കൊച്ചി: നാലാം മത്സരത്തിലെങ്കിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരളത്തിന്‍െറ സ്വന്തം ടീമിനെ ഭാഗ്യം തുണക്കുമോ? കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആര്‍ത്തലക്കുന്ന അരലക്ഷത്തിലധികം കാണികള്‍ക്കുമുന്നില്‍ സീസണില്‍ മൂന്നാം വട്ടം പന്തുതട്ടാനിറങ്ങുമ്പോള്‍ ഒരു ജയമാണ് സ്റ്റീവ് കോപ്പലിന്‍െറയും സംഘത്തിന്‍െറയും ലക്ഷ്യം. മുംബൈ സിറ്റി എഫ്.സിക്കെതിരെയാണ് വെള്ളിയാഴ്ച വൈകീട്ട് ഏഴു മണി മുതല്‍ കേരള ബ്ളാസ്റ്റേഴ്സിന്‍െറ മൂന്നാം ഹോം മാച്ച്. മൂന്നു കളികളില്‍ ഒരു പോയന്‍റ് മാത്രം നേടി പരുങ്ങലിലായ ടീമിന് പിടിച്ചുനില്‍ക്കാന്‍ പിടിവള്ളിയായി ഒരു ജയം തന്നെ വേണം.

തോല്‍വി, സമനില, ജയം?

ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തില്‍ നടക്കുന്ന ഏത് ടൂര്‍ണമെന്‍റിലും സ്വന്തം തട്ടകത്തില്‍ അരങ്ങൊരുക്കുന്ന മത്സരങ്ങളാണ് ഏതൊരു ടീമിന്‍െറയും കരുത്ത്. തൊണ്ട പൊട്ടുമാറുച്ചത്തില്‍ ടീമിനായി ആര്‍ത്തുവിളിക്കുന്ന പതിനായിരങ്ങളുടെ പിന്തുണ കൂടിയുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. കളിയുടെ അവസാന നിമിഷം വരെ തോല്‍വി തുറിച്ചുനോക്കുന്ന ടീമിന് തിരിച്ചുവരവിന് പ്രചോദനമായി അതുമാത്രം മതി. എന്നാല്‍, സ്വന്തം മൈതാനമെന്നത് ഇരുതലമൂര്‍ച്ചയുള്ള വാളാണ്. കാണികളുടെ കൈയടി പ്രചോദനമാവുന്നതുപോലെ തന്നെ അതുയര്‍ത്തുന്ന സമ്മര്‍ദം അതിജീവിക്കുകയെന്നതും പ്രധാനമാണ്. ബ്ളാസ്റ്റേഴ്സിന്‍െറ പ്രധാന പ്രശ്നവും അതുതന്നെ. എന്നാല്‍, ഓരോ കളി കഴിയുമ്പോഴും കുറച്ചെങ്കിലും മെച്ചപ്പെട്ടുവരുന്ന ബ്ളാസ്റ്റേഴ്സ് സീസണിലെ നാലാം മത്സരത്തില്‍ വിജയവഴിയിലത്തെുമോ? ഈ ചോദ്യമാണ് ആരാധകരുടെ മനസ്സുനിറയെ. ഉദ്ഘാടന മത്സരത്തില്‍ ഗുവാഹതിയില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനോട് കൊമ്പുകുത്തിയശേഷം അത്ലറ്റികോ ഡി കൊല്‍ക്കത്തയോടും തോറ്റാണ് കേരള ടീം കൊച്ചിയിലെ പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടത്. അടുത്ത കളിയില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ സമനില പിടിച്ച ബ്ളാസ്റ്റേഴ്സ് അടുത്ത അവസരത്തില്‍ ജയം പിടിച്ചെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.  
ഹ്യൂസ് വരുന്നു; ഫ്യൂസ് വരുമോ?

