കൊച്ചി: അത്്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (എ.എഫ്.ഐ) ജോയൻറ് സെക്രട്ടറിയും ടെക്നിക്കൽ കമ്മിറ്റി ചെയർമാനുമായ എറണാകുളം അയ്യപ്പൻകാവിൽ പുളിക്കത്തറവീട്ടിൽ ഡോ. ടോണി ഡാനിയൽ (64) അന്തരിച്ചു. പ്രഭാതസവാരിക്കുശേഷം വീട്ടിലെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ചാത്യാത്ത് മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ.
മികച്ച കായികതാരമായിരുന്ന ടോണി ഡാനിയൽ പഠനകാലത്ത് ദേശീയ മീറ്റുകളിൽ സ്പ്രിൻറ് ഇനങ്ങളിൽ കേരളത്തെ പ്രതിനിധാനം ചെയ്തിരുന്നു. ആലുവ സെൻറ് സേവ്യേഴ്സ് കോളജിലെ കായിക അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് കേരള ഒളിമ്പിക് അസോസിയേഷൻ കൺവീനറും സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു.
ഇന്ത്യയിലെ രണ്ട് രാജ്യാന്തര അത്ലറ്റിക്സ് ടെക്നിക്കല്‍ ഒഫീഷ്യല്‍സില്‍ ഒരാളായിരുന്നു. ഏഷ്യാഡ് ഉൾപ്പെടെ ഇന്ത്യയിലും വിദേശത്തുമായി നടന്ന സുപ്രധാന മീറ്റുകളുടെ മുഖ്യസംഘാടകനെന്ന നിലയിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2010ലെ കോമൺവെൽത്ത് െഗയിംസിെൻറ സംഘാടകരിൽ ഒരാളായിരുന്നു. കഴിഞ്ഞവർഷം ലണ്ടനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിെൻറ മാനേജരായിരുന്നു.
കേരളത്തിലെ കായികതാരങ്ങളെ വളർത്തിയെടുക്കുന്നതിലും നിർണായക പങ്ക് വഹിച്ചു. സെൻറ് സേവ്യേഴ്സ് കോളജിലെ കായികവിഭാഗം മേധാവിയായി വിരമിച്ചശേഷം ഫിസിക്കൽ എജുക്കേഷനിൽ ഡോക്ടറേറ്റും നേടി.സെൻറ് ആല്‍ബര്‍ട്സ് കോളജ് പ്രഫസറായിരുന്ന പരേതനായ ഡാനിയലിെൻറ മകനാണ്. ഭാര്യ: ലിസി (റിട്ട. അധ്യാപിക). മകള്‍: അമ്മു (അമേരിക്ക). മരുമകന്: ഡീന്‍ (അമേരിക്ക).
അത്ലറ്റിക്സിന് ആധുനികമുഖം നൽകിയ പ്രതിഭ കൊച്ചി: ഇന്ത്യയിൽ എവിടെ ട്രാക്ക് ഉണരണമെങ്കിലും ടോണി ഡാനിയലിെൻറ സാന്നിധ്യം വേണമായിരുന്നു. അഖിലേന്ത്യാ അത്ലറ്റിക്സ് ഫെഡറേഷെൻറ ടെക്നികൽ കമ്മിറ്റി അധ്യക്ഷൻ എന്ന നിലയിൽ ദേശീയ മീറ്റുകൾക്കെല്ലാം സ്റ്റാർട്ടിങ് വെടിമുഴങ്ങണമെങ്കിൽ ഇൗ എറണാകുളംകാരെൻറ അനുമതിവേണം. ഏറ്റവുംഒടുവിൽ കോയമ്പത്തൂരിൽ നടന്ന ദേശീയ ജൂനിയർ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ നാലുദിവസവും ഒാടിനടന്ന് സംഘടിപ്പിച്ചശേഷം വീട്ടിലെത്തിയത് 22ന് രാത്രിയിൽ. മരണമെത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ഫോണിൽ വിളിച്ച എ.എഫ്.െഎ ജനറൽ സെക്രട്ടറി സി.കെ വൽസനുമായി വരാനിരിക്കുന്ന മീറ്റുകളുടെ തയ്യാറെടുപ്പുകളെ കുറിച്ചായിരുന്നു ചർച്ചകൾ.
