കേരള ബ്ളാസ്റ്റേഴ്സ് x അത്ലറ്റികോ ഡി കൊല്‍ക്കത്ത കിരീടപ്പോരാട്ടം നാളെ

കൊച്ചി: കേരളം കാത്തിരുന്ന കാല്‍പന്ത് പൂരത്തിന് കൊച്ചിയുടെ മണ്ണും മനസ്സും ഒരുങ്ങി. ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ കെട്ടുകെട്ടിച്ചതിന്‍െറ വമ്പുമായി കേരള ബ്ളാസ്റ്റേഴ്സിന്‍െറ കൊമ്പന്മാരും ഐ.എസ്.എല്‍ ചരിത്രത്തിലെ രണ്ടാം കിരീടത്തിന് അത്ലറ്റികോ ഡി കൊല്‍ക്കത്തയും ഞായറാഴ്ച നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ തീപാറുമെന്നുറപ്പ്. കടം പലിശ സഹിതം വീട്ടാനാണ് സ്വന്തം മുറ്റത്ത് ബ്ളാസ്റ്റേഴ്സ് ഇറങ്ങുന്നത്. ഒന്നാം സീസണില്‍ നവിമുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലെ കലാശപ്പോരാട്ടത്തില്‍ കൊല്‍ക്കത്തയില്‍നിന്നേറ്റ മുറിവ് ബ്ളാസ്റ്റേഴ്സിന്‍െറ മനസ്സില്‍ ഉണങ്ങാതെ കിടപ്പുണ്ട്. അരലക്ഷത്തിലധികം വരുന്ന സ്വന്തം കാണികളുടെ മുന്നില്‍വെച്ച് പ്രതികാരം ചെയ്യാന്‍ തന്നെയായിരിക്കും ബ്ളാസ്റ്റേഴ്സ് ഇറങ്ങുന്നത്.

ആവേശമേകാന്‍ സചിനും ഗാംഗുലിയും
തങ്ങളുടെ ടീമുകളെ പ്രോത്സാഹിപ്പിക്കാനും ആരാധകരെ ആവേശത്തിലാക്കാനും വി.വി.ഐ.പി ലോഞ്ചില്‍ സചിന്‍ ടെണ്ടുല്‍കറും സൗരവ് ഗാംഗുലിയും ഉണ്ടാകും. ക്രീസില്‍ ഒരുമിച്ച് പോരാടിയിട്ടുണ്ടെങ്കിലും ഐ.എസ്.എല്ലില്‍ ഇരുവരും ശത്രുപക്ഷത്തായിരുന്നു. സചിന്‍ കേരള ബ്ളാസ്റ്റേഴ്സിനെ ഏറ്റെടുത്തപ്പോള്‍ സ്വന്തം നാട്ടിലെ ടീമിനൊപ്പമായിരുന്നു ഗാംഗുലി. ആദ്യ സീസണില്‍ കിരീടം ഗാംഗുലിക്കൊപ്പം നിന്നു. കളിക്കളത്തില്‍ ആഗ്രഹിച്ചതെന്തും നേടിയ താരമാണ് സചിന്‍. അന്ന് നഷ്ടപ്പെട്ട കിരീടം ഞായറാഴ്ച തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് സചിനും ആരാധകരും വിശ്വസിക്കുന്നത്. 

ആരാധകര്‍ കലിപ്പിലാണ്
ഓരോ മത്സരത്തിനും ബ്ളാസ്റ്റേഴ്സിന് ഊര്‍ജമേകാന്‍ സ്റ്റേഡിയത്തിലേക്കത്തെിയ ആരാധകര്‍ കലിപ്പിലാണ്. കാരണം മറ്റൊന്നുമല്ല, സ്വപ്നഫൈനല്‍ നേരില്‍കാണാന്‍ പലര്‍ക്കും ടിക്കറ്റില്ല. ഐ.എസ്.എല്‍ സംഘാടകരുടെയും കെ.എഫ്.എയുടെയും പിഴവാണ് ഫൈനല്‍ ടിക്കറ്റ് വിതരണത്തിലെ പ്രശ്നങ്ങളുടെ പ്രധാന കാരണം. സെമിഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റ് വില്‍പന മാധ്യമങ്ങളിലൂടെ നേരത്തെ അറിയിച്ചെങ്കിലും ഫൈനലിനുള്ള ടിക്കറ്റ് വില്‍പന ഒൗദ്യോഗികമായി അറിയിച്ചില്ല. കൊച്ചി വേദിയായി പ്രഖ്യാപിച്ച സമയത്തുതന്നെ ഫൈനല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമായിരുന്നെങ്കിലും ബ്ളാസ്റ്റേഴ്സ് ആരാധകര്‍ ടിക്കറ്റിന് നെട്ടോട്ടമോടിയത് ഡല്‍ഹിക്കെതിരെയുള്ള രണ്ടാംപാദ സെമി ജയിച്ചതിനു ശേഷമായിരുന്നു. ശേഷിച്ച ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ചൂടപ്പം പോലെ വിറ്റുതീര്‍ന്നപ്പോള്‍ ബോക്സ് ഓഫിസിലും സ്ഥിതി മാറ്റമുണ്ടായിരുന്നില്ല. സ്റ്റേഡിയം കപ്പാസിറ്റി 55,000 ആയി കുറച്ചതും തിരിച്ചടിയായി.   

