അഫീലും മാതാപിതാക്കളും

'ജീവനും ജീവിതവും അവസാനിച്ച ദിവസം'

2019 ഒക്ടോബർ നാല് മുതൽ ഈ ദിവസം വരെ കോട്ടയം മൂന്നിലവ് ചൊവ്വൂർ ഗ്രാമത്തിലെ ഒരമ്മയും അച്​ഛനും നേരാംവണ്ണം ഉറങ്ങിയിട്ടില്ല എന്ന് പറയുന്നതിൽ അതിശയോക്തിയില്ല. മധ്യവയസ്സിലേക്ക് പ്രവേശിക്കാനിരിക്കെ മകനിലൂടെ അനാഥരാവേണ്ടി വന്ന രണ്ടുപേർ. അവരുടെ കണ്ണിലെ ചോരത്തുള്ളികളാണ് അഫീൽ ജോൺസണെന്ന കൗമാരക്കാരനിപ്പോൾ.

പാലാ മുൻസിപ്പൽ സ്​റ്റേഡിയത്തിൽ സംസ്ഥാന ജൂനിയർ അത്​ലറ്റിക് മീറ്റ് നടക്കുന്നതിനിടെ ഹാമർ വീണ് തലതകർന്ന് മരിക്കുകയായിരുന്നു അഫീൽ. ഏകമകനെ നഷ്​ടമായ ഡാർലിക്കും ജോൺസണിനും ജീവിതത്തിലിപ്പോൾ പ്രതീക്ഷകളൊന്നുമില്ല. ജീവിച്ചിരുന്നപ്പോഴും ശേഷവുമുള്ള അഫീലി​െൻറ ചിത്രങ്ങൾ ഫോണിൽ സ്​റ്റാറ്റസാക്കി അവ​െൻറ ഓർമകളെ മരിക്കാതെ നിർത്തി ഓരോ നാളും തള്ളിനീക്കുന്നു ഇവർ.


അമ്മേയെന്നൊരു വിളികാത്ത് കണ്ണുറങ്ങാതിരുന്നിട്ടും...

കഴിഞ്ഞ വർഷം ഒക്ടോബർ നാലിന് എല്ലാ ദിവസത്തെയും പോലെ രാവിലെ വീട്ടിൽ നിന്നിറങ്ങുകയാണ് അഫീൽ എന്ന സോനു. പാല മുൻസിപ്പൽ സ്​റ്റേഡിയത്തിൽ സംസ്ഥാന ജൂനിയർ അത്​ലറ്റിക് മീറ്റ് നടക്കുന്നു. വളൻറിയർമാർ ഏഴ് മണിക്ക് റിപ്പോർട്ട് ചെയ്യണം. അടുക്കളയിൽ തിരക്കിലായിരുന്ന അമ്മയോടും പറമ്പിൽ ജോലി ചെയ്തുകൊണ്ടിരുന്ന പപ്പായോടും യാത്ര പറഞ്ഞു. എത്തുന്ന സമയം ഏകദേശം നോക്കി അഫീലിനെ ഡാർലി അങ്ങോട്ടുവിളിക്കാറാണ്. അന്ന് പക്ഷെ അതുണ്ടായില്ല. ഉച്ചക്ക് 12.35 ആയിക്കാണും.

അഫീലി​െൻറ ഫോണിൽനിന്ന് അമ്മക്ക് കോൾ. പതിവ് പോലെ 'എന്നാടാ' എന്ന് ചോദിച്ച് ഡാർലി ഫോൺ ചെവിയോട് ചേർത്തു. അഫീലി​െൻറ ശബ്​ദമല്ല, കൂട്ടുകാർ ആരോ ആണ്. പപ്പാക്ക് കൊടുക്കാനാണ് പറയുന്നത്. സംസാരം അവസാനിപ്പിക്കുമ്പോഴേക്ക് ജോൺസ​െൻറ കൈകൾ വിറക്കാൻ തുടങ്ങിയിരുന്നു.

പെട്ടെന്ന് വസ്ത്രം മാറി ആശുപത്രിയിലേക്ക്. ഇടക്ക് വീണ്ടും കോൾ വന്നു. ബന്ധുക്കളെ ആരെയെങ്കിലും കൂടെകൂട്ടാൻ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിലെത്തുമ്പോൾ കാണുന്നത് സ്ട്രെച്ചറിൽ കിടത്തി സ്കാനിങ് റൂമിലേക്ക് കൊണ്ടുപോവുന്ന അഫീലിനെയാണ്. തലയിൽ വലിയ കെട്ടുണ്ട്. ഒരു കണ്ണ് പുറത്തേക്ക് തള്ളിയിരിക്കുന്നു. കൂടുതൽ നേരം കാണാനൊന്നും സമ്മതിച്ചില്ല.