രണ്ടു കളികളിലെ ഇടവേളക്കുശേഷം മാര്‍ക്വീതാരം ആരോണ്‍ ഹ്യൂസ് തിരിച്ചത്തെുന്നതാണ് ബ്ളാസ്റ്റേഴ്സ് ക്യാമ്പില്‍ ആവേശം പകരുന്നത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള വടക്കന്‍ അയര്‍ലന്‍ഡ് ടീമിലേക്ക് വിളി വന്നതോടെയാണ് ടീമിന്‍െറ പടനായകന്‍ താല്‍ക്കാലികമായി വിടവാങ്ങിയിരുന്നത്. ദേശീയ ടീമിന്‍െറ ആദ്യ കളിയില്‍ അവസരം ലഭിച്ചില്ളെങ്കിലും കഴിഞ്ഞദിവസം ജര്‍മനിക്കെതിരെ മുഴുവന്‍ സമയം പന്തുതട്ടിയ ഹ്യൂസിന്‍െറ വരവ് ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. പ്രതിരോധമധ്യത്തില്‍ ഹ്യൂസും സെഡ്രിക് ഹെങ്ബര്‍ട്ടും ഒരുമിക്കുന്നതോടെ ബ്ളാസ്റ്റേഴ്സിന്‍െറ ഒന്നിലധികം സമസ്യകള്‍ക്കാണ് പരിഹാരമാവുക. സെന്‍ട്രല്‍ ഡിഫന്‍സില്‍നിന്ന് സന്ദേശ് ജിങ്കാന് ഇടതുവിങ്ങിലേക്ക് മാറാം. അതോടെ താല്‍ക്കാലികമായി ആ പൊസിഷനില്‍ കളിക്കുന്ന ഹോസു പ്രീറ്റോക്ക് കൂടുതല്‍ ഇണങ്ങുന്ന പ്ളേമേക്കര്‍ റോളിലേക്കും മാറാം.
ഹെങ്ബര്‍ട്ടിന്‍െറ കാര്യം തുലാസില്‍

എന്നാല്‍, സ്ഥാനം പിന്‍നിരയിലാണെങ്കിലും കഴിഞ്ഞ രണ്ടു കളികളിലും ടീമിനെ മുന്നില്‍നിന്ന് നയിച്ച ഹെങ്ബര്‍ട്ട് ഇന്ന് ഇറങ്ങുന്ന കാര്യം സംശയത്തിലാണ്. ഡല്‍ഹിക്കെതിരെ രണ്ടാം പകുതിയിലേറ്റ പരിക്കാണ് കാരണം. ഹെങ്ബര്‍ട്ടിന്‍െറ കാര്യം ഫിഫ്റ്റി ഫിഫ്റ്റി ആണെന്നാണ് കോച്ച് കോപ്പല്‍ പ്രതികരിച്ചത്. പൂര്‍ണ ഫിറ്റല്ളെങ്കിലും ടീമിനുവേണ്ടി നൂറുശതമാനം സമര്‍പ്പിക്കുന്ന ഹെങ്ബര്‍ട്ട് കളത്തിലിറങ്ങാനുള്ള സാധ്യത അതിനാല്‍ കൂടുതലാണ്.
മധ്യ, മുന്‍നിരകളുടെ ദൗര്‍ബല്യം

പിന്‍നിര തരക്കേടില്ലാതെ പൊരുതുമ്പോഴും ഒത്തിണക്കവും ലക്ഷ്യബോധവുമില്ലാതെ ഓടിക്കളിക്കുന്ന മധ്യ, മുന്‍നിരകളാണ് ബ്ളാസ്റ്റേഴ്സിന്‍െറ ദൗര്‍ബല്യം. കളി മെനയാനും വലനിറക്കാനും ശേഷിയുള്ള കളിക്കാരുടെ അഭാവം കേരള ടീമിന് നന്നായുണ്ട്. രണ്ടു വിഭാഗങ്ങളിലും രണ്ടു പ്രധാന പൊസിഷനുകളില്‍ കളിക്കാന്‍ പറ്റിയവര്‍ ടീമിലില്ല. അഞ്ച് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരുള്ള സംഘത്തില്‍ ഗോള്‍മണമുള്ള ത്രൂപാസ് നല്‍കാനോ ബോക്സില്‍ വരെ പന്തത്തെിച്ച് നല്‍കാനോ കെല്‍പുള്ള ലക്ഷണമൊത്ത പ്ളേമേക്കര്‍ മരുന്നിനുപോലുമില്ല. ആ പൊസിഷനില്‍ ഉപയോഗപ്പെടുത്താവുന്ന ഹോസുവാകട്ടെ ലെഫ്റ്റ് ബാക്കില്‍ കുടുങ്ങിക്കിടക്കുന്നു. ഏഴു സ്ട്രൈക്കര്‍മാരെ കൊണ്ട് നിറഞ്ഞുനില്‍ക്കുന്ന ടീമില്‍ വശങ്ങളില്‍ ഇരമ്പിക്കയറിയത്തെുകയും എണ്ണംപറഞ്ഞ ക്രോസുകള്‍ തൊടുക്കുകയും ചെയ്യുന്ന വിങ്ങര്‍മാരെ മഷിയിട്ട് നോക്കിയാലും കാണാനില്ല.