സ്റ്റേഡിയം വെറും മഞ്ഞക്കടലാവില്ല
ഇന്ത്യന്‍ ഫുട്ബാളിന്‍െറ ഈറ്റില്ലമാണ് കൊല്‍ക്കത്ത. അതുകൊണ്ടുതന്നെ അത്ലറ്റികോ ഫൈനലില്‍ എത്തുമ്പോള്‍ കൊച്ചി സ്റ്റേഡിയം വെറും മഞ്ഞക്കടലാവില്ല. ചിലയിടങ്ങളില്‍ കൊല്‍ക്കത്തയുടെ ജഴ്സിയും കൊടികളും പറക്കുന്നത് കാണാം. കൊല്‍ക്കത്തന്‍ ആരാധകര്‍ തങ്ങളുടെ പ്രിയ ടീമിനുവേണ്ടി ആര്‍പ്പുവിളിക്കാന്‍ പുറപ്പെട്ടുകഴിഞ്ഞു. കൊല്‍ക്കത്ത ഫൈനലില്‍ പ്രവേശിച്ചതിന് ശേഷം ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തതില്‍ നല്ളൊരു പങ്കും കൊല്‍ക്കത്തയുടെ ആരാധകരായിരുന്നു. എങ്കിലും മഞ്ഞക്കടലാരവത്തില്‍ കൊല്‍ക്കത്ത ആരാധകരുടെ ആര്‍പ്പുവിളികള്‍ ഒരു ചെറിയ കാറ്റ് കണക്കെ മാത്രമേ ആകുകയുള്ളൂവെങ്കിലും താരങ്ങള്‍ക്ക് ഊര്‍ജമാകാന്‍ അതുമതിയാകും.

ഹോസുവില്ലാത്ത ദുഃഖത്തില്‍
രണ്ട് സെമിഫൈനല്‍ മത്സരങ്ങളിലും മഞ്ഞക്കാര്‍ഡ് വാങ്ങിയ ആരാധകരുടെ പ്രിയ ഹോസു കളിക്കാനില്ലാത്തതാണ് ഫൈനലിലെ ഏറ്റവും സങ്കടം. ബ്ളാസ്റ്റേഴ്സിന്‍െറ ആവേശമായിരുന്നു സ്പെയിനില്‍നിന്നത്തെിയ ഈ ഇരുപത്തഞ്ചുകാരന്‍. കോപ്പലിന്‍െറ വിശ്വസ്തരിലൊരാളായിരുന്നു ഹോസു. ഏറെ വിമര്‍ശനങ്ങള്‍ കേട്ടാണ് കോപ്പല്‍ മധ്യനിരയില്‍നിന്ന് ഹോസുവിനെ പ്രതിരോധത്തിലേക്ക് വലിച്ചത്. തുടക്കത്തിലെ പതര്‍ച്ചക്കു ശേഷം ഹോസു കോച്ചിന്‍െറ പ്രതീക്ഷ കാക്കുകയും ആരാധകരുടെ പ്രീതി പിടിച്ചുപറ്റുകയും ചെയ്തു. ഡല്‍ഹിക്കെതിരെ നെഞ്ചിടിപ്പേറ്റിയ ഷൂട്ടൗട്ടില്‍ കേരളത്തിന്‍െറ സമ്മര്‍ദം ഇല്ലാതാക്കാന്‍ കോപ്പല്‍ നിയോഗിച്ചതും ഹോസുവിനെ തന്നെ. ആദ്യ കിക്കെടുത്ത താരം പിഴവില്ലാതെ പന്ത് വലയിലത്തെിച്ച് ഡല്‍ഹിയുടെ സമ്മര്‍ദം കൂട്ടി. ഫൈനലില്‍ കളിക്കാന്‍ കഴിയാത്തതിന്‍െറ വേദന ഫേസ്ബുക്കില്‍ കുറിച്ച ഹോസു ആരാധകരോട് മാപ്പു പറയുകയും ചെയ്തു. ഹോസുവിന് പകരം ഇടതുപാര്‍ശ്വത്തിലെ പ്രതിരോധം കാക്കുന്ന കാഡിയോ പ്രതീക്ഷ കാക്കുമെന്ന് ആശിക്കാം. 