കേരള അത്്ലറ്റിക്സിന് നവീകരണത്തിെൻറ പുതിയ പാഠങ്ങളും ഇന്ത്യൻ അത്ലറ്റിക്സിന് സാേങ്കതിക തികവും പകർന്നു നൽകിയാണ് ഡോ. ടോണി ഡാനിയൽ ഒാർമയായത്. ദേശീയ, അന്തർദേശീയ മേളകളിലെ പരിചയം കേരളത്തിെൻറ മണ്ണിൽ പരീക്ഷിച്ച് വിജയം നേടിയ അദ്ദേഹം കേരള അത്്ലറ്റിക്സ് അസോസിയേഷെൻറ മാർഗദീപമായിരുന്നു. സാങ്കേതികവിദ്യയുടെ പാതയിലൂടെ കേരള അത്്ലറ്റിക്സിനെ നവീകരണത്തിലേക്ക് നയിച്ചത് ഇദ്ദേഹമായിരുന്നു. അത്്ലറ്റിക്സ് അസോസിയേഷന് സ്വന്തം വെബ്സൈറ്റ് രൂപവത്കരിച്ചുകൊണ്ടായിരുന്നു തുടക്കം. പൂർണമായും കമ്പ്യൂട്ടർവത്കരണം സാധ്യമായതോടെ അസോസിയേഷെൻറയും ഭാരവാഹികളുടെയും കായികതാരങ്ങളുടെയുമൊക്കെ വിവരങ്ങൾ കൈത്തുമ്പിൽ ലഭ്യമായി.
ഓരോ മത്സരങ്ങളുടെയും പ്രവേശന നടപടികൾ ഓൺലൈനാക്കിയതും അദ്ദേഹത്തിെൻറ പരിശ്രമഫലമായിട്ടായിരുന്നു. മത്സരക്രമം, യോഗ്യത, റെക്കോഡുകൾ, വ്യക്തിഗത പ്രകടനങ്ങൾ എന്നിങ്ങനെയുള്ള വിവരങ്ങൾ ഉൾപ്പെടെ ഡാറ്റബേസ് അസോസിയേഷന് സ്വന്തമായത് ഇദ്ദേഹത്തിെൻറ ദീർഘവീക്ഷണത്തിെൻറ ഫലമായിട്ടായിരുന്നു.
ലോകനിലവാരത്തിൽ സാങ്കേതികത്തികവോടെ അസോസിയേഷനെ നയിക്കുന്നതിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലും ടോണി ഡാനിയൽ നൽകിയ സംഭാവനകൾ വിസ്മരിക്കാനാവില്ലെന്ന് അസോസിയേഷൻ സെക്രട്ടറി പി.ഐ. ബാബു പറഞ്ഞു.
1952 ജനുവരി 17നായിരുന്നു ജനനം. സ്പ്രിൻറ് ഇനങ്ങളിൽ മികവ് പുലർത്തിയ ടോണി സർവകലാശാലയെയും കേരളത്തെയും പ്രതിനിധാനംചെയ്ത് വിവിധ മീറ്റുകളിൽ പങ്കെടുത്തു. 1968 മുതൽ 1972 വരെ ദേശീയ ജൂനിയർ, സീനിയർ ചാമ്പ്യൻഷിപ്പുകളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. ആലുവ സെൻറ് സേവ്യേഴ്സ് കോളജിൽ കായികാധ്യാപകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 30 വർഷത്തെ സേവനത്തിനുശേഷം വകുപ്പ് തലവനായി ജോലിയിൽനിന്ന് വിരമിച്ചു. തുടർന്നാണ് ഫിസിക്കൽ എജുക്കേഷനിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. പിന്നീട് കേരളത്തിെല കായികമേഖലക്ക് ഒഴിച്ചുനിർത്താനാവാത്ത ഒരാളായി ടോണി ഡാനിയൽ മാറി.
എട്ടുവർഷം കേരള അത്്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു. നിലവിൽ അസോസിയേഷെൻറ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറാണ്. 2010ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിെൻറ ഡെപ്യൂട്ടി കോംപറ്റീഷൻ മാനേജർ, 2016 ഗുവാഹതി ദക്ഷിണേഷ്യൻ െഗയിംസ് കോംപറ്റീഷൻ ഡയറക്ടർ, കഴിഞ്ഞവർഷം ലണ്ടനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിെൻറ മാനേജർ, ഐ.എ.എ.എഫ് യോഗ്യതയുള്ള ടെക്നിക്കൽ ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ തിളങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.