ജയ്പൂര്‍: പുതുവര്‍ഷദിനത്തില്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ച പൂവാലന്‍മാരെ കൈകാര്യം ചെയ്ത് ഇന്ത്യന്‍ ഡിസ്‌കസ് ത്രോ താരം ഒളിമ്പ്യൻ കൃഷ്ണ പൂനിയ. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. പെണ്‍കുട്ടികളെ ശല്യം ചെയ്ത മൂന്ന് യുവാക്കൾ കൃഷ്ണ പൂനിയയുടെ കയ്യിൽ നിന്നും തല്ല് കൊണ്ടു. ഹരിയാന അതിര്‍ത്തിക്ക് സമീപമുള്ള രാജ്ഗറിലൂടെ കാറില്‍ പോകുന്നതിനിടെ റെയില്‍വേ ക്രോസിങ്ങിന് സമീപം ഭയന്നിരിക്കുന്ന രണ്ട് പെണ്‍കുട്ടികളെ പൂനിയ കണ്ടു. ഉടന്‍ തന്നെ പൂനിയ കാറില്‍ നിന്നിറങ്ങി പെണ്‍കുട്ടികളോട് കാര്യം അന്വേഷിച്ചു. വളരെ ഉയരക്കാരിയായ പൂനിയയെ കണ്ടപ്പോള്‍ തന്നെ യുവാക്കള്‍ ബൈക്കിൽ രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനു മുമ്പേ യുവാക്കളിലൊരാളെ താരം വലിച്ച് താഴെയിട്ടു.
വൈകുന്നേരം നാല് മണിയോടൊയിരുന്നു സംഭവം. യുവാക്കളെ കൈകാര്യം ചെയ്യുന്ന പൂനിയയെ കാണാന്‍ ജനം തടിച്ച് കൂടി. പിന്നീട് നാട്ടുകാർ ഇവരെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പരാതി നല്‍കാന്‍ പെണ്‍കുട്ടികള്‍ക്കൊപ്പം പൂനിയയും സ്റ്റേഷനിലെത്തി. പെൺകുട്ടികൾ ഉപദ്രവിക്കപ്പെട്ട സ്ഥലത്തിന് തൊട്ടടുത്തുതന്നെ പൊലീസ് സ്റ്റേഷനുണ്ടായിരുന്നു. എന്നാൽ രണ്ട് പ്രവാശ്യത്തോളം വിളിച്ചിട്ടാണ് അവർ വന്നതെന്ന് പൂനിയ വ്യക്തമാക്കി. ഇത്തരം സന്ദർഭങ്ങളിലെ പൊലീസ് അനാസ്ഥക്കെതിരെയും പൂനിയ രംഗത്തെത്തി. ഒരു പെൺകുട്ടി ആക്രമിക്കപ്പെടുമ്പോൾ നിശബ്ദരായി അത് കണ്ട് കൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് നമ്മുടേതെന്ന് പൂനിയ പറഞ്ഞു. 2010ല്‍ ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കൃഷ്ണ സ്വര്‍ണം നേടിയ താരമാണ് പൂനിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.