മെഡിക്കൽ കോളജ് ആശുപത്രിയിലെ 25ാം വാർഡിന് സമീപത്തെ ന്യൂറോ ഐ.സി.യുവിന് മുന്നിൽ ആ വൈകുന്നേരം തുടങ്ങിയതാണ് കാത്തിരിപ്പ്. അകത്തേക്ക് കടക്കാൻ അനുമതി കിട്ടിയാൽ ജോൺസനും ഡാർലിയും അടുത്തുചെല്ലും. തൊടുമ്പോൾ ചെറിയ അനക്കമുണ്ടായിരുന്നു. പേര് വിളിച്ചാൽ ഞെട്ടുന്നത് പോലെ തോന്നി പലപ്പോഴും. കണ്ണ് തുറന്ന് അമ്മേയെന്നൊരു വിളി വരുന്ന നിമിഷത്തിന് വേണ്ടിയായിരുന്നു ഡാർലിയുടെ പ്രാർഥനകളത്രയും.

കൂട്ടുകാരും ബന്ധുക്കളും നാട്ടുകാരും അറിയുന്നവരും അറിയാത്തവരുമൊക്കെ വന്നുപോവുന്നുണ്ട്. അര മണിക്കൂര്‍ ഇടവിട്ട്‌ ഐ.സി.യുവിലെത്തുന്ന ഡോക്‌ടര്‍മാർ പുറത്തിറങ്ങുമ്പോൾ പ്രതീക്ഷയോടെ നോക്കും. അവന് ബോധം തെളിഞ്ഞെന്നൊരു വാക്ക് അവരിൽനിന്ന് കേൾക്കാൻ കൊതിച്ചു. ഒന്നും പറയാറായില്ലെന്ന ഡോക്ടർമാരുടെ മറുപടി ഓരോനാളും ആവർത്തിച്ചുകൊണ്ടിരിക്കെ എല്ലാം ദൈവത്തിലർപ്പിച്ചു കണ്ണുനട്ടിരുന്നു.

രക്തസമ്മർദം സാധാരണ നിലയിലാകുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തതോടെ പ്രതീക്ഷവന്നു. 17 ദിവസത്തെ കാത്തിരിപ്പ് പക്ഷെ ഒക്ടോബർ 21ന് വൈകുന്നേരം മൂന്നേ മുക്കാലോടെ എന്നന്നേക്കുമായി അവസാനിച്ചു. അത്രയേറെ ഗുരുതരമായിരുന്നു പരിക്കുകള്‍. മൂന്ന് കിലോഗ്രാം ഭാരമുള്ള ഹാമറാണ് വൻ വേഗതയിൽ വന്ന് നെറ്റിയുടെ ഇടതുഭാഗത്ത് പതിച്ചത്. തലയോട്ടി ഉള്ളലേക്ക്‌ കയറി തലച്ചോറിന് ക്ഷതമേറ്റിരുന്നു.


പെയ്ത് തീരാത്ത ഓർമകൾ

ചൊവ്വൂർ കുറിഞ്ഞംകുളം ജോൺസൺ ജോർജ്-ഡാർലി ദമ്പതികൾക്ക് ഒരേയൊരു കൺമണിക്ക് ജന്മം നൽകാനേ ഭാഗ്യമുണ്ടായുള്ളൂ. കുഞ്ഞിന് പേര് തേടിയപ്പോൾ ജോൺസ​െൻറ കസിനാണ് അഫീൽ എന്ന് നിർേദശിച്ചത്. പ്രകാശം എന്നത്ര അർഥം. അവൻ ജീവിതത്തിലുടനീളം പ്രകാശമേകുന്ന നക്ഷത്രമായി ജ്വലിച്ചുനിൽക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

സോനു എന്നാണ് വീട്ടിൽ വിളിച്ചിരുന്നത്. അവനൊപ്പം മുറ്റത്ത് ഓടിക്കളിക്കുകയും തോളിലിരുത്തി കാഴ്ചകൾ കാണിക്കാൻ കൊണ്ടുപോവുകയും ഇഷ്​ടങ്ങൾക്കെല്ലാം കൂട്ടേകുകയും ചെയ്ത പപ്പായോടായിരുന്നു അൽപ്പം അടുപ്പക്കൂടുതൽ. വീട്ടിലുള്ള സമയം അടുക്കളയിൽ അമ്മയെ സഹായിക്കുകയും വയ്യാതെ കിടക്കുന്ന അമ്മമ്മക്ക് കൂട്ടിരിക്കുകയും ചെയ്യും.

