വെല്‍‘ഫോര്‍ട്ട്’

കൊച്ചി: ഒരൊറ്റ നീക്കം മതി ജയത്തിലേക്ക് നിറയൊഴിക്കാനെന്ന് പന്തുകൊണ്ട് വരച്ചുകാട്ടി കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിന്‍െറ മാജിക്. മലൂദയും മാഴ്സലീന്യോയും ഒന്നിച്ചുവന്നാലും മനമിളകില്ളെന്നു തെളിയിച്ച് ആരോണ്‍ ഹ്യൂസും സെഡ്രിക് ഹെങ്ബര്‍ട്ടും. പതിവുപോലെ ആര്‍ത്തുവിളിച്ച പതിനായിരങ്ങളില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് കേരള ബ്ളാസ്റ്റേഴ്സ് ഐ.എസ്.എല്‍ ആദ്യപാദ സെമിയില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ സമചിത്തതയോടെ പടനയിച്ചപ്പോള്‍ സ്വന്തമായത് ഏകപക്ഷീയമായ ഒരു ഗോള്‍ ജയം. മൈതാനമധ്യത്തിനപ്പുറം നിന്ന് പന്തെടുത്ത് കുതിച്ച ബെല്‍ഫോര്‍ട്ടിന്‍െറ വ്യക്തിഗത മിടുക്കില്‍നിന്നാണ് 64ാം മിനിറ്റില്‍ അതിനിര്‍ണായകമായ വിജയഗോളിന്‍െറ പിറവി. പ്രതിരോധത്തില്‍ പടുകോട്ട കെട്ടാന്‍ വിയര്‍പ്പൊഴുക്കിയ ഹെങ്ബര്‍ട്ടാണ് കളിയിലെ കേമന്‍. ആദ്യപാദത്തില്‍ ജയിച്ചുകയറിയതോടെ 14ന് ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ സമനിലപിടിച്ചാലും ബ്ളാസ്റ്റേഴ്സിന് ഫൈനലിലത്തൊം.
കിടിലന്‍ തുടക്കം
സൂചികുത്താനിടമില്ലാത്ത ഗാലറിയെ സാക്ഷിനിര്‍ത്തി മത്സരത്തിന് വിസില്‍ മുഴങ്ങിയത് മുനകൂര്‍ത്ത മുന്നേറ്റങ്ങളിലേക്കായിരുന്നു. ആദ്യ മിനിറ്റില്‍ ഡല്‍ഹിയുടെ കീന്‍ ലൂയിസിനായിരുന്നു അവസരം. മധ്യനിരയില്‍ നിന്നുവന്ന ത്രൂപാസ് പിടിച്ചെടുത്ത് കടന്നുകയറാന്‍ തുടങ്ങിയ ഫ്ളോറന്‍റ് മലൂദയെ ഹെങ്ബര്‍ട്ട് പ്രതിരോധിച്ചപ്പോള്‍ പന്തുകിട്ടിയത് ലൂയിസിന്. ലൂയിസിന്‍െറ ഷോട്ട് ജിങ്കാന്‍െറ ദേഹത്തുതട്ടി പുറത്തേക്ക്. ഇതില്‍നിന്നു ഡല്‍ഹിക്കു ലഭിച്ച കോര്‍ണര്‍ കിക്കില്‍നിന്നാണ് കേരളത്തിന് അവസരം ലഭിച്ചത്.
ക്ളിയര്‍ ചെയ്ത പന്തുമായി കുതിച്ചുകയറിയ ബെല്‍ഫോര്‍ട്ട്, പ്രതിരോധത്തിനു പിടികൊടുക്കാതെ പന്ത് വിനീതിന് തള്ളി. പന്തെടുത്ത് മുന്നേറിയ മലയാളി താരത്തിനു മുന്നില്‍ ഡല്‍ഹി ഗോളി അന്‍േറാണിയോ ഡോബ്ലാസ് മാത്രം. ക്ളോസ് റേഞ്ചില്‍നിന്ന് വിനീതിന്‍െറ ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പറന്നപ്പോള്‍ ഗാലറിക്കത് അവിശ്വസനീയമായി. അര്‍ധാവസരങ്ങളില്‍നിന്നുപോലും വലകുലുക്കാന്‍ മിടുക്കനായ കണ്ണൂരുകാരന്‍െറ വലിയ പിഴവ്.
വേഗം കുറഞ്ഞ് നീക്കങ്ങള്‍
ഞെട്ടിച്ച തുടക്കത്തിനുശേഷം കളിയുടെ വേഗം പതിയെ കുറഞ്ഞു. ഇരുടീമും ജാഗ്രതയോടെ മുന്നേറാനുള്ള ശ്രമങ്ങളിലായിരുന്നു. ഡല്‍ഹി മധ്യനിരയില്‍ പതിവുപോലെ ഫ്ളോറന്‍റ് മലൂദയാണ് എല്ലാറ്റിനും ചുക്കാന്‍ പിടിച്ചത്. എന്നാല്‍, മലൂദയെ വിടാതെ പിന്തുടര്‍ന്ന മെഹ്താബ് ഫ്രഞ്ച് താരത്തെ ഫ്രീയായി കളിക്കാന്‍ വിടാതെ ശല്യം ചെയ്തുകൊണ്ടിരുന്നു. ഈ ശ്രമത്തിനിടയില്‍ ഒരു മഞ്ഞക്കാര്‍ഡും മെഹ്താബിന് കിട്ടി. ഗോളടി വീരനായ മാഴ്സലീന്യോയെ അനങ്ങാന്‍വിടാതെ പൂട്ടിനിര്‍ത്തിയ ഹൊസു കാണികളുടെ കൈയടി നേടി. മത്സരത്തില്‍ ഒരു തവണപോലും വല ലക്ഷ്യമിട്ട് ഷോട്ടുതിര്‍ക്കാന്‍ മാഴ്സലീന്യോക്ക് കഴിഞ്ഞില്ല. ഇതിനിടയില്‍ ബ്രസീല്‍ താരത്തെ കൈകൊണ്ട് ഇടിച്ചതിന് ഹൊസു മഞ്ഞക്കാര്‍ഡ് കണ്ടു. വൈകാതെ 31ാം മിനിറ്റില്‍ ഹൊസുവിനെ പിന്‍വലിച്ച് കോപ്പല്‍, ദിദിയര്‍ കാഡിയോയെ കളത്തിലിറക്കി.
