ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരുടെ പോരാട്ടം കണ്ട ബുധനാഴ്ച തോല്‍ക്കാന്‍ വിസമ്മതിച്ച് ചെല്‍സിയും ലിവര്‍പൂളും സമനില നേടിയപ്പോള്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങി ആഴ്സനലും ദുര്‍ബലരോട് സമനില വഴങ്ങി ടോട്ടന്‍ഹാം ഹോട്സ്പറും ആരാധകരെ ഞെട്ടിച്ചു. മറുവശത്ത് നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയുടെ ദുരിതത്തിന് ഇക്കുറിയും മാറ്റമുണ്ടായില്ല. പോരാട്ട രാവുകള്‍ കഴിയുംതോറും പോയന്‍റ് പട്ടികയില്‍ ചെല്‍സി നിര്‍ഭയമായി ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.
ലിവര്‍പൂള്‍-ചെല്‍സി ബലാബലം
കാല്‍പന്തുകളിയാരാധകര്‍ കാത്തിരുന്ന പോരാട്ടമായിരുന്നു ബുധനാഴ്ച ആന്‍ഫീല്‍ഡില്‍ കണ്ടത്. ഇറ്റാലിയന്‍ തന്ത്രങ്ങളുമായി ടീമിനെ ഉയരങ്ങളിലേക്ക് പറത്തുന്ന അന്‍േറാണിയോ കോണ്ടെയുടെ ചെല്‍സി അരലക്ഷത്തോളം കാണികള്‍ തിങ്ങിനിറഞ്ഞ ലിവര്‍പൂളിന്‍െറ മൈതാനത്തിലേക്കത്തെുമ്പോള്‍ നീലപ്പടയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിടാമെന്നായിരുന്നു യുറുഗന്‍ ക്ളോപ്പും ഒപ്പം ആരാധകരും കണക്കുകൂട്ടിയിരുന്നത്. കളിതുടങ്ങി ആരാധകരുടെ ആര്‍പ്പുവിളിയോടൊപ്പം തുടക്കത്തില്‍ ആക്രമിച്ചുകളിച്ച ലിവര്‍പൂളിനെ ചെല്‍സി പ്രതിരോധം സമര്‍ഥമായി നേരിട്ടു. കൗണ്ടര്‍ അറ്റാക്കിങ്ങിനു പേരുകേട്ട ചെല്‍സിയും അവസരങ്ങള്‍ പാഴാക്കാതെ ലിവര്‍പൂള്‍ പോസ്റ്റിനരികെ ഭീതിപടര്‍ത്തിക്കൊണ്ടിരുന്നു. ഒടുവില്‍ 25ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് അവസരം ബ്രസീല്‍ താരം ഡേവിഡ് ലൂയിസ് ലക്ഷ്യത്തിലത്തെിച്ചതോടെ നിറഞ്ഞു കവിഞ്ഞ ഗാലറി നിശ്ശബ്ദമായി.
ലിവര്‍പൂള്‍ ഗോളി സിമണ്‍ മിഗ്നോലറ്റിന്‍െറ അശ്രദ്ധയാണ് ഗോളില്‍ കലാശിച്ചത്. ഇടതുവശത്ത് അല്‍പം അകലെനിന്ന് അത്ര അപകടകാരിയല്ലാത്ത ഫ്രീകിക്കിന് ഗോളി സിമണ്‍ ഒരുങ്ങിയിരുന്നില്ല. പന്ത് കിക്ക് സ്പോട്ടില്‍ വെച്ച് വില്യണ്‍ ഡാ സില്‍വ പിന്നോട്ടേക്ക് നീങ്ങിനില്‍ക്കുന്ന മാത്രയില്‍ ലൂയിസ് ഞൊടിയിടെ ഓടിവന്ന് കിക്കെടുക്കുകയായിരുന്നു. ഈസമയം ഗോളി ഡിഫന്‍സിനായി കളിക്കാരെ ഒരുക്കുന്ന തിരക്കിലായിരുന്നു. ലിവര്‍പൂള്‍ താരങ്ങള്‍ തര്‍ക്കിച്ചെങ്കിലും വഴങ്ങാതെ റഫറി സെന്‍റര്‍ സര്‍ക്കിളിലേക്ക് കൈ നീട്ടി. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയില്‍നിന്നും കഴിഞ്ഞ ആഗസ്റ്റില്‍ ചെല്‍സിയിലേക്ക് തിരിച്ചത്തെിയതിനുശേഷം ലൂയിസിന്‍െറ ആദ്യ ഗോളാണിത്. രണ്ടാം പകുതിയില്‍ 57ാം മിനിറ്റിലാണ് ലിവര്‍പൂള്‍ സമനില കണ്ടത്തെിയത്.