അഞ്ച് വയസ്സായപ്പോൾ സെൻറ് മാത്യൂസ് സി.എസ്.ഐ ചർച്ചിലെ 'ക്വയറി'ൽ പാടാൻ തുടങ്ങി. മുത്തച്ഛൻ ജോർജും അച്ഛൻ ജോൺസണും അമ്മ ഡാർലിയും പിതൃസഹോദരനും ഭാര്യയുമെല്ലാം ഗായക സംഘത്തിലുണ്ട്. ആരാവാനാണ് ആഗ്രഹമെന്ന് ചോദിച്ചവരോടെല്ലാം ഫുട്ബാൾ താരമെന്ന് ഒറ്റയടിക്ക് മറുപടി. പ്ലേ സ്കൂൾ മുതൽ 10 വരെ മൂന്നിലവ് നവജ്യോതി ഇംഗ്ലീഷ് മീഡിയത്തിലായിരുന്നു പഠനം. അഞ്ചാം ക്ലാസ് മുതൽ ഫുട്ബാളിൽ ശ്രദ്ധിച്ചു. പിന്നെ വോളിബാളും ക്രിക്കറ്റും കരാട്ടെയുമെല്ലാം കൂടെയുണ്ടായിരുന്നു.


മൂന്നിലവ് ഫുട്ബാൾ ക്ലബിലും വൈ.എം.സി ചൊവ്വൂർ വോളിബാൾ ടീമി​െൻറയും താരമായി. ഫുട്ബാളിൽ ഫോർവേഡായും മധ്യനിരയിലും ഇറക്കിയിരുന്നു. ഓൾറൗണ്ടറായിരുന്നു. വൈ.എം.സി ടീമിന് വേണ്ടി പരിശീലനത്തിന് പോവുമ്പോൾ പലപ്പോഴും ജോൺസണുമുണ്ടാവും കൂടെ. പപ്പായുടെ സ്മാഷുകൾ പ്രതിരോധിച്ച് അഫീൽ വോളിയിലും സജീവമായി. മാത്രമല്ല, കരാട്ടെയിലും കുങ് ഫുവിലും മിടുക്കുണ്ട് ജോൺസണ്.

പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ടായിരുന്നു അഫീലിന്. വീട് പണി നടക്കുമ്പോൾ അവനും കൂട്ടുകാരുമാണ് കട്ടകൾ കൊണ്ടുവന്നത്. നെയ്മറായിരുന്നു ഇഷ്​ടതാരം. ടീം ബ്രസീലും. രാത്രി വൈകിയും ഇരുന്ന് കളികാണും. പാലാ മുനിസിപ്പൽ സ്​റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ്-സ്കോർലൈൻ സെലക്ഷൻ ക്യാമ്പിനെത്തിയ പോർച്ചുഗീസ് കോച്ച് പെട്രോക്ക് അഫീലി​െൻറ കളി ഇഷ്​ടപ്പെട്ടു. രണ്ടുപേരെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും ഒരാൾ അവനാണെന്നും വീട്ടിൽ പറഞ്ഞിരുന്നു. അത് പക്ഷെ പ്രഖ്യാപിക്കുന്നതിന് മുമ്പെ അഫീൽ പോയി.

ബൂട്ടുകളൊക്കെ മരിച്ച ശേഷവും ഇടക്കിടെ അമ്മ കഴുകിവെക്കും. ജഴ്സികളും ഷോട്ട്സുമെല്ലാം എടുത്തുവെച്ചിട്ടുണ്ട്. രാത്രി പപ്പായും മോനും കൂടി തോട്ടിൽ മീൻ പിടിക്കാൻ പോവുന്ന പതിവുണ്ടായിരുന്നു. അവിടെ ഒരു പാറയുണ്ട്. അതിന്മേൽ കയറി കുറെനേരം ആകാശത്തേക്ക് നോക്കിക്കിടന്ന് അഫീൽ കഥകൾ പറയും. സ്കൂളിലെ വിശേഷങ്ങളും സ്വപ്നങ്ങളുമൊക്കെ ഒരു കൂട്ടുകാരനോടെന്ന കണക്കെ.

