ന്യൂസിലൻഡിനെതിരെ പുറത്തായി മടങ്ങുന്ന സഞ്ജു

‘സഞ്ജുവിന്റെ ഫോമിൽ ആശങ്ക വേണ്ട’; പിന്തുണയുമായി ബാറ്റിങ് പരിശീലകൻ

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലൻഡ് ട്വന്‍റി20 പരമ്പരയിലെ അവസാന മത്സരത്തിന് മുന്നോടിയായി മലയാളി താരം സഞ്ജു സാംസണ് പിന്തുണയുമായി ഇന്ത്യൻ ബാറ്റിങ് പരിശീലകൻ സിതാൻഷു കൊട്ടക് രംഗത്ത്. സഞ്ജുവിന്റെ ഫോമിനെക്കുറിച്ച് അധികം ആശങ്കപ്പെടേണ്ടതില്ലെന്നും ടീം മാനേജ്‌മെന്റിന് അദ്ദേഹത്തിൽ പൂർണ വിശ്വാസമുണ്ടെന്നും കൊട്ടക് വ്യക്തമാക്കി. തിരുവനന്തപുരത്ത് സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന അഞ്ചാം ടി20ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സഞ്ജു സഞ്ജു തന്നെയാണ്. എല്ലാവരും ആഗ്രഹിക്കുന്ന അത്രയും റൺസ് ഒരുപക്ഷേ അദ്ദേഹത്തിന് ഈ പരമ്പരയിൽ നേടാൻ കഴിഞ്ഞിട്ടുണ്ടാകില്ല. പക്ഷേ അത് കളിയുടെ ഭാഗമാണ്. ചിലപ്പോൾ തുടർച്ചയായ അഞ്ച് ഇന്നിങ്സുകളിൽ നിങ്ങൾ നന്നായി കളിച്ചേക്കാം, ചിലപ്പോൾ പരാജയപ്പെട്ടേക്കാം. സഞ്ജുവിന്റെ കഴിവ് എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം. അതിനാൽ കൂടുതൽ ഒന്നും പറയാനില്ല” -കൊട്ടക് പറഞ്ഞു.

സഞ്ജുവിനെ മാനസികമായി കരുത്തനായി നിലനിർത്തുക എന്നതാണ് പരിശീലക സംഘത്തിന്റെ പ്രധാന ദൗത്യമെന്ന് സിതാൻഷു കൊട്ടക് പറഞ്ഞു. സഞ്ജു കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ഉടൻ തന്നെ ഫോമിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽനിന്ന് 40 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. വിശാഖപട്ടണത്ത് നടന്ന നാലാം ടി20യിൽ 24 റൺസെടുത്ത് പുറത്തായിരുന്നു.

ലോകകപ്പിനു മുന്നോടിയായുള്ള പരമ്പരയിലെ സഞ്ജുവിന്റെ പ്രകടനം അല്പം ആശങ്കയുണ്ടാക്കുന്നതാണ്. കഴിഞ്ഞ പത്ത് ഇന്നിംഗ്‌സുകളിൽനിന്ന് 12.8 ശരാശരിയിൽ 128 റൺസ് മാത്രമാണ് താരം നേടിയത്. ലോകകപ്പിന് കേവലം ഒരാഴ്ച മാത്രം ശേഷിക്കേ, ടീമിലെ സ്ഥാനം നിലനിർത്താൻ സഞ്ജുവിന് ഇന്നത്തെ മത്സരം നിർണായകമാണ്. ഇഷാൻ കിഷൻ മികച്ച ഫോമിൽ തുടരുന്നതും തിലക് വർമ പരിക്കുമാറി തിരിച്ചെത്തുന്നതും സഞ്ജുവിന് മേൽ സമ്മർദം വർധിപ്പിക്കുന്നുണ്ട്.

Tags:    
News Summary - Sanju Samson | India vs New Zealand | 5th T20I | T20 World Cup 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.