ദോഹ: 2022 ഖത്തർ ലോകകപ്പിൽ ടീമുകളുടെ എണ്ണത്തിൽ വർധനവുണ്ടാക്കാനുള്ള ഫിഫയുടെ പദ്ധ തി ഉപേക്ഷിച്ചു. സ്വിറ്റ്സർലൻഡിൽ ചേർന്ന യോഗത്തിലാണ് പുതിയ പദ്ധതി ഉപേക്ഷിക്കാൻ ധ ാരണയായത്. ജൂൺ അഞ്ചിനു ചേരുന്ന ഫിഫ കോൺഗ്രസിൽ ഇതുസബന്ധിച്ച ചർച്ച ഇനി ഉണ്ടാവില്ല. ഇ തോടെ, മുൻ ലോകകപ്പു പോലെ 32 രാജ്യങ്ങൾ തന്നെയായിരിക്കും ഖത്തറിലും മാറ്റുരക്കുന്നത്. ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫെൻറീനോയായിരുന്നു ടീമുകളുടെ എണ്ണം കൂട്ടാനുള്ള ആശയം മുന്നോട്ടുവെച്ചിരുന്നത്. 2022 ലോകകപ്പിൽ തന്നെ പദ്ധതി നടപ്പാക്കാൻ ഇൻഫെൻറീനോയുടെ നേതൃത്വത്തിൽ ശ്രമം നടത്തിയിരുന്നെങ്കിലും ഖത്തറിനെതിരെയുള്ള ഉപരോധവും മറ്റു രാഷ്ട്രീയ വികാസങ്ങളും ഇതു നടപ്പാക്കുന്നതിന് തിരിച്ചടിയായി. അയൽ രാജ്യങ്ങളുമായി സഹകരിച്ചായിരുന്നു മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഫിഫ പ്രസിഡൻറ് പ്രതീക്ഷിച്ചപോലെ കാര്യങ്ങൾ മുന്നോട്ടുപോവാതിരുന്നതോടെയാണ് പിന്മാറേണ്ടി വന്നത്.
ഖത്തർ ലോകകപ്പിൽ 48 ടീമുകൾ എന്ന ആവശ്യം സംബന്ധിച്ചുള്ള സാധ്യതാപഠനത്തിന് ഫിഫ കൗൺസിൽ അവസാന യോഗത്തിൽ അംഗീകാരം നൽകിയിരുന്നു. ടീമുകളുടെ എണ്ണം കൂട്ടുന്നത് സംബന്ധിച്ച് ഫിഫയും ഖത്തറും എല്ലാ സാധ്യതകളും പരിശോധിക്കുകയും ചെയ്തു. അയൽ രാജ്യങ്ങളെക്കൂടി പെങ്കടുപ്പിച്ച് 48 ടീമുകളുള്ള ടൂർണമെൻറ് നടത്താനുള്ള ആലോചനയും നടന്നു. എന്നാൽ, നിലവിലെ സാഹചര്യങ്ങളെല്ലാം വിലയിരുത്തിയതിന് ശേഷം 48 ടീമുകൾ എന്നത് ഖത്തർ ലോകകപ്പിൽ സാധ്യമല്ല എന്ന തീരുമാനത്തിലേക്ക് ഫിഫ എത്തുകയായിരുന്നു.
വലിയ ടൂർണമെൻറ് നടത്തുേമ്പാൾ ഏറെ ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്. ഖത്തർ 32 ടീമുകൾക്കായുള്ള ഒരുക്കങ്ങൾ ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനാൽ അന്തിമ തീരുമാനം ജൂൺ മാസത്തിനപ്പുറം നീട്ടാൻ കഴിയില്ല. ഇതിനാൽതന്നെ ടീമുകളുടെ വർധനവ് സംബന്ധിച്ച് കൂടുതൽ കാത്തിരിക്കാനാകില്ലെന്നും ഫിഫ പ്രസ്താവനയിൽ പറയുന്നു. ഇതോടെ അമേരിക്ക, മെക്സികോ, കാനഡ രാജ്യങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന 2026 ലോകകപ്പിലായിരിക്കും 48 ടീമുകൾ മാറ്റുരക്കുന്ന ലോകമാമാങ്കം നടക്കുന്നത്. കഴിഞ്ഞ നവംബറിൽ യുവേഫ പ്രസിഡൻറ് അലക്സാണ്ടർ സെഫറിൻ 16 രാജ്യങ്ങളെ കൂടി ലോകകപ്പിൽ കൂട്ടാനുള്ള തീരുമാനത്തിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.
ജൂൺ അഞ്ചിന് നടക്കുന്ന അടുത്ത ഫിഫ കോൺഗ്രസിൽ ഇനി വിഷയം ചർച്ചക്കെടുക്കേണ്ട ആവശ്യമില്ലെന്നും ഫിഫ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.