ഗിരിദീപം ട്രോഫി ബാസ്കറ്റ്ബാളിൽ സീനിയർ ആൺകുട്ടികളിൽ ചാമ്പ്യന്മാരായ സെന്‍റ് ജോസഫ് തിരുവനന്തപുരം
കോഴിക്കോട്: 32ാമത് ഗിരിദീപം ട്രോഫി ബാസ്കറ്റ്ബാൾ ടൂർണമെന്‍റിന്‍റെ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്‍റ് ജോസഫ് തിരുവനന്തപുരവും പെൺകുട്ടികളുടെ വിഭാഗത്തിൽ പ്രോവിഡൻസ് കോഴിക്കോടും ചാമ്പ്യന്മാരായി. ബാസ്കറ്റ്ബാൾ ജൂനിയർ, സബ് ജൂനിയർ വിഭാഗത്തിൽ ആതിഥേയരായ ഗിരിദീപം ജേതാക്കളായി. കിഡ്‌സ് വിഭാഗത്തിൽ എ.കെ.എം ചങ്ങനാശ്ശേരി വിജയികളായി.
വോളിബാളിൽ ആതിഥേയരായ ഗിരിദീപം 25:23, 25:15, 21:25, 25:22 എന്ന സ്കോറിന് സെന്‍റ് പീറ്റേഴ്‌സ് കോലഞ്ചേരിയെ പരാജയപ്പെടുത്തി കിരീടം നേടി. സീനിയർ ആൺകുട്ടികളുടെ ഫൈനലിൽ സെന്‍റ് ജോസഫ്‌സ് തിരുവനന്തപുരം ഗിരിദീപം കോട്ടയത്തെ 67-57 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. സെന്‍റ് ജോസഫ്സിനുവേണ്ടി യുവേഷ് 31 പോയന്‍റ് നേടി മിന്നുന്ന പ്രകടനം നടത്തി. ഗിരിദീപത്തിനുവേണ്ടി ഹരി റെജി 24 പോയന്‍റ് നേടി. ടൂർണമെന്‍റിലെ മികച്ച കളിക്കാരനായി സെന്‍റ് ജോസഫിന്‍റെ യുവേഷും ഭാവി വാഗ്ദാനമായി ഗിരിദീപത്തിന്റെ ഹരി റെജിയെയും തെരഞ്ഞെടുത്തു.
പെൺകുട്ടികളുടെ ഫൈനലിൽ പ്രോവിഡൻസ് കോഴിക്കോട് 53-32 എന്ന സ്കോറിനാണ് ലിറ്റിൽ ഫ്ലവർ കൊരട്ടിയെ തോൽപിച്ചത്. മികച്ച കളിക്കാരിയായി പ്രോവിഡൻസ് കോഴിക്കോടിന്റെ കെ. ആർത്തിക, ഭാവി വാഗ്ദാനമായി ലിറ്റിൽ ഫ്ലവർ കൊരട്ടിയുടെ അഥീന മറിയം ജോൺസൺ എന്നിവരെ തെരഞ്ഞെടുത്തു. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഗിരിദീപം കോട്ടയം 46-35ന് എ.കെ.എം ചങ്ങനാശേരിയെ പരാജയപ്പെടുത്തി. മികച്ചകളിക്കാരനായി ഗിരിദീപത്തിലെ ഡീയോൺ ബെന്നിയും ഭാവി വാഗ്ദാനമായി എ.കെ.എം ചങ്ങനാശേരിയുടെ ക്രിസോ സോണിയെയും തെരഞ്ഞെടുത്തു.
സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഗിരിദീപം കോട്ടയം 66-59ന് സെന്റ് ജോസഫ് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി കിരീടം നേടി. മികച്ചകളിക്കാരനായി ഗിരിദീപത്തിലെ അഭിനവ് സുരേഷ്, ഭാവി വാഗ്‌ദാനമായി സെന്‍റ് ജോസഫ് തിരുവനന്തപുരത്തിന്‍റെ ജോയൽ ജോസിനെയും തെരഞ്ഞെടുത്തു. ആൺകുട്ടികളുടെ കിഡ്ഡീസ് വിഭാഗത്തിൽ എ.കെ.എം സ്‌കൂൾ 44-40ന് ഗിരിദീപത്തെ പരാജയപ്പെട്ടുത്തി. മികച്ച കളിക്കാരനായി എ.കെ.എം സ്‌കൂളിലെ എം. അഭിമന്യു, ഭാവിവാഗ്‌ദാനമായി ഗിരിദീപത്തിലെ ഫിലിപ്സൺ മനോജ് എന്നിവരെ തെരഞ്ഞെടുത്തു.
വോളിബാളിൽ ബെസ്റ്റ് ലിബറോ -ദേവാനന്ദ്, ബെസ്റ്റ് സെറ്റർ -സിഡാൻ മുഹമ്മദ്, ബെസ്റ്റ് അറ്റാക്കർ -ജയക് ഷിനോയി, ബെസ്റ്റ് ബ്ലോക്കർ -സെന്‍റ് പീറ്റേഴ്‌സ് കേഴഞ്ചെരിയുടെ സചിൻ എന്നിവരെ തെരഞ്ഞെടുത്തു. സമാപന സമ്മേളനത്തിൽ ഗിരിദീപം സ്ഥാപനങ്ങളുടെ ഡയറക്‌ടർ റവ. ഫാ. മാത്യു ഏബ്രഹാം മോഡിയിൽ ഒ.ഐ.സി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
റവ. ഫാ. തോമസ് പ്രശോബ് ഒ.ഐ.സി, റവ. ഫാ. സത്യൻ തോമസ് ഒ.ഐ.സി (പ്രിൻസിപ്പൽ ഗിരിദീപം സെൻട്രൽ സ്കൂൾ), റവ. ഫാ. സൈജു കുര്യൻ ഒ.ഐ.സി (പ്രിൻസിപ്പൽ ഗിരിദീപം ഹയർ സെക്കൻഡറി സ്കൂൾ), റവ. ഫാ. റോബിൻ ഈട്ടിത്തടത്തിൽ ഒ.ഐ.സി (ഡയറക്‌ടർ ഗിരിദീപം കോളേജ്) എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.