യാദൃച്ഛികതകളുടെ ഫൈനല്‍
യാദൃച്ഛികതകളേറെയുണ്ട് ബ്ളാസ്റ്റേഴ്സ്-കൊല്‍ക്കത്ത ഫൈനലിന്. ആദ്യ സീസണിലെ ഫൈനലിസ്റ്റുകള്‍ എന്നതിലുപരി, അന്ന് കളിച്ച പല താരങ്ങളും ഇന്നും ഇരുമുഖങ്ങളിലുമായി അണിനിരക്കുന്നു. അന്ന് കേരളത്തിന്‍െറ കുന്തമുനകളായിരുന്ന ഇയാന്‍ ഹ്യൂം, സ്റ്റീഫന്‍ പിയേഴ്സന്‍ എന്നിവര്‍ ഇന്ന് കൊല്‍ക്കത്തയുടെ പോരാളികളാണ്. അന്ന് കൊല്‍ക്കത്തയുടെ താരങ്ങളായിരുന്ന മുഹമ്മദ് റാഫി, മുഹമ്മദ് റഫീഖ് എന്നിവര്‍ ഇന്ന് കേരളത്തിന്‍െറയും. ഫൈനലില്‍ റാഫിക്ക് പകരമിറങ്ങി 95ാം മിനിറ്റില്‍ മുഹമ്മദ് റഫീഖ് നേടിയ ഗോളായിരുന്നു അന്ന് കപ്പ് കൊല്‍ക്കത്തയിലേക്ക് കടത്തിയത്.

ആരാധകര്‍ ആശാനും പ്രതിരോധ ഭടന്മാര്‍ക്കുമൊപ്പം
ഗോളുകള്‍ നേടുന്നവരാണ് ഫുട്ബാളില്‍ ആഘോഷിക്കപ്പെടുക. എതിരാളികളുടെ ഗോള്‍ നീക്കങ്ങളെ ഏതുവിധേനയും തടഞ്ഞ് ടീമിനെ വിജയിപ്പിക്കുന്നവര്‍ വാഴ്ത്തിപ്പാടലുകാരുടെ പരിധിയില്‍ പെടാറില്ല. എന്നാല്‍, കേരളത്തില്‍ അതല്ല സ്ഥിതി. അവരുടെ താരങ്ങള്‍ ആരോണ്‍ ഹ്യൂസ്, സന്ദേശ് ജിങ്കാന്‍, ഹെങ്ബര്‍ട്ട് അടങ്ങിയ പ്രതിരോധ നിരയാണ്. സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ഇവരുടെ വാഴ്ത്തിപ്പാടലുകളാണ്.

ഹ്യൂസ് ഇല്ലാത്ത മത്സരങ്ങളില്‍ ബ്ളാസ്റ്റേഴ്സിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. സി.കെ. വിനീതും ബെല്‍ഫോര്‍ട്ടും നാസോണും നേടിയ ഗോളുകളെക്കാള്‍ മനോഹരമായി ആരാധകര്‍ക്ക് തോന്നുന്നത് ഗോള്‍ലൈനില്‍നിന്ന് ഹെങ്ബര്‍ട്ടും ജിങ്കാനും തട്ടിയകറ്റിയ ഗോളെന്നുറച്ച സേവുകളാണ്. ഫൈനലിനും കേരളത്തെ ഇവര്‍ കാത്തോളുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

അതിനുമപ്പുറം, ഡഗ്ഒൗട്ടില്‍ നിശ്ശബ്ദമായി ചാരിനിന്ന് തന്ത്രങ്ങള്‍ മെനയുന്ന കോപ്പലാശാന്‍ ഫൈനല്‍ പോരാട്ടത്തില്‍ ബ്ളാസ്റ്റേഴ്സിനെ കിരീടത്തിലത്തെിക്കാന്‍ എന്തെങ്കിലും വജ്രായുധം കാത്തുവെക്കുമെന്ന വിശ്വാസവും.

