ലക്ഷദ്വീപ് കായികമേഖല നേരിടുന്ന വെല്ലുവിളികളും പരിഹാരവും

ടർഫ്  ഗ്രൗണ്ട് പോലുമില്ലാത്ത നാട്ടിൽ നിന്ന് 2017ൽ ചരിത്രത്തിലെ ആദ്യത്തെ ദേശീയ ടൂർണമെന്‍റിന്​ പോയപ്പോൾ പലരും ഞെറ്റി ചുളിച്ചു. ലക്ഷ്വദീപ് ഫുട്ബാൾ ടീമിലുള്ളവരാരും പ്രൊഫഷണൽ കളിക്കാർ ​പോലും ആയിരുന്നില്ല. മീൻപിടിത്തക്കാരും പോലീസുകാരും കട നടത്തുന്നവരും വിദ്യാര്ഥികളുമടങ്ങുന്ന ടീമിന്റെ പ്രകടന സാധ്യതയെപ്പറ്റി കരയിലെ മാധ്യമങ്ങൾ ആദ്യം സംശയിച്ചു. പിന്നെ പോരിശയെഴുതി നിറച്ചു. കാരണമുണ്ട്. ചരിത്രത്തിലാദ്യമായി ദ്വീപിന് ഫുട്ബാൾ ടീമുണ്ടായതാണ് അക്കൊല്ലം. മാത്രമാണ്​ ടൂർണമെന്റിന് കപ്പൽ കയറുന്നതിന് രണ്ടാഴ്ച മുൻപ് മാത്രമാണ് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനിൽ അംഗത്വമെടുത്തത്.

അങ്ങനെതട്ടിക്കൂട്ടി കരയിലെത്തിയിട്ട് സന്തോഷ് ട്രോഫി യോഗ്യതാമത്സരത്തിൽ കെ പി ഉമ്മറിന്റെ എതിരില്ലാത്ത ഒറ്റ ഗോളിന് തെലങ്കാനയെ തറപറ്റിച്ചുകളഞ്ഞു ദ്വീപിലെ കുട്ടികൾ. പതിറ്റാണ്ടുകളുടെ പാരമ്പര്യവും പകിട്ടുമുള്ള വമ്പന്മാരോട് കുറെ മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടും ആകെ ആറു ഗോൾ ആണ് ദ്വീപ് ടീം വഴങ്ങിയത്. സന്തോഷ് ട്രോഫിയിൽ ലക്ഷദ്വീപ് ടീം അഭിമാനകരമായ വേറെയും നേട്ടങ്ങൾ കൊയ്തിട്ടുണ്ട്. എത്രയോ കാലത്തെ കളിപാരമ്പര്യവും ആധുനിക പരിശീലന സൗകര്യങ്ങളുമുള്ള മധ്യപ്രദേശ് എന്ന വൻസംസ്ഥാനത്തെ 5-0 എന്ന അവിശ്വസനീയമായ സ്‌കോറിൽ നമ്മുടെ ചുണക്കുട്ടികൾ തറപറ്റിച്ചിട്ടുണ്ട് എന്നറിയാമോ?. ആ കളിയിലായിരുന്നു ഷഫീഖ് ഡി.ഡി.യുടെ ബൂട്ടുകളിൽ ദ്വീപിലെ ആദ്യത്തെ ഹാട്രിക്ക് പിറന്നത്. മൂന്നുവർഷം മുമ്പ് അഖിലേന്ത്യാ സിവിൽ സർവീസ് സ്വിമ്മിങ് മത്സരങ്ങളിൽ ലക്ഷദ്വീപ് ആയിരുന്നു ചാമ്പ്യൻ. കഴിഞ്ഞ വർഷത്തെ ദക്ഷിണമേഖല ദേശീയ അത്​ലറ്റിക്​സ്​ ചാമ്പ്യൻഷിപ്പിൽ സ്വർണമുൾപ്പെടെയുള്ള മെഡലുകൾ ദ്വീപുകാർക്ക്‌ കിട്ടിയിട്ടുണ്ട്. ദ്വീപുകാർ പക്ഷെ ഈ വിശേഷങ്ങളൊന്നും വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു, അധികാരികൾ ഉൾപ്പെടെ. ദ്വീപ്​ സ്പോർട്​സ്​ മേഖല ഉണർവില്ലാതെ കിടക്കുന്നതിന്​ പല കാരണങ്ങളുണ്ട്​. 


