമധികം ഗ്രാൻഡ് സ്ലാം ടെന്നിസ് കിരീടങ്ങളെന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കോഡിനൊപ്പമെത്തി സെർബി‍യൻ സൂപ്പർ താരം നൊവാക് ദ്യോകോവിച്- 24. ലോക ടെന്നിസ് റാങ്കിങ്ങിൽ ഒന്നാമനായി 400 ആഴ്ചകൾ പിന്നിട്ട ആദ്യ താരവുമായി.

Tags:    
News Summary - Untimed sports moments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.