ജെയിംസ് മില്‍നറുടെ ക്രോസ് ജോര്‍ജിനിയോ വിനാല്‍ഡം ഹെഡറിലൂടെ ഗോളാക്കിമാറ്റുകയായിരുന്നു. ജയത്തിനായി പിന്നീട് ഇരുവരും വാശിയേറിയ പോരാട്ടം കാഴ്ചവെച്ചു. ഒടുവില്‍ 76ാം മിനിറ്റില്‍ ചെല്‍സിക്കു പെനാല്‍റ്റി രൂപത്തില്‍ സുവര്‍ണാവസരം ലഭിച്ചു. എന്നാല്‍ കിക്കെടുത്ത ഡീഗോ കോസ്റ്റക്ക് പിഴച്ചു. ഗോളി ചാടിയതും കോസ്റ്റ കിക്കെടുത്തതും ഒരേ പൊസിഷനില്‍. ഇതോടെ നേരത്തെ വരുത്തിയ പിഴവിന് മിഗ്നോലറ്റ് പ്രായശ്ചിത്വം ചെയ്ത് ടീമിന്‍െറ താരമായി മാറി.
നിര്‍ഭാഗ്യം ആഴ്സനല്‍
പോയന്‍റ് പട്ടികയില്‍ ചെല്‍സിക്കു പിറകെ കുതിക്കാനുള്ള അവസരമായിരുന്നു ആഴ്സനലിന് ഇത്. രണ്ടാം സ്ഥാനത്തിന് ഭീഷണിയായ ടോട്ടന്‍ഹാമിനെ മറികടക്കാനുള്ള സുവര്‍ണ അവസരം. എന്നാല്‍ ഗണ്ണേഴ്സ് ഇതു പാഴാക്കി. 13ാം സ്ഥാനക്കാരായ വാറ്റ്ഫോഡിനോട് 2-1ന് തോറ്റു. ഇരുഗോളുകളും വഴങ്ങിയത് ആദ്യ 15 മിനിറ്റുകള്‍ക്കുള്ളില്‍. എമിറേറ്റ് സ്റ്റേഡിയത്തില്‍ സ്വന്തം ആരാധകര്‍ക്കുമുമ്പില്‍ താരതമ്യേന ദുര്‍ബലരായ വാറ്റ്ഫോഡിനോട് വിജയമുറപ്പിച്ചായിരുന്നു ഗണ്ണേഴ്സ് ഇറങ്ങിയത്. എന്നാല്‍, ആരും അട്ടിമറിക്കപ്പെടാന്‍ സാധ്യതയുള്ള ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ അശക്തര്‍- ശക്തര്‍ എന്ന വേര്‍തിരിവില്ളെന്ന് തെളിയിച്ച് കളി പൂര്‍ത്തിയായപ്പോള്‍ വാറ്റ്ഫോഡ് ജയിച്ചു. 1988ന് ശേഷം ലീഗ് മത്സരത്തില്‍ ഗണ്ണേഴ്സിനെതിരെ വാറ്റ്ഫോഡിന്‍െറ ആദ്യ വിജയമാണിത്. ഫ്രഞ്ച്താരം യൂനിസ് കബൗള്‍ 10ാം മിനിറ്റിലും ട്രോയ് ഡീനി 13ാം മിനിറ്റിലും ഗോള്‍ നേടിയപ്പോള്‍ അന്ധാളിച്ചു നില്‍ക്കുകയായിരുന്നു ആഴ്സനല്‍. നിരവധി ചാന്‍സുകള്‍ ഗണ്ണേഴ്സ് ഒരുക്കിയെങ്കിലും ഒരു പന്തും വലയിലേക്ക് കയറിയില്ല. 58ാം മിനിറ്റില്‍ നൈജീരിയന്‍ താരം അലക്സ് ഇവോബിയിലൂടെ ആഴ്സനല്‍ ഒരുഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ പിന്നീട് ഗോളവസരങ്ങളൊന്നും ലഭിച്ചില്ല. കളിതീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ അലക്സി സാഞ്ചസിന്‍െറ മാരക ബുള്ളറ്റ്ഷോട്ട് പോസ്റ്റിന്‍െറ ഉച്ചിയില്‍ തട്ടിമടങ്ങി. ഇതോടെ ആഴ്സനല്‍ നിര്‍ഭാഗ്യ തോല്‍വിയും ഉറപ്പിച്ചു.