ലക്ഷദ്വീപിലെ കായികരംഗം ഇപ്പോഴും പിച്ച വെച്ചുതുടങ്ങിയ ദശയിലാണ് എന്നു പറയാം. നിരവധി പ്രതിസന്ധികളാണ് ലക്ഷദ്വീപ് കായികമേഖല നേരിടുന്നത്. പ്രതിസന്ധികൾ എല്ലാം ഏറെക്കുറെ നിസാരമായതാണെങ്കിലും അതിന് വേണ്ടത്ര പരിഗണന നൽകാത്തതാണ് പ്രധാനപ്രശ്നം. കോച്ചുമാരുടെ അഭാവവും പരിശീലന സൗകര്യക്കുറവുമാണ് പ്രധാനപ്രശ്നങ്ങൾ. ഇതിനു പുറമെ ശാസ്ത്രീയമായ രീതിയിൽ നല്ല സെലക്ഷൻ നടത്തുവാൻ സാധിക്കുന്നില്ല എന്നുള്ളതും പ്രതിസന്ധി സൃഷ്​ടിക്കുന്നു. അധികൃതരും ബന്ധപ്പെട്ടവരും മനസ്സുവെച്ചാൽ പരിഹരിക്കാവുന്നതാണ് മിക്ക പ്രശ്‌നങ്ങളും എന്ന് ഈ മേഖലയെപ്പറ്റി പഠിച്ചാൽ വ്യക്തമാവും. വാസ്തവത്തിൽ, കരയിലെ കുട്ടികൾക്കുള്ളതിനേക്കാൾ ശാരീരികക്ഷമതയും ശേഷിയും പ്രതിഭയും പ്രകടിപ്പിക്കാറുണ്ട് ലക്ഷദ്വീപിലെ കുട്ടികൾ എന്ന് പരിശീലകരായി കരയിൽ നിന്നുവന്ന നിരവധി അധ്യാപകരും കരയിൽ അനുഭവങ്ങളുള്ള വിദഗ്ധരും സാക്ഷ്യപ്പെടുത്തിയതാണ്. നമ്മുടെ പ്രതിഭയെ വേണ്ടത്ര ശ്രദ്ധിക്കാനും വളർത്താനും ശ്രമിക്കുക എന്നതാണ് ഒന്നാമതായി ചെയ്യാനുള്ളത്.

അടുത്ത കാലത്തായി ചില അസോസിയേഷനുകൾ പ്രവർത്തിച്ച് തുടങ്ങുകയും അത്​ലറ്റിക്​സ്​, സ്വിമ്മിങ്​, ഫുട്ബോൾ എന്നിവയിൽ ദേശീയ മത്സരങ്ങൾ പങ്കെടുത്തു തുടങ്ങുകയും ചരിത്രത്തിൽ ആദ്യമായി മെഡലുകൾ കരസ്ഥമാക്കുകയും ചെയ്തു എന്നത് ഏറെ സന്തോഷകരമായ കാര്യങ്ങളാണ്. എന്നാൽ ഈ നേട്ടങ്ങൾ കരസ്ഥമാക്കിയത് നിരന്തരവും കഠിനവുമായ പരിശീലനത്തിന്‍റെ ഫലമായിട്ടാണ് എന്ന്​ പൂർണമായും പറയാനാകില്ല. കാരണം ദ്വീപുകളിൽ നിരന്തരമായ പരിശീലനങ്ങൾ നടത്തുക എന്നുള്ളതാണ് ഏറ്റവും വലിയ പരിമിതി.


