ഓര്‍മ്മയായത് ആഗോള കളരിപ്പയറ്റിലെ ഇന്ത്യന്‍ വിസ്മയം

അണ്ടത്തോട് : പ്രമുഖ കളരിപ്പയറ്റ് ഗുരുക്കള്‍ അണ്ടത്തോട് കളത്തിങ്ങല്‍ ഹംസ ഹാജി  (ഉസ്താദ് ഹംസ ഹാജി 74) നിര്യാതനായി. വര്‍ധക്ക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച്ച രാവിലെ എട്ടരയോടെയാണ് അന്ത്യം.

മലേഷ്യ ആസ്ഥാനമായി ആരംഭിച്ച് ലോകമൊട്ടുക്കും വളര്‍ന്ന ഇന്‍റര്‍നാഷണല്‍ ഡൈനാമിക് സെല്‍ഫ് ഡിഫന്‍സ് അക്കാദമി - ഐ.ഡി.എസ്.ഡി.കെ സ്ഥാപകനായിരുന്നു. ഒന്നര ലക്ഷത്തോളം ശിഷ്യഗണങ്ങളുള്ള ഹംസ ഹാജി 15-ാം വയസു മുതല്‍ പിതാവ് അബൂബക്കര്‍ ഹാജിയുടെ കൂടെ മലേഷ്യയിലായിരുന്നു. തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ അണ്ടത്തോട് തങ്ങള്‍പ്പടിയിലാണ് ജനനം. കളരി പയറ്റിനെ ആഗോളതലത്തിലെത്തിക്കുന്നതില്‍ പ്രമുഖ സ്ഥാനമുള്ള ഹാജിക്ക് മലേഷ്യന്‍ സര്‍ക്കാറില്‍ നിന്നുള്‍പ്പടെ നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.


കഴിഞ്ഞ ഒരു ദശകത്തോളമായി നാട്ടില്‍ വിശ്രമത്തിലായിരുന്നെങ്കിലും കളരിയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. മുസ്ളിം ലീഗ് നേതാക്കളായ മുഹമ്മദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് മുഹമ്മലി ശിഹാബ് തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ എന്നിവരുമായി സൗഹൃദമുണ്ടായിരുന്നു.  വൈകുന്നേരം അണ്ടത്തോട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള ശിഷ്യന്‍മാരുള്‍പ്പടെ നൂറകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ മറവ് ചെയ്തു. ഭാര്യമാര്‍: പരേതയായ ഫാതിമ, ഐഷ (മലേഷ്യ), ഹസീന. മക്കള്‍: ഡോ. അല്‍ത്താഫ്, കബീര്‍, ബാദുഷ, സുഹറ, പരേതനായ ഖിളര്‍ (എല്ലാരും മലേഷ്യ), ബില്‍ക്കീസ്, സുമയ്യ, അല്‍അമീന്‍. മരുമക്കള്‍: രസാഖ് (ദബൈ), സക്കരയ്യ (ഫുജൈറ).

മലപ്പുറം തൃശൂര്‍ ജില്ലാ അതിര്‍ത്തി പ്രദേശമായ അണ്ടത്തോട് തങ്ങള്‍പ്പടിയില്‍ നിന്ന് കളത്തിങ്ങല്‍ വീട്ടില്‍ ഹംസ പിതാവ് അബൂബക്കര്‍ ഹാജി ജോലി ചെയ്യുന്ന മലേഷ്യയിലേക്ക് കപ്പല്‍ കയറുമ്പോള്‍ വയസ് പതിനഞ്ച്. തൊഴിയൂര്‍ ഹൈ സ്കൂളില്‍ നിന്ന് പത്താംക്ളാസ് പൂര്‍ത്തിയാക്കാതെയുള്ള യാത്രയിലും കളരി പഠിച്ചതിന്‍റെ  ആത്മ വിശ്വാസമുണ്ടായിരുന്നു. ഉപ്പയുടെ സ്നേഹിതനായ കുന്ദശാം വീട്ടില്‍ ബാവു, വന്നേരിയിലെ സഖാവ് മുഹമ്മദുണ്ണി എന്നിവരില്‍ നിന്ന് അമര്‍ന്നും ചാടി വലിഞ്ഞ് ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞും അടിയും തടയും പഠിച്ച അനുഭവം.  