പിന്നീട് ഇടവേള വരെ ഇടക്കിടെ ബ്ളാസ്റ്റേഴ്സ് ഡല്‍ഹി ഗോള്‍മുഖം റെയ്ഡ് ചെയ്യാനിറങ്ങി. ഒരു തവണ ബെല്‍ഫോര്‍ട്ടിന്‍െറ ഷോട്ട് ബോക്സില്‍ അനസിന്‍െറ കൈകളില്‍ തട്ടി പുറത്തേക്കു പോയപ്പോള്‍ പെനാല്‍റ്റിക്കുള്ള അവകാശവാദം റഫറി അംഗീകരിച്ചില്ല. പിന്നാലെ കോര്‍ണര്‍ കിക്കില്‍ നാസോണ്‍ തലകൊണ്ട് മറിച്ചിട്ടത് പോസ്റ്റിനുരുമ്മിയെന്നോണം പുറത്തുപോയി. റാഫിയും വിനീതും മുന്നേറ്റത്തെക്കാള്‍ പ്രതിരോധ നീക്കങ്ങള്‍ക്ക് ഗുണംചെയ്തപ്പോള്‍ പലപ്പോഴും ഹ്യൂസും ഹെങ്ബര്‍ട്ടും ആക്രമണം മെനയാന്‍ കയറിയത്തെി.
ലൈന്‍സ്മാന്‍െറ ‘കളി’
കളി ഇടവേളക്ക് പിരിയാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ബ്ളാസ്റ്റേഴ്സ് എതിര്‍വല കുലുക്കി. വിങ്ങില്‍നിന്നു ക്രോസ് നെഞ്ചിലെടുത്ത് കാലിലിറക്കി, തടയാനത്തെിയ റൂബന്‍ റോച്ചയെയും മറികടന്ന് ബെല്‍ഫോര്‍ട്ട് വലയിലേക്ക് വെടിയുതിര്‍ത്തപ്പോള്‍ ഗാലറി പൊട്ടിത്തെറിച്ചു. കത്തിക്കയറുന്ന ആഘോഷങ്ങളെല്ലാം നിര്‍വീര്യമാക്കി ഇതിനിടയില്‍ ലൈന്‍സ്മാന്‍െറ കൊടിയുയര്‍ന്നു. ഹാന്‍ഡ്ബാളാണോ ഓഫ്സൈഡാണോ എന്നൊന്നും തിട്ടമില്ലായിരുന്നു. ബ്ളാസ്റ്റേഴ്സ് താരങ്ങള്‍ രൂക്ഷമായ എതിര്‍പ്പുന്നയിച്ച് പ്രതിഷേധമറിയിച്ചു. അന്യായ തീരുമാനം അര്‍ഹിച്ച ലീഡില്‍നിന്ന് ആതിഥേയരെ തടഞ്ഞുനിര്‍ത്തി.
ഇടവേളക്കുശേഷം പതിവുഗോള്‍
ഇടവേള കഴിഞ്ഞ് ഊര്‍ജമാവാഹിക്കുന്ന പതിവു രീതികളിലേക്കാണ് രണ്ടാം പകുതിയില്‍ ബ്ളാസ്റ്റേഴ്സ് പന്തുതട്ടിയത്. ആക്രമണം കനപ്പിച്ചു തുടങ്ങിയ ആതിഥേയ നിരയില്‍ പക്ഷേ, മുന്നേറ്റങ്ങള്‍ക്ക് കൃത്യത തീരെ കുറഞ്ഞു. തുടക്കത്തില്‍ സുവര്‍ണാവസരം തുലച്ച ശേഷം വിനീതിന്‍െറ ചുവടുകള്‍ക്ക് തീരെ ലക്ഷ്യബോധമുണ്ടായിരുന്നില്ല. ഏകോപനമില്ലാത്ത നീക്കങ്ങള്‍ക്കിടയില്‍ തുടരെ ലഭിച്ച കോര്‍ണര്‍ കിക്കുകളും ഡോബ്ലാസിനെ പരീക്ഷിക്കാന്‍ പോന്നതായിരുന്നില്ല. 54ാം മിനിറ്റില്‍ നാട്ടുകാരനായ റാഫിയെ വീഴ്ത്തിയതിന് അനസ് മഞ്ഞക്കാര്‍ഡു കണ്ടു.
ലക്ഷ്യബോധമില്ലാത്ത നീക്കങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലാണ് പന്തടക്കത്തിന്‍െറ പകിട്ടുമായി ഗോള്‍ പിറക്കുന്നത്