അറബിക്കടലിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന 10 ദ്വീപുകൾക്കും കൂടി നിലവിൽ ഉള്ളത് വളരെ കുറവ് കോച്ചുമാരാണ്. ഫുട്​ബാളിന് രണ്ടും അത്​ലറ്റിക്സ്, സ്വിമ്മിങ്​, വോളിബോൾ എന്നിവയ്ക്ക് ഓരോ കോച്ചു വീതവുമാണ് ഉള്ളത്. ഇവർക്ക് 10 ദ്വീപുകളിൽ പോയി പരിശീലനം നടത്തണം, ദ്വീപുതല മത്സരങ്ങൾ സംഘടിപ്പിക്കണം, ദേശീയ മത്സരങ്ങൾക്കുള്ള ടീമിനെ സജ്ജമാക്കണം, അതിനുള്ള പരിശീലനത്തിന്​ ശേഷം അവരെ ദേശീയമത്സരങ്ങളിൽ പങ്കെടുപ്പിക്കണം. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാൽ ഒരു കോച്ചിന് എല്ലാ ദ്വീപുകളിലും പോയി പരിശീലനം നടത്തണമെങ്കിൽ രണ്ട് വർഷമെങ്കിലും വേണ്ടിവരും.

നിലവിൽ അത്​ലറ്റിക്സ് 2, ഫുട്ബാൾ 2, സ്വിമ്മിംഗ് 2, വോളിബോൾ 2, ക്രിക്കറ്റ് 1, ബാഡ്മിൻറൺ 1 എന്നിങ്ങനെ കോച്ചുമാർ പഠിച്ചിറങ്ങിയത് കൊണ്ട് കോച്ചിംഗ് മേഖലക്ക് വലിയ ആശ്വാസമാണെങ്കിലും ഇവർക്ക് ദ്വീപുകളിൽ കോച്ചാവാനുള്ള അവസരമില്ല. അതേസമയം ഇവരെല്ലാവരും അസോസിയേഷനുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവർക്ക് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നൽകാനുള്ള പ്രാപ്തി അസോസിയേഷനുകൾക്ക് ഇല്ല. യാതൊരു വിധ വേതനങ്ങളും പറ്റാതെയാണ് ഇവർ ജോലി ചെയ്ത് കൊണ്ടിരിക്കുന്നത് എന്ന് ചുരുക്കം. ഒരു കോച്ചുപോലും ഇല്ലാത്ത ഒരു സ്റ്റേറ്റ് സ്പോർട്സ് കൗണ്സിൽ ഇന്ത്യയിൽ ഉണ്ടെങ്കിൽ അത് ലക്ഷദ്വീപിലെ സ്റ്റേറ്റ് സ്പോർട്സ് കൗണ്സിൽ മാത്രമായിരിക്കും.

ജനസംഖ്യ തീരെ കുറവായ ലക്ഷദ്വീപിൽ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് സെലക്ഷനുകൾ നടക്കുന്നത് എന്നാൽ വെറും 30 ൽ താഴെ ശതമാനം കുട്ടികൾ മാത്രമേ ഇതിൽ പങ്കെടുക്കാറുള്ളൂ. ഇതിനുള്ള കാരണങ്ങൾ പലതാണ്. ദ്വീപുകളിൽ സ്കൂൾ പഠനം കഴിഞ്ഞിട്ടെ മറ്റെന്തുമുള്ളൂ. മത്സരത്തിലോ പരിശീലനത്തിലോ പങ്കെടുക്കുന്നത് കാരണം ക്ലാസുകൾ നഷ്ടപ്പെടുത്തിക്കൂടാ. അത് വലിയ അപരാധമാണ് എന്നാണ് അധ്യാപകരും രക്ഷിതാക്കളും കുട്ടികളെ ധരിപ്പിച്ചിരിക്കുന്നത്. പിന്നെ യാഥാസ്ഥിക കുടുംബങ്ങളിൽ ഉള്ളവർ കഴിവുണ്ടെങ്കിലും പെൺകുട്ടികളെ ഗ്രൗണ്ടിലേക്ക് വിടാത്ത പതിവുമുണ്ട്​. കൂടാതെ പരിശീലന സമയവും ഇതിനെ ബാധിക്കുന്നുണ്ട്. രാവിലെ 9 മണി മുതൽ ക്ലാസ് ആരംഭിക്കുമ്പോൾ 8 മണിക്ക് പരിശീലനം നിർത്തിവെക്കേണ്ടി വരും.