 

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ഇന്ന് കൈപ്പറ്റണം
കൊച്ചി: ഐ.എസ്.എല്‍ ഫൈനലിനുള്ള ടിക്കറ്റ് വില്‍പന അലങ്കോലമായി. ആയിരക്കണക്കിന് ആരാധകരാണ് ടിക്കറ്റ് കിട്ടാതെ വലയുന്നത്. ടിക്കറ്റ് വില്‍പന വ്യാഴാഴ്ച അവസാനിച്ചിട്ടും വെള്ളിയാഴ്ച നൂറുകണക്കിന് ആരാധകരാണ് കൗണ്ടറില്‍ ടിക്കറ്റ് തേടിയത്തെിയത്. മണിക്കൂറുകളോളം പുറത്ത് കാത്തുനിന്നിട്ടും ഫലമില്ലാതായതോടെ ക്ഷുഭിതരായ ചിലര്‍ കൗണ്ടറിന്‍െറ ഒരുഭാഗം തകര്‍ത്തു. ആരാധകരുടെ തള്ളിക്കയറ്റത്തില്‍ കലൂരില്‍ ഗതാഗതവും സ്തംഭിച്ചു.

അതിനിടയില്‍, ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ശനിയാഴ്ച രാത്രി ഏഴിനു മുമ്പ് ടിക്കറ്റ് കൈപ്പറ്റണമെന്ന അറിയിപ്പ് ആരാധകര്‍ക്ക് തിരിച്ചടിയായി. അംബേദ്കര്‍ സ്റ്റേഡിയത്തിലത്തെി ബുക്ക് ചെയ്ത ടിക്കറ്റ് കൈപ്പറ്റണമെന്നാണ് അറിയിപ്പ്. ഇത് മലബാറില്‍നിന്നും തെക്കന്‍ ജില്ലകളില്‍നിന്നുമത്തെുന്നവര്‍ക്ക് പ്രയാസമാകും. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് കളി കാണണമെങ്കില്‍ ശനിയാഴ്ച തന്നെ കൊച്ചിയിലെത്തേണ്ട അവസ്ഥയാണ്.

ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പനയില്‍ വ്യാപക പരാതിയുയര്‍ന്നു. സോള്‍ഡ് ഒൗട്ട് എന്ന് കാണിച്ചതിനു ശേഷവും ചിലര്‍ക്ക് ടിക്കറ്റ് കിട്ടിയതായി ആക്ഷേപമുണ്ട്. സര്‍വിസ് ചാര്‍ജ് അധികം ഈടാക്കുന്നതായും ആരോപണമുണ്ട്. ഫൈനല്‍ ടിക്കറ്റ് വില്‍പന ഓണ്‍ലൈന്‍ വഴി നേരത്തെ തുടങ്ങിയത് സംഘാടകര്‍ അറിയിച്ചില്ളെന്ന് ആരാധകര്‍ പരാതിപ്പെട്ടു.

ടിക്കറ്റ് വിറ്റ് തീര്‍ന്നത് കരിഞ്ചന്തക്കാര്‍ക്ക് നേട്ടമായി. പ്രതിസന്ധി മുന്‍കൂട്ടിക്കണ്ട ചിലര്‍ നിരവധി ടിക്കറ്റുകളാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിരുന്നത്. ഇവര്‍ 300, 500 രൂപയുടെ ടിക്കറ്റുകള്‍ മൂന്നിരട്ടി വിലക്കാണ് വില്‍ക്കുന്നത്. 200 രൂപക്ക് വിറ്റിരുന്ന ബ്ളോക്ക് ഡി, ബി, ഗാലറി ടിക്കറ്റുകള്‍ സെമി മുതല്‍ 300 രൂപക്കാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 100 രൂപയായിരുന്നു ഗാലറി ടിക്കറ്റിന്. 500 രൂപയുടെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി വിറ്റുതീര്‍ന്നതിനാല്‍ 300 രൂപ ടിക്കറ്റുകള്‍ മാത്രമാണ് കൗണ്ടര്‍ വഴി വിറ്റത്.

 

Tags:    
News Summary - kerala blasters vs athletico koltkatha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.