സഞ്ജുവിന് ‘വഴിയൊരുക്കി’ സൂര്യകുമാർ! തിരുവനന്തപുരത്ത് ആരാധകരുടെ ആവേശത്തിലേക്ക് പറന്നിറങ്ങി ഇന്ത്യൻ ടീം; ഇനി കളി കാര്യവട്ടത്ത്

തിരുവനന്തപുരം: അന്താരാഷ്ട്ര ക്രിക്കറ്റ് പോരാട്ടത്തിന്റെ ആവേശമുയർത്തി ഇന്ത്യ-ന്യൂസിലാൻഡ് ടീമുകൾ കേരളത്തിന്റെ തലസ്ഥാന നഗരിയിലെത്തി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന മത്സരത്തിനായി എത്തിയ ഇരു ടീമുകൾക്കും വിമാനത്താവളത്തിൽ ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്.

സഞ്ജു സാംസണിന്റെ സാന്നിധ്യം വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. ഇന്ത്യ-ന്യൂസിലൻഡ് ട്വന്‍റി20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരമാണ് ശനിയഴ്ചത്തേത്. പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ എത്തിയ താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ ടി. അജിത്ത് കുമാറിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു. വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് വന്ന സഞ്ജുവിനായി ആരാധകർ ആർപ്പു വിളിച്ചു. ഇതോടെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ‘വഴിയൊരുക്കിയാണ്’ സഞ്ജുവിനെ സ്വീകരിച്ചത്.

പരമ്പരയിലെ അവസാന മത്സരത്തിൽ സ്വന്തം നാട്ടിൽ ബാറ്റിങ്ങിൽ ഫോം കണ്ടെത്തി ലോകകപ്പിന് ഒരുങ്ങാനാണ് സഞ്ജുവും ലക്ഷ്യമിടുന്നത്. സഞ്ജുവിന്റെ സാന്നിധ്യവും ലോകകപ്പ് മുന്നൊരുക്കങ്ങളും മത്സരത്തിന്റെ മാറ്റുകൂട്ടുന്നുണ്ട്. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം കനത്ത സുരക്ഷാ വലയത്തിലാണ് താരങ്ങളെ താമസസ്ഥലത്തേക്ക് എത്തിച്ചത്. ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലൻഡ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, ഹോട്ടലുകൾ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മത്സരം സുഗമമായി നടത്തുന്നതിനായി ജില്ല ഭരണകൂടവും പൊലീസും കേരള ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി വിപുലമായ തയാറെടുപ്പുകളാണ് പൂർത്തിയാക്കിയിരിക്കുന്നത്.

Tags:    
News Summary - Indian team at Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.