വൈകീട്ട് 4.45ന് ആണ് സ്കൂൾ വിടുന്നത്. കുട്ടികൾ വീട്ടിൽ പോയി തിരിച്ച് ഗ്രൗണ്ടിൽ എത്തുമ്പോൾ 5.30 ആവും. പിന്ന ഒരു മണിക്കൂർ മാത്രമാണ് പരിശീലനത്തിന് കിട്ടുന്ന സമയം. പതിനാല് വയസിനു താഴെയുള്ള കുട്ടികൾ ആണെങ്കിൽ രാവിലെ മദ്രസയും ഉണ്ടാവും. ഇത്തരം കാര്യങ്ങൾ പരിശീലനത്തെ സാരമായി ബാധിക്കുന്നുണ്ട്. സ്പോർട്സിന്‍റെ പ്രാധാന്യത്തെക്കുറിച്ചും തൊഴിൽ ഉൾപ്പെടെയുള്ള കരിയർ അവസരങ്ങളെക്കുറിച്ചുമുള്ള ബോധവൽക്കരണം അനിവാര്യമാണ്. ഈ മേഖലക്ക് പ്രത്യേക പരിഗണനയോ പ്രോത്സാഹനമോ നൽകാത്തത് കൊണ്ടാണ് രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ കളികളിലേക്ക് അയക്കാൻ വിസമ്മതിക്കുന്നതും കളിക്കാൻ ഇറങ്ങിയാൽ എന്തെങ്കിലും ലഭിക്കുമോ എന്ന് ചോദിക്കാറുള്ളതും.


കൃത്യമായ മത്സരങ്ങളോ മത്സരക്രമങ്ങളോ ഇല്ലാത്തതാണ് മറ്റൊരു പരിമിതി. നിലവിൽ ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് മാത്രമാണ് കൃത്യമായി നടത്തിവരാറുള്ളത്. നേരത്തെ വളരെ വിപുലമായും ആകർഷകമായ സമ്മാന തുകകളോടെയും സ്പോർട്സ് ഫെസ്റ്റിവൽ നടത്തിവരാറുണ്ടായിരുന്നു. നാലു വർഷം മുമ്പ് അതും നിർത്തലാക്കി. കഴിഞ്ഞ ഏഴെട്ട് വർഷമായി അത്​ലറ്റിക്സ്, സ്വിമ്മിങ്​ എന്നിവക്ക് ലക്ഷദ്വീപിൽ മത്സരങ്ങളേ നടക്കുന്നില്ല എന്നത് സങ്കടകരമാണ്. ഇത്രയേറെ പ്രതിഭകളെയാണ് നമ്മൾ ഇതിനകം പാഴാക്കിക്കളഞ്ഞിട്ടുണ്ടാവുക.

കായികസംഘടനകൾ സ്വയം പര്യാപ്തമാവാത്തതാണ് മറ്റൊരു പ്രധാനപ്രശ്നം. ഏതാനും വർഷങ്ങൾക്ക് മുമ്പ് രൂപം കൊണ്ട സംഘടനകൾക്ക് ഇതുവരെയായി ഓഫീസുകളോ പ്രവർത്തിക്കുവാനാവശ്യമായ ഫണ്ടുകളോ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതാണ് അസോസിയേഷനുകളെ പ്രതികൂലമായി ബാധിക്കുന്നത്. സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്‍റെ ഭാഗത്തുനിന്നും ഇതുവരെയായി റീജിയണൽ സ്പോർട്സ് കൗണ്സിലിന്റെ പ്രവർത്തനത്തിനായി ഒരു രൂപ പോലും ഗ്രാൻഡിയൻ എയ്ഡ് ആയി ലഭിച്ചിട്ടില്ല. ദ്വീപിന്‍റെ സാഹചര്യത്തിൽ പരസ്യങ്ങളിലൂടെയോ മറ്റു വഴികളിലൂടെയോ ഫണ്ട് ഉണ്ടാക്കുവാനുള്ള സാഹചര്യങ്ങൾ വളരെ കുറവാണു താനും. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുന്നത് കൊണ്ട് അസോസിയേഷനുകൾക്ക് വേണ്ടി പ്രവർത്തിക്കുവാനും ആരും തയ്യാറാവുന്നില്ല എന്നുള്ളതാണ് സത്യം.

