കൊച്ചി: ലാ ലിഗ വേൾഡ് പ്രീ സീസൺ ടൂർണമെൻറിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം. ടൂർണമെൻറിലെ ശക്തന്മാരായ ജിറോണ എഫ്.സിയും മെൽബൺ സിറ്റി എഫ്.സിയുമാണ് ഇന്ന് കൊച്ചിയുടെ മൈതാനത്തെ തീപിടിപ്പിക്കുക. സിറ്റി ഫുട്ബാൾ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള രണ്ട് ടീമുകൾ വിദേശ മണ്ണിൽ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. വൈകീട്ട് ഏഴിന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ആറ് ഗോളിന് പരാജയപ്പെടുത്തിയതിെൻറ ആത്മവിശ്വാസവുമായാണ് മെൽബൺ കളത്തിലിറങ്ങുന്നത്. സാങ്കേതികത്തികവുള്ള കളിച്ചിട്ടയായിരുന്നു മെൽബണിെൻറ പ്ലസ് പോയൻറ്. സീനിയേഴ്സിനൊപ്പം റിസർവ് താരങ്ങളെയും പരീക്ഷിക്കുന്നതായിരുന്നു ശൈലി. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ മറികടന്ന് ഗോൾ കണ്ടെത്താൻ മെൽബണിന് പ്രയാസമുണ്ടായില്ല. ടീമെന്ന നിലയിൽ താരങ്ങളെ മാറ്റിക്കളിപ്പിക്കുന്നതിൽ ഉൾപ്പെടെ വ്യക്തമായ ഗെയിം പ്ലാൻ സൂക്ഷിച്ചിരുന്നു. രണ്ടാംപകുതിയിലാണ് സ്റ്റാർ സ്ട്രൈക്കറായ ഉറുഗ്വായ് താരം ബ്രൂണോ ഫോര്നലോരിയെ ഇറക്കിയത്.
ഗോൾ കണ്ടെത്തുന്നതിൽ വിജയിച്ചതിനൊപ്പം പരിക്കും പ്രശ്നവുമില്ലാതെ പ്രീ സീസൺ അവസാനിപ്പിക്കുകയെന്ന നയത്തിലും ടീം വിജയിച്ചു. ജയത്തോടെ ടൂർണമെൻറിൽ ഒന്നാം സ്ഥാനത്താണ് മെൽബൺ. കളിമികവുകൊണ്ട് ടോപ് ഡിവിഷനിലേക്ക് സ്ഥാനംകിട്ടിയതിെൻറ ആത്മവിശ്വാസമാകും വൈറ്റ്സ് ആൻഡ് റെഡ്സ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ജിറോണയുടെ ഊർജം. അഞ്ചുദിവസം മുമ്പ് സൗഹൃദമത്സരത്തിൽ ഇംഗ്ലീഷ് ഫുട്ബാളിലെ മികച്ച ടീമുകളിലൊന്നായ ബോള്‍ട്ടണ്‍ വാണ്ടറേഴ്സിനെ ഗോൾരഹിത സമനിലയിൽ തളക്കാൻ കഴിഞ്ഞതും ടീമിെൻറ ആത്മവിശ്വാസം വർധിപ്പിക്കും.
കഴിഞ്ഞ സീസണിൽ ക്ലബിനെ തോളേറ്റിയ ഉറുഗ്വായ് സ്ട്രൈക്കർ ക്രിസ്റ്റ്യൻ സ്റ്റുവാനിയും ഡിഫൻഡർ കൊളംബിയൻ താരം ജൊഹാൻ മൊജിക്കും ഇല്ലെങ്കിലും മികച്ച താരനിരയുണ്ട്. മുൻ ബാഴ്സിലോണ താരം മാർക്ക് മുനിയേസ, മൊറൊക്കോ ലോകകപ്പ് സ്ക്വാഡിലുണ്ടായിരുന്ന ഗോൾകീപ്പർ യാസിൻ ബോനോ, കൊളംബിയൻ താരം ബെർനാർഡോ ജോസ് എസിനോസ, ഹോണ്ടുറാസ് സ്ട്രൈക്കർ ആൻറണി ലൊസാനോ, മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് ലോണടിസ്ഥാനത്തിൽ ടീമിലെത്തിയ അലെക്സ് ഗാർസിയ ഉൾപ്പെടെ താരങ്ങളാണ് ക്ലബിെൻറ ശക്തി. കേരള മണ്ണിൽ രണ്ട് വിദേശ ടീമുകൾ നേർക്കുനേർ എത്തുമ്പോൾ മികച്ച മത്സരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഫുട്ബാൾ പ്രേമികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.