''വലിയ ഫുട്ബാളറാവാണമെന്ന് ആഗ്രഹമുണ്ട് പപ്പാ. പക്ഷെ, നിങ്ങളെ വിട്ടുപോവുന്നതോർക്കുമ്പോ വേണ്ടാന്ന് തോന്നുന്നു''. ഇത് കേട്ടാൽ ജോൺസൻ തിരുത്തും. ഭാവിയല്ലെടാ നോക്കേണ്ടത്, സെൻറിമെൻറ്സെല്ലാം അതും കഴിഞ്ഞിട്ട് മതി. പാലാ ഗ്രൗണ്ടിൽ അഫീൽ കളിക്കുമ്പോൾ പപ്പായും അമ്മയും ഗാലറിയിലുണ്ടാവും. ദൂരെനിന്ന് ആളെ മനസ്സിലാവില്ല. ബൂട്ടിെൻറ നിറം നോക്കിയാണ് കണ്ടുപിടിക്കുക. ചെറിയ കാലുമായി അവൻ ഓടുന്നത് കാണാം.


ദുരന്തങ്ങൾക്ക് അന്ത്യമില്ല

അത്​ലറ്റിക് ട്രാക്കിലെ ആദ്യ അപകടമായിരുന്നില്ല അഫീലി​േൻറത്. അവസാനത്തേതുമായില്ല. 1997ൽ എറണാകുളം കല്ലൂർക്കാട് സ്കൂൾ ഗ്രൗണ്ടിന് സമീപം ക്രിക്കറ്റ് കളിക്കുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥി പ്രദീപിന് ഹാമർ തലയിൽ പതിച്ചാണ് ജീവൻ നഷ്​ടമായത്. 2008ൽ ഇടുക്കി തൊടുപുഴയിൽ സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ ജാവലിൻ തലയിൽ തറച്ചു 12കാരൻ അബിൻ ജലീൽ മരിച്ചു.

മലപ്പുറം എടക്കരയിൽ ഹാമർ തലയിൽ വീണ് വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റതും 2008ൽ. 2011ൽ കൊല്ലത്ത് ഹൈജമ്പിെൻറ ക്രോസ് ബാറായി വെച്ചിരുന്ന ജാവലിൻ സ്​റ്റിക് തറച്ച് വിദ്യാർഥിയുടെ ഇടതുകണ്ണിെൻറ കാഴ്ച പോയി. അഫീലിെൻറ മരണം നടന്ന് ഏതാനും ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോൾ വീണ്ടും അപകടങ്ങൾ. കോഴിക്കോട്ട് ഹാമറി​െൻറ കമ്പി പൊട്ടി വിദ്യാർഥിയുടെ കൈയിലിടിച്ച് വിരലിന് മുറിവേറ്റു. ഭാരം കൂടിയ ഹാമറാണെന്ന് ഉപയോഗിച്ചതെന്ന് പരാതി ഉയർന്നു.

എറണാകുളത്ത് ഓട്ടത്തിനിടെ വീണ വിദ്യാർഥി ശ്രദ്ധ കിട്ടാതെ ഗ്രൗണ്ടിൽ കിടന്നത് അര മണിക്കൂറാണ്. അഫീലി​െൻറ ദുരന്തം ലോകത്തൊരു കുഞ്ഞിനുമുണ്ടാവരുതെന്ന നിർബന്ധമുണ്ട് ഡാർലിക്കും ജോൺസണും. അതിന് വേണ്ടിയാണ് അവരിപ്പോൾ ജീവിക്കുന്നത് തന്നെ. 'ജീവനും ജീവിതവും അവസാനിച്ച ദിവസം' എന്നാണ് ഒക്ടോബർ നാലിനെ അഫീലി​െൻറ അമ്മ വിശേഷിപ്പിക്കുന്നത്. 'ഇവിടെ എത്തി നിൽക്കുന്നു' എന്ന അടിക്കുറിപ്പോടെ അവ​െൻറ കല്ലറയുടെ ചിത്രവും സ്​റ്റാറ്റസിൽ കാണാം. അഫീൽ... ഓർമകളുടെ മടിത്തട്ടിൽ, പ്രിയ്യപ്പെട്ടവരുടെ പ്രാർഥനകളിൽ നീ സുഖമായുറങ്ങുക.

Tags:    
News Summary - Afeel's mother's heartbreaking words about October 4th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.