ന്യൂഡൽഹി: അന്താരാഷ്ട്ര മത്സരങ്ങളിൽ എതിർ ടീമിലെ താരങ്ങൾക്ക് ഹസ്തദാനം നൽകുന്ന രീതി തുടരുമെന്നും പാകിസ്താനെതിരെയുള്ള മത്സരങ്ങളിലും ഇതിന് മാറ്റമുണ്ടാകില്ലെന്നും ഹോക്കി ഇന്ത്യ. മലേഷ്യയിൽ നടന്ന സുൽത്താൻ ജോഹർ കപ്പിലെ മത്സരത്തിൽ ഇരുടീമിലെയും അംഗങ്ങൾ ഹസ്തദാനം നടത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് അധികൃതരുടെ വിശദീകരണം. നേരത്തെ ഏഷ്യകപ്പിലും വനിത ലോകകപ്പിലും ഇന്ത്യയുടെ പുരുഷ, വനിതാ ക്രിക്കറ്റ് താരങ്ങൾ പാകിസ്താൻ താരങ്ങൾക്ക് കൈ കൊടുത്തിരുന്നില്ല. എന്നാൽ കളിനിയമത്തിനും മൂല്യങ്ങൾക്കും അനുസൃതമായി മാത്രമേ തങ്ങൾ പ്രവർത്തിക്കൂവെന്നാണ് ഹോക്കി ഇന്ത്യ വ്യക്തമാക്കിയത്.
“ഞങ്ങളെ ഭരിക്കുന്നത് ക്രിക്കറ്റല്ല. ക്രിക്കറ്റ് താരങ്ങൾ എന്തുചെയ്താലും അത് അവരുടെ തീരുമാനമാണ്. ഒളിമ്പിക് ചാർട്ടറും അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനും നൽകുന്ന മാർഗനിർദേശങ്ങളാണ് ഞങ്ങൾ പിന്തുടരുന്നത്. ഹസ്തദാനമോ പരസ്പരം കൈയടിക്കുന്നതോ (ഹൈ-ഫൈവ്) ഒഴിവാക്കാൻ ഹോക്കി ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ല. ഭാവി മത്സരങ്ങളിലും അത്തരത്തിൽ എന്തെങ്കിലും നിർദേശം നൽകാൻ ഉദ്ദേശിക്കുന്നില്ല. മൈതാനത്ത് ഇറങ്ങി കളിക്കാനും വിജയം പിടിക്കാനുമാണ് താരങ്ങളോട് പറയാറുള്ളത്” -ഹോക്കി ഇന്ത്യ സെക്രട്ടറി ഭോലനാഥ് സിങ്ങിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഏഷ്യകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗയുമായി ഹസ്തദാനത്തിന് തയാറാകാതിരുന്നത് വലിയ വിവാദമായിരുന്നു. മത്സരശേഷം താരങ്ങൾ കൈകൊടുത്ത് പിരിയുന്ന പതിവും തെറ്റിച്ചു. ഇതോടെ ടൂർണമെന്‍റിൽനിന്ന് പിന്മാറുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് ഭീഷണി മുഴക്കിയെങ്കിലും, അസ്വാരസ്യങ്ങളോടെ അവർ ടൂർണമെന്‍റ് പൂർത്തിയാക്കി. മൈതാനത്ത് പ്രകോപനപരമായ ആംഗ്യങ്ങളുമായി താരങ്ങൾ ഏറ്റുമുട്ടി. രാഷ്ട്രീയ വിഷയങ്ങൾ മൈതാനത്ത് എത്തിയത് വലിയ ചർച്ചയായിരുന്നു. വനിത ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും സമാന നിലപാടാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.