ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ വിജയഗോൾ നേടിയ മക് അലിസ്റ്ററിന്റെ ആഘോഷം
ലണ്ടൻ: കളി മുക്കാൽപങ്കും പിന്നിട്ട പ്രീമിയർ ലീഗിൽ കിരീടസ്വപ്നങ്ങളിലേക്ക് വീണ്ടും ഗോളടിച്ചുകയറി ആഴ്സനൽ. തുടർച്ചയായ സമനിലകളുമായി ഒന്നാം സ്ഥാനത്തിന് ഇളക്കം വന്നുതുടങ്ങിയതിനിടെയാണ് ടോട്ടൻഹാം ഹോട്സ്പറിനെ 4-1ന് വീഴ്ത്തി ടീം നില ഭദ്രമാക്കിയത്. മാസങ്ങൾക്കുമുമ്പ് സ്പേഴ്സിനെതിരെ ഹാട്രിക് നേടിയ എബറെച്ചി എസെയായിരുന്നു ഇത്തവണയും അന്തകൻ. താരം ഡബിളടിച്ചപ്പോൾ വിക്ടർ ഗ്യോകെറെസും രണ്ടുവട്ടം വലകുലുക്കി. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും ദുർബലരായ വുൾവ്സ് അടക്കം രണ്ടു ടീമുകളോട് സമനില വഴങ്ങിയതിനുപിന്നാലെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി ആഴ്സനലുമായി പോയന്റ് അകലം കുറച്ചിരുന്നു.
നിർണായകമായ മറ്റൊരു മത്സരത്തിൽ ഒറ്റ ഗോൾ ജയവുമായി ലിവർപൂൾ ആറാം സ്ഥാനത്ത് തുടരുന്നു. നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ മാക് അലിസ്റ്ററാണ് ടീമിന്റെ വിജയഗോൾ നേടിയത്. 45 പോയന്റ് നേടി മൂന്ന് ടീമുകൾ നാലാം സ്ഥാനത്തിനുവേണ്ടി ഒപ്പം പൊരുതുന്നുണ്ട്. ചെൽസി, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നിവയാണ് ലിവർപൂളിനൊപ്പമുള്ള ടീമുകൾ. ഒന്നാമതുള്ള ആഴ്സനലിന് 28 കളികളിൽ 61 പോയന്റുണ്ട്. ഒരു കളി കുറച്ചുകളിച്ച സിറ്റിക്ക് 56ഉം ആസ്റ്റൺ വില്ലക്ക് 51ഉം പോയന്റാണ് സമ്പാദ്യം.
സണ്ടർലാൻഡിനെ വീഴ്ത്തി ഫുൾഹാം ആദ്യ പത്തിലേക്ക് കയറിയതായിരുന്നു ലീഗിലെ മറ്റൊരു പ്രധാന നേട്ടം.
മഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് േപ്ല ഓഫ് രണ്ടാം പാദ പോരാട്ടങ്ങൾക്ക് ചൊവ്വാഴ്ച തുടക്കം. പി.എസ്.ജി, റയൽ മഡ്രിഡ് എന്നിവർ ആദ്യപാദ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് രണ്ടാം അങ്കത്തിനിറങ്ങുന്നത്. അതേസമയം, ആദ്യപാദം സമനിലയിലായ അത്ലറ്റികോ മഡ്രിഡിനും, ഗലറ്റ്സറയോട് തോറ്റ യുവന്റസിനും ജീവന്മരണ പോരാട്ടമാണിത്. ബെൽജിയത്തിന്റെ ക്ലബ് ബ്രൂജിനെതിരെ മഡ്രിഡിലാണ് അത്ലറ്റികോയുടെ കളി. പോർചുഗൽ ക്ലബ് ബെൻഫികക്കെതിരെ 1-0ത്തിനായിരുന്നു റയലിന്റെ ആദ്യപാദ ജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.