സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ എത്തിയ ദുബൈയിലെ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ വിദ്യാർഥിനികൾ അധ്യാപിക ഹഫ്സയോടൊപ്പം

ചരിത്രവും കടലും കടന്ന് പെൺപട; വിദേശത്ത് പഠിക്കുന്ന വിദ്യാർഥിനികൾ കായികമേളക്കെത്തുന്നത് ആദ്യം...

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ കടൽ കടന്നെത്തിയ ത്രില്ലിലാണ് യു.എ.ഇയിലെ ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ അഞ്ച് വിദ്യാർഥിനികൾ. ചരിത്രത്തിലാദ്യമായാണ് വിദേശത്തുനിന്നുള്ള പെൺകുട്ടികൾ കേരള സ്കൂൾ കായികമേളയുടെ ഭാഗമാകുന്നത്. ഐഷ നവാസ്, സന ഫാത്തിമ, ശൈഖ അലി, നജ ഫാത്തിമ, തമന്ന ഫാത്തിമ എന്നിവരാണ് സംഘത്തിലുള്ളത്. തലസ്ഥാനത്തെത്തിയപ്പോൾ ലഭിച്ച സ്വീകരണത്തിൽ ഞെട്ടിയിരിക്കുകയാണ് സംഘാംഗങ്ങൾ. ‘‘ഇത്രയുമൊന്നും ഞങ്ങൾ പ്രതീക്ഷിച്ചില്ല.

അന്താരാഷ്ട്ര താരങ്ങളെപ്പോലെയാണ് വിദ്യാഭ്യാസ മന്ത്രിയൊക്കെ നേരിട്ടെത്തി സ്വീകരിച്ചത്. പത്രത്തിലും ടി.വിയിലും മാത്രം കണ്ടിരുന്ന സാറിനെ നേരിൽ കണ്ടപ്പോൾ തന്നെ ‘കിളിപോയി’. ഇനി മെഡലുകൂടി അടിച്ചിട്ട് വേണം തിരികെ മടങ്ങാൻ’’- ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ മത്സരിക്കുന്ന ഐഷ നവാസ് പറയുന്നു. അഞ്ചുപേരും അത്‍ലറ്റിക്സിലാണ് ഇറങ്ങുന്നത്. സ്കൂളിലെ ഫുട്ബാൾ, ത്രോബാൾ താരങ്ങളുമാണിവർ. തുടർച്ചയായ രണ്ടാം വർഷമാണ് ഗൾഫിൽ കേരള സിലബസിൽ പഠിക്കുന്ന കുട്ടികൾ ഏഷ്യയിലെ ഏറ്റവും വലിയ കായികമേളയിൽ മത്സരിക്കാനെത്തുന്നത്.

ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ ദുബൈ, ഗൾഫ്‌ മോഡൽ സ്‌കൂൾ ദുബൈ, മോഡൽ പ്രൈവറ്റ്‌ സ്‌കൂൾ അബൂദബി, ഇന്ത്യൻ സ്‌കൂൾ ഫുജൈറ, ദി ഇന്ത്യൻ പ്രൈവറ്റ്‌ സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള നൂറോളം കുട്ടികൾ പങ്കെടുത്ത സെലക്ഷൻ ട്രയൽസിൽനിന്നാണ് അഞ്ച് പെൺകുട്ടികളടക്കം 39 പേരെ തിരഞ്ഞെടുത്തത്. ഇവരിൽ ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ മാനേജ്മെന്‍റ് മാത്രമാണ് പെൺകുട്ടികളെ പങ്കെടുപ്പിക്കാൻ താൽപര്യം കാണിച്ചത്. എട്ട് അധ്യാപകരിൽ നിംസ് ദുബൈയിലെ സ്‌പോർട്സ് കോഓഡിനേറ്റർ ഹഫ്സത്താണ് അധ്യാപകർക്കിടയിലെ ഏക വനിത.

ഗെയിംസിൽ ആരുടെ ഗുമ്മ്?

തിരുവനന്തപുരം: 67ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമാകുമ്പോൾ പൊന്നുവാരാൻ തലസ്ഥാനവും തിരിച്ചടിക്കാൻ തൃശൂരും മലപ്പുറവും പാലക്കാടും തയാറായിക്കഴിഞ്ഞു. കഴിഞ്ഞ വർഷം കൊച്ചിയിൽ നടന്ന പ്രഥമ ഒളിമ്പിക്സ് പതിപ്പിൽ ഗെയിംസ് ഇനത്തിൽ സമ്പൂർണ ആധിപത്യം നേടിയാണ് തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായത്. മറ്റ് ജില്ലകളെ ഏഴയലത്തുപോലും അടുപ്പിക്കാതെയായിരുന്നു തലസ്ഥാനത്തിന്‍റെ കുതിപ്പ്. ഗെയിംസ് ഇനങ്ങളിൽ മാത്രം 227 സ്വർണമടക്കം 1935 പോയന്‍റാണ് തിരുവനന്തപുരം വാരിക്കൂട്ടിയത്.

നീന്തൽ കുളത്തിൽനിന്നാണ് തിരുവനന്തപുരം കൂടുതൽ സ്വർണം മുങ്ങിയെടുത്തത്. ഈ വർഷം 117.5 പവന്‍റെ സ്വർണക്കപ്പ് പിടിക്കാൻ 1300 കായികതാരങ്ങളെയാണ് തിരുവനന്തപുരം കായികമേളക്ക് ഇറക്കുന്നത്. ഗെയിംസ് ഇനങ്ങളിൽ മാത്രം 805 പേരാണ് ഇറങ്ങുക. കഴിഞ്ഞ തവണ പോയന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായ തൃശൂർ ഇക്കുറി 1500 പേരുമായാണ് എത്തുന്നത്. കഴിഞ്ഞ വർഷം കൊച്ചിയിൽ നേടിയ 80 സ്വർണത്തിൽ 73 ഉം ഗെയിംസ് ഇനങ്ങളിലാണ്. 940 താരങ്ങളാണ് ഗെയിംസ് ഇനത്തിൽ ഈ വർഷം തൃശൂരിനായി ഇറങ്ങുന്നത്. ഇവർക്ക് ഒപ്പം പിടിക്കാൻ പാലക്കാടും കണ്ണൂരും മലപ്പുറവും എറണാകുളവും ശക്തന്മാരെ തന്നെയാണ് കളത്തിലിറക്കുന്നത്.

Tags:    
News Summary - Students studying abroad first time to participate School Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.