ലക്ഷദ്വീപ് ഐലന്‍റ്​ സ്‌റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ അസോസിയേഷനുകൾക്ക് അംഗത്വം നൽകിയെങ്കിലും കൗൺസിലിന്‍റെ മീറ്റിങ്ങുകൾക്ക് ക്ഷണിക്കാത്തതും അസോസിയേഷനുകൾക്ക് യാതൊരു വിലയും കൽപ്പിക്കാത്തതും അസോസിയേഷനുകൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ്. നിലവിൽ ദേശീയ മത്സരങ്ങൾക്ക് തെരെഞ്ഞെടുത്ത കുട്ടികളെയോ, കായിക അധ്യാപകരെയോ, കോച്ചുമാരെയോ വിട്ട് കിട്ടണമെങ്കിൽ ഒരു പാട് നടപടികൾ മറികടക്കണം. സ്റ്റേറ്റ് ടീമുകളുടെ യാത്രക്ക് കപ്പൽ ടിക്കറ്റ് പോലും പലപ്പോഴും ലഭിക്കാറില്ല.



ലക്ഷദ്വീപ് ഐലൻറ് സ്​റ്റേറ്റ്​ സ്പോർട്സ് കൗൺസിലിന്‍റെ ഭരണ, പ്രവർത്തന സംവിധാനങ്ങളിൽ മാറ്റം വരുത്തിയാൽ തന്നെ വലിയൊരു ഭാഗം പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാവുന്നതാണ്. നിലവിൽ കൗൺസിൽ മേധാവിത്വം അഡ്മിനിസ്ട്രേറ്റർ, ഡയറക്ടറുമാർ എന്നിവരിൽ ഒതുങ്ങിയിരിക്കുകയാണ്. ഇതിലെ മെമ്പർമാരാവട്ടെ റീജിയണൽ സ്പോർട്സ് കൗൺസിൽ ചെയർമാൻമാർ ആണ്. അതായത് എല്ലാ ദ്വീപുകളിലെയും സ്‌കൂൾ പ്രിൻസിപ്പൽമാർ. ചുരുക്കത്തിൽ സ്പോർട്സുമായി ബന്ധമുള്ളത് വെറും ജോയിൻറ് സെക്രട്ടറിക്ക്​ (സ്പോർട്സ് ഓർഗനൈസർ) മാത്രം. ആർക്കോവേണ്ടി പ്രഹസനം പോലെ ആണോ ഇത്തരം കമ്മറ്റികൾ സംഘടിപ്പിക്കപ്പെടേണ്ടത്?. തീർച്ചയായും ഈ സംവിധാനത്തിൽ മാറ്റമുണ്ടാകണം. കൗൺസിൽ നേരാംവണ്ണം പ്രവർത്തിക്കുന്നതോടൊപ്പം റീജിയണൽ സ്പോർട്സ് കൗൺസിലുകളുടെയും അസോസിയേഷനുകളുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാനും മുകളിൽ പ്രതിപാദിച്ചിട്ടുള്ള ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കുവാനും നിശ്‌ചയദാർഢ്യവും കാഴ്ചപ്പാടുമുള്ളവർ മനസ്സുവെച്ചാൽ സാധിക്കാവുന്നതാണ്. ശരിയായ സെലക്ഷനും പരിശീലനവും നൽകിയാൽ രാജ്യത്തിനുതന്നെ അഭിമാനിക്കാവുന്ന മികച്ച കായികപ്രതിഭകൾ ലക്ഷദ്വീപിൽ നിന്ന് പിറവികൊള്ളാൻ അധികം കാലം വേണ്ടിവരില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.