ഉപ്പയുടെ കടയിലിരിക്കാതെയുള്ള അലച്ചിലിലാണ് മലേഷ്യയിലെ ഒരു പ്രദര്‍ശനം കാണാനിടയായത്. അന്ന് കളരിയെന്ന പേരില്‍ ചിലര്‍ വേദിയിലവതരിപ്പിച്ച തലകുത്തി മറിച്ചില്‍ കണ്ട് ബ്രൂസിലിയുടെയും ബ്രാന്‍ഡലിയുടേയും ആരാധകരും കരാട്ടെ, കുങ്ഫു, തൈക്ക്വാന്‍ദോകളിലെ അഭ്യാസ പ്രകടനങ്ങള്‍ മാത്രം കണ്ട യുവാക്കള്‍ കൂകി വിളിച്ചതിനൊപ്പം ഇന്ത്യയെ പോലും അപമാനിച്ചായിരുന്നു പരിഹസിച്ചത്. കാണിയായ ഹംസയെ അതേറെ നോവിച്ചു. കളരി അതല്ളെന്ന് റിങ്ങില്‍ കയറി വിളിച്ച് പറഞ്ഞാര്‍ത്ത് അഭ്യാസികളെ വെല്ലുവിളിച്ച ഹംസയെ കണ്ട് പരിഹാസവും ആര്‍പ്പുവിളിയും അത്യുച്ചത്തിലായി. ഒടുക്കം ആ ജനം തന്നെ ഹംസയുടെ പ്രകടനം കണ്ട് വാവിട്ടാര്‍ത്ത് ആ ബാലനെ തലക്കുമുകളിലുയര്‍ത്തി. അതാണ് ഹംസയുടെ ജീവിതത്തെ മാറ്റി മാറിച്ചത്. ഹംസയിലെ അഭ്യാസ മികവ് കണ്ട അന്നാട്ടിലെ ഏറ്റവും വലിയ വ്യാപാരികളിലൊരാളായ സെത്തി യു ച്യൂ ചങ്ങോക്കി ഹംസയെ വിളിച്ച് തന്‍റെ 'കവുച്ചായ' -അംഗരക്ഷകനാകാന്‍ ക്ഷണിക്കുന്നത് അങ്ങനെയാണ്.  സെത്തി വീട്ടില്‍ വിശ്രമിക്കുന്ന നേരത്ത് അദ്ദേഹത്തിന്‍റെ മക്കള്‍ക്കും ഹംസയായിരുന്നു അംഗരക്ഷകന്‍. അവര്‍ കുങ്ഫു പഠിക്കാന്‍ പോകുമ്പോഴും ഹംസയാണ് കാവല്‍. അതിനിടയില്‍ ഹംസയുടെ കളരി അഭ്യാസവും ആ കുട്ടികള്‍ക്ക് കാണാനായി. ഇതറിഞ്ഞ സെത്തി ഉടനെ കളരി തുടങ്ങാന്‍ പ്രോത്സാഹനവും നല്‍കി.

1973ല്‍ ഇന്‍റര്‍ നാഷണല്‍ ഡൈനാമിക് സെല്‍ഫ് ഡിഫന്‍സ് അക്കാദമി - ഐ.ഡി.എസ്.ഡി.കെ സ്ഥാപിക്കാനുള്ള കാരമായി അത്. കരാട്ടെ പോലുള്ള അഭ്യാസങ്ങളിലെ ബ്ളൂ, ബ്ളാക്ക് ബെല്‍റ്റുകള്‍ പോലെ വിവിധ ഗ്രേഡുകള്‍, യൂണിഫോം എല്ലാം പുതിയ പരിഷ്ക്കാരമാക്കി കളരിയെ അദ്ദേഹം മാറ്റി മറിച്ചപ്പോള്‍ യുവാക്കള്‍ മാത്രമല്ല യുവതികളും കളരി പഠിക്കാനെത്തി. ആദ്യമായി പര്‍ദധാരികള്‍ പോലും കളരി പഠിക്കാനെത്തിയതും ഹാജിയുടെ മുന്നിലാണ്.  1993ല്‍ സര്‍ക്കാര്‍ അംഗീകാരം നേടാനായ ഹംസ ഹാജിയുടെ കളരിക്ക് അക്കൊല്ലത്തെ മലേഷ്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിലും ഭരണാധികാരി ഡോ. മഹാതീര്‍ മുഹമ്മദിന്‍റെ നേരിട്ടുള്ള ക്ഷണവും കളരി അവതരിപ്പിക്കാനുള്ള അവസരവും ലഭിച്ചതിനൊപ്പം ഹാജിയെ പ്രത്യേക പുരസ്ക്കാരം നല്‍കി ആദരിക്കുകയും ചെയ്തതോടെയാണ് അദ്ദേഹം ആഗോള തലത്തിലറിയപ്പെടാന്‍ തുടങ്ങിയത്.


അമേരിക്ക, യുറോപ്പ്. ഏഷ്യ എന്നിവിടങ്ങളിലായ 32 രാജ്യങ്ങളില്‍  കളരികളും അവിടെ നിരവധി ശിഷ്യഗണങ്ങളുമുണ്ട് ഉസ്താദിന്. ഒന്നര ലക്ഷത്തോളം ശിഷ്യന്മാരില്‍ മലേഷ്യയില്‍ നിന്ന് ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇന്ത്യന്‍ വംശജന്‍ എന്‍. മോഹന്‍ദാസ് മുതല്‍ പ്രശസ്ഥരായ നിരവധിയാളുകളുണ്ട്. കേരളത്തില്‍ അദ്ദേഹത്തിന്‍റെ ശിഷ്യരില്‍ പ്രധാനി 9 ഡാന്‍ ബ്ളാക്ക് ബെല്‍റ്റുകാരനായ ടി.വി ഇബ്രാഹിം കുട്ടിയാണ്. മലേഷ്യന്‍ സർക്കാര്‍ ഗ്രാന്‍റ് മാസ്റ്റര്‍ - മഹാഗുരു പട്ടം നല്‍കി ആദരിക്കുകയും അവരുടെ എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റില്‍ പോലും കളരിയെ അഭ്യാസം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഹംസഹാജിക്ക്  ജന്മനാട്ടില്‍ ശിഷ്യന്മാരും സാംസ്കാരിക സംഘടനകളും നല്‍കിയ ആദരിക്കലുകളൊഴിച്ചാല്‍ സര്‍ക്കാര്‍ തലത്തില്‍ പൂര്‍ണ്ണ അവഗണനയാണ് ലഭിച്ചത്. പ്രവാസികളില്‍ പലര്‍ക്കും പത്മശ്രി വെച്ച് നീട്ടിയ ഭാരത സര്‍ക്കാര്‍ പോലും നാടിന്‍റെ തനതായി നാടന്‍ കലയെ ആഗോള തലത്തില്‍  വിപുലീകരിച്ച ഉസ്താദ് ഹംസ ഹാജിയെ കാണാതെ പോയി.

Tags:    
News Summary - kalaripayattu master died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.