ഒത്തിണങ്ങിയാല്‍ വിജയം വരും

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ ‘ശരാശരി’ ടീം ഒത്തിണങ്ങിയാല്‍ വിജയം വഴിക്കുവരും എന്ന കാര്യത്തില്‍ സംശയമില്ല. ആദ്യ സീസണിലെ ബ്ളാസ്റ്റേഴ്സിന്‍െറ മുന്നേറ്റം തന്നെ അതിന് ഏറ്റവും വലിയ തെളിവ്. വിദേശ സൂപ്പര്‍ താരങ്ങളോ മുന്‍നിര ഇന്ത്യന്‍ കളിക്കാരോ ഇല്ലാത്ത ടീമാണ് അന്ന് ഫൈനല്‍ വരെയത്തെിയത്. അതിനാല്‍തന്നെ അതിനിയും സാധ്യമാവും. അതിനുള്ള ആത്മവിശ്വാസം നിറക്കാനുള്ള ശ്രമത്തിലാണ് കോപ്പലും സഹായികളും. കഴിഞ്ഞ കളിയില്‍ ഡല്‍ഹിക്കെതിരെ കൂടുതല്‍ ഒത്തൊരുമ കാട്ടിയത് ആരാധകര്‍ക്കും പ്രതീക്ഷയേകുന്നു.

ഫോര്‍ലാനില്ലാതെ മുംബൈ; നിരാശരായി കാണികള്‍

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഡീഗോ ഫോര്‍ലാന്‍ എന്ന സൂപ്പര്‍ താരം ഇല്ലാത്തത് മുംബൈ എഫ്.സിക്ക് കനത്ത തിരിച്ചടിയാവും. മാര്‍ക്വീ താരമെന്നതിലുപരി ടീമിന്‍െറ മുന്‍നിരയിലെ പ്രധാനിയും പ്രചോദനകേന്ദ്രവുമായ ഉറുഗ്വായ്ക്കാരന്‍െറ അഭാവം നിഴലിച്ച കളിയായിരുന്നു മുംബൈ കഴിഞ്ഞ റൗണ്ടില്‍ കാഴ്ചവെച്ചത്. മതിയാസ് ഡിഫെഡറികോയുടെ ഗോളില്‍ ലീഡെടുത്തെങ്കിലും ഫോര്‍ലാന്‍െറ അഭാവത്തില്‍ ഒത്തിണക്കം കുറഞ്ഞ കളിയായിരുന്നു മുംബൈയുടേത്. മധ്യനിരയില്‍ ഇതുവരെ തിളങ്ങാത്ത ലിയോ കോസ്റ്റക്ക് പകരം കഴിഞ്ഞ സീസണില്‍ മികച്ചുനിന്ന സോണി നോര്‍ദക്ക് അവസരം നല്‍കാന്‍ മുംബൈ കോച്ച് അലക്സാന്‍ഡ്രെ ഗ്വിമാറെസ് തുനിഞ്ഞേക്കും. അത്ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരായ മത്സരത്തിനുമുമ്പ് പരിക്കേറ്റ ഫോര്‍ലാന്‍ ടീമിനൊപ്പം കൊച്ചിയിലത്തെിയിട്ടില്ല. അതിനാല്‍ തന്നെ ഗാലറിയില്‍ പോലും ഇഷ്ടതാരത്തെ കാണാന്‍ ആരാധകര്‍ക്ക് അവസരമുണ്ടാവില്ല. ഇത്തവണത്തെ ഐ.എസ്.എല്ലിലെ ഏറ്റവും താരമൂല്യമുള്ള വിദേശ കളിക്കാരനെ കാണാനുള്ള ഭാഗ്യം കൊച്ചിക്കുണ്ടാവില്ളെന്ന് ചുരുക്കം.

ഹര്‍ത്താലില്‍ കുടുങ്ങി ഐ.എസ്.എല്ലും

കേരളത്തിലെ ഹര്‍ത്താല്‍ ഐ.എസ്.എല്ലിനെയും ബാധിക്കുന്ന കാഴ്ചയായിരുന്നു കൊച്ചിയില്‍. ഹര്‍ത്താല്‍ മൂലം പരിശീലകരുടെ വാര്‍ത്താസമ്മേളനം മുടങ്ങുക മാത്രമല്ല, ടീമിന്‍െറ പരിശീലനത്തെയും ബാധിച്ചു. തൃപ്പൂണിത്തറ ചോയ്സ് ഗ്രൗണ്ടിലേക്കുള്ള യാത്രാമധ്യേ ടീമിനെ തടയുക വരെയുണ്ടായി.

Tags:    
News Summary - kerala blasters,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.