അവസരം നഷ്ടപ്പെടുത്തി ടോട്ടന്‍ഹാം
ഒന്നാം സ്ഥാനം വിട്ടുതരാത്ത ചെല്‍സിക്കു ഭീഷണി ഉയര്‍ത്താനുള്ള സുവര്‍ണാവസരമായിരുന്നു ബുധനാഴ്ച മൗറീഷ്യോ പൊച്ചട്ടിനോയുടെ ടോട്ടന്‍ഹാമിന്. എന്നാല്‍ സണ്ടര്‍ലന്‍ഡിനോട് ഗോള്‍രഹിത സമനില വഴങ്ങി ടോട്ടന്‍ഹാം അവസരം കളഞ്ഞു കുളിച്ചു. ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന സണ്ടര്‍ലന്‍ഡിനെ തോല്‍പിക്കല്‍ എളുപ്പമായിരുന്നെങ്കിലും 90 മിനിറ്റിലും ഇഞ്ചുറി ടൈമിലും എതിര്‍വല കുലുക്കാന്‍ മാത്രം സാധിച്ചില്ല. ആദ്യപകുതിയില്‍ ലെഫ്റ്റ് ബാക്ക് ഡാനി റോസിന് പരിക്ക് പറ്റി പുറത്തായതും ടീമിന് തിരിച്ചടിയായി. സമനില വഴങ്ങിയതോടെ രണ്ടാം സ്ഥാനത്തുള്ള ടോട്ടന്‍ ഹാമും ഒന്നാം സ്ഥാനക്കാരായ ചെല്‍സിയുമായുള്ള അന്തരം ഒമ്പതായി വര്‍ധിച്ചു.
ലെസ്റ്ററിന്‍െറ കഥയില്‍ മാറ്റമില്ല
നിലവിലെ ചാമ്പ്യന്മാരുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ ഇത്തവണ തരംതാഴ്ത്തപ്പെടുമെന്നതില്‍ സംശയം വേണ്ട. ബേണ്‍ലിയോട് 1-0ന് വീണ്ടും തോറ്റിരിക്കുന്നു. ഇതോടെ അവസാന എട്ടുമത്സരങ്ങളില്‍ നീലക്കുറുക്കന്മാര്‍ വിജയിച്ചത് ഒരേയൊരു മത്സരത്തില്‍ മാത്രം. രണ്ടു പോയന്‍റുകൂടി നഷ്ടമായാല്‍ ലെസ്റ്റര്‍ റെലിഗേഷന്‍ സോണില്‍ അകപ്പെടും. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ വെയില്‍സ് താരം സാംവോക്സിന്‍െറ വിവാദ ഗോളിലാണ് ലെസ്റ്റര്‍ ഗോള്‍ വഴങ്ങുന്നത്. തോല്‍വിയോടെ 21 പോയന്‍റുമായി 16ാം സ്ഥാനത്താണ് ലെസ്റ്റര്‍. 29 പോയന്‍റുമായി ബേണ്‍ലി ഒമ്പതാം സ്ഥാനത്തും.
മറ്റു മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് എ.എഫ്.സി ബൗണ്‍മൗത്തിനെ 2-0നും സ്വാന്‍സീ സിറ്റി സതാംപ്ടണിനെ 2-1നും പരാജയപ്പെടുത്തിയപ്പോള്‍ മിഡ്ല്‍സ്ബര്‍-വെസ്റ്റ് ബ്രോംവിച് മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.