ദിവസം രണ്ടു പിന്നിട്ടിട്ടും സെനഗാൾ ആരാധകരുടെ വിജയാഘോഷങ്ങൾ അവസാനിക്കുന്നേയില്ല. പരമ്പരാഗത വേഷങ്ങളും വാദ്യങ്ങളുമായി സ്റ്റേഡിയങ്ങളിലേക്കും ഫാൻഫെസ്റ്റ് വേദികളിലേക്കുമുള്ള വഴികളിലൊക്കെ അവർ നൃത്തം ചവിട്ടിക്കൊണ്ടേയിരിക്കുന്നു. നല്ല രസമുണ്ട് അവരുടെ പാട്ടുകൾ കേൾക്കാൻ. എല്ലാ നാടൻപാട്ടുകളേയും പോലെ ശരീരത്തെക്കൂടി ത്രസിപ്പിക്കുന്നുണ്ടവ. മോസ്കോയിലെ തെരുവുകളിൽ സംഗീതം പൊതുവെ സുലഭമാണ്. നടന്നുപോവുന്നതിനിടയിൽ മെട്രോ ഗേറ്റിലോ സബ് വേയിലോ എവിടെ വെച്ചും നിങ്ങളൊരു തെരുവുഗായക സംഘത്തെ കണ്ടുമുട്ടിയേക്കും. ഒരു വയലിനും ഗിറ്റാറുമായി അവരൊരുക്കുന്ന സംഗീതത്തിന് തിരക്കിനിടയിലും കേൾവിക്കാരുണ്ട്. മുന്നിൽ വെച്ചിരിക്കുന്ന പെട്ടിയിൽ റൂബിളുകൾ സമൃദ്ധമായി വീഴുന്നുമുണ്ട്.
നഗരപ്രദക്ഷിണത്തിനിടയിലാണ് ഇന്നലെ ഒരു തെരുവിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് റഷ്യൻ ഫെഡറേഷെൻറ ഓഫിസ് കണ്ടത്. മോസ്കോയിൽ വന്നിട്ട് ഇതുവരെ കണ്ടിട്ടില്ലാത്ത അരിവാൾ ചുറ്റിക നക്ഷത്രവും ചുവന്ന കൊടിയും കണ്ടാണ് അകത്തുകയറിയത്. ഓഫിസിെൻറ മുറ്റത്തെ ഉദ്യാനത്തിൽ വലിയ മാർബിൾ ചുമരിൽ പതിപ്പിച്ച ലെനിെൻറ രജത ശിൽപം കണ്ടുനിൽക്കുമ്പോഴാണ് പിറകിൽ നിന്നൊരാൾ വിളിച്ചത്. ആളെ പരിചയപ്പെട്ടപ്പോൾ പാർട്ടിയുടെ ധനകാര്യ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ്, മാരിസ് സെർജിയേവ്. ഇപ്പോഴും പാർട്ടിയെ പാർലമെൻറിനകത്തും പുറത്തും പിടിച്ചുനിർത്തുന്ന, രാഷ്ട്രീയ തന്ത്രജ്ഞതക്ക് പേരുകേട്ട ജനറൽ സെക്രട്ടറി ഗെന്നഡി സുഗ്യാനോവിനെ കാണാനാവുമോ എന്നന്വേഷിച്ചെങ്കിലും അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല.
ലോകകപ്പിെൻറ ഫാൻ ഫെസ്റ്റിവൽ നടക്കുന്ന മോസ്കോ യൂനിവേഴ്സിറ്റി കാമ്പസിെൻറ നേരെ എതിർവശത്താണ് റഷ്യയിലെ പ്രശസ്തമായ ഗ്രാൻറ് സർക്കസ്. കീലേരി കുഞ്ഞിക്കണ്ണൻ അടക്കമുള്ള പ്രശസ്തരായ പല ഇന്ത്യൻ സർക്കസ് ആചാര്യന്മാരും അടവുമുറകൾ പഠിക്കാനെത്തിയ ഇടമാണ് ലോക സർക്കസിെൻറ ഈ തലസ്ഥാനം. ആണ്ടു മുഴുവൻ കളി നടക്കുന്ന ഈ തിയറ്ററിൽ ടിക്കറ്റ് ലഭിക്കാൻ നേരത്തേ ബുക്ക് ചെയ്യണം. ഉയർന്ന തുകയാണ് ടിക്കറ്റിന് ഇൗടാക്കുന്നതെങ്കിലും തിരക്കിനൊരു കുറവുമില്ല. സർക്കസിെൻറ തീമുകൾ നിരന്തരം പുതുക്കും.
ഇപ്പോഴത്തെ തീം സ്വാഭാവികമായും ലോകകപ്പ് ഫുട്ബാൾ തന്നെ. ഫുട്ബാൾ പ്രമേയമായ നിരവധി അഭ്യാസങ്ങളിലൂടെ ലോകസാഹോദര്യം എന്നൊരാശയം വികസിപ്പിച്ചെടുക്കുന്നത് കണ്ടിരിക്കാൻ നല്ല കൗതുകം തോന്നും. പൂർണമായ സുരക്ഷ മുൻകരുതലുകളോടെയാണ് അവതരണങ്ങളെല്ലാം. വിസ്മയത്തിെൻറ കൊടുമുടിയോളം നമ്മെ കൊണ്ടെത്തിക്കുന്ന അഭ്യാസപ്രകടനങ്ങൾ നടത്തുന്ന ആർട്ടിസ്റ്റുകളുടെ ശരീരത്തിലെല്ലാം മുകളിൽ നിന്ന് ഞാത്തിയിട്ട സുരക്ഷാ കമ്പികൾ കൊളുത്തിയിരിക്കുന്നത് സൂക്ഷിച്ചുനോക്കിയാൽ കാണാം. സർക്കാറിെൻറ കീഴിലാണ് ശബ്ദവും വെളിച്ചവുമെല്ലാം അതിവിദഗ്ധമായി ക്രമീകരിച്ച ഈ സ്ഥിരം സർക്കസ് തിയറ്റർ. കലാകാരന്മാരെല്ലാം ഉയർന്ന വേതനം പറ്റുന്ന സർക്കാർ ഉദ്യോഗസ്ഥരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.