???????????? ???????????? ?????? ????? ????????? ???????????

ചാമ്പ്യന്‍സ് ട്രോഫി ഹോക്കി : ഇന്ത്യക്ക് വെള്ളിത്തിളക്കം

ലണ്ടന്‍: 1980 മോസ്കോ ഒളിമ്പിക്സിലെ സ്വര്‍ണമെഡലിനു ശേഷം ഇന്ത്യന്‍ ഹോക്കിക്ക് അഭിമാനിക്കാനൊരു മെഡല്‍ നേട്ടം. ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആസ്ട്രേലിയയോട് ഷൂട്ടൗട്ടില്‍ തോല്‍വി വഴങ്ങിയെങ്കിലും 36 വര്‍ഷത്തിനിടെ രാജ്യാന്തര തലത്തിലെ ആദ്യ മെഡല്‍ നേട്ടമായി ഇത്. 38വര്‍ഷത്തെ പാരമ്പര്യമുള്ള ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ചരിത്ര നേട്ടമായി. 1982ല്‍ മൂന്നാം സ്ഥാനത്തത്തെിയതായിരുന്നു ഇതുവരെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയില്‍ തളച്ചായിരുന്നു ഇന്ത്യ ഷൂട്ടൗട്ടില്‍ കീഴടങ്ങിയത്.
ടൂര്‍ണമെന്‍റിലുടനീളം മിന്നുന്ന ഫോമിലായിരുന്ന നായകന്‍ പി.ആര്‍ ശ്രീജേഷിന്‍െറ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ ചരിത്രനേട്ടത്തിന് വഴിയൊരുക്കിയത്. ഗോള്‍വലയിലേക്ക് ആസ്ട്രേലിയയുടെ വെടിയുണ്ടകണക്കെ പറന്നത്തെിയ പെനാല്‍റ്റി ഷോട്ടുകളെയും പെനാല്‍റ്റി കോര്‍ണറുകളെയും തടുത്തിട്ട ശ്രീജേഷ് വീണ്ടും ഹീറോ ആയി. ശ്രീജേഷിന്‍െറ നായകത്വത്തില്‍ ലണ്ടനിലേക്ക് പറന്ന ഇന്ത്യ നാട്ടിലേക്ക് മടങ്ങുന്നത് റിയോ ഒളിമ്പിക്സിലെ മെഡല്‍ സ്വപ്നങ്ങള്‍ക്ക് തിളക്കം കൂട്ടിക്കൊണ്ടാണ്.
പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ആസ്ട്രേലിയയോട് 4-2ന് പൊരുതി കീഴടങ്ങിയ ഇന്ത്യ എല്ലാ പിഴവുകളും തീര്‍ക്കുന്ന പോരാട്ടമായിരുന്നു ഫൈനലില്‍ കാഴ്ചവെച്ചത്. ആദ്യ ക്വാര്‍ട്ടറില്‍ ആസ്ട്രേലിയക്കു ലഭിച്ച മൂന്ന് പെനാല്‍റ്റി കോര്‍ണറുകള്‍ ശ്രീജേഷ് രക്ഷപ്പെടുത്തി. രണ്ടാം ക്വാര്‍ട്ടറില്‍ ഓസീസിന് പെനാല്‍റ്റി ലഭിച്ചെങ്കിലും ഒര്‍ച്ചാര്‍ഡ് സൈമണിന്‍െറ ഷോട്ട് വഴിമാറിപോയി.
 ഇന്ത്യന്‍ പ്രതിരോധ നിരയുടെ പിഴവില്‍ ഓസീസിന് അനുകൂലമായി വീണ്ടും പെനാല്‍റ്റി കോര്‍ണറുകള്‍ പിറന്നെങ്കിലും പോസ്റ്റിനു മുന്നില്‍ കോട്ടകെട്ടിയ ശ്രീജേഷും ഡിഫന്‍ഡര്‍മാരായ ഡാനിഷ് മുജ്തബയും സനുവന്ദ ഉത്തപ്പയും ചേര്‍ന്ന് രക്ഷകന്‍െറ വേഷത്തില്‍ അവതരിച്ചു.
കിരീട നിര്‍ണയം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നതോടെ കണ്ണുകളെല്ലാം പി.ആര്‍ ശ്രീജേഷിന്‍െറ കരങ്ങളിലേക്കായി. ആദ്യം കിക്കെടുത്ത ആസ്ട്രേലിയ അനായാസം സ്കോര്‍ ചെയ്തു. തൊട്ടുപിന്നാലെ ഇന്ത്യയുടെ ഉത്തപ്പയുടെ ഷോട്ട് പോസ്റ്റിന് പുറത്തായി. ഓസീസിന്‍െറ രണ്ടാം ഷോട്ട് തടുത്തിട്ടെങ്കിലും റഫറിയുടെ തീരുമാനം എതിരായി. റീടേക്ക് എടുത്ത് ഓസീസ് സ്കോര്‍ ചെയ്തു. നാല് ഷോട്ടില്‍ ഹര്‍മന്‍ പ്രീതിന് മാത്രമേ ഇന്ത്യന്‍ നിരയില്‍ സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. കിരീടം നഷ്ടമായെങ്കിലും തലയുയര്‍ത്തി തന്നെ ഇന്ത്യ ഇനി റിയോയിലേക്ക് പറക്കും.

Tags:    
News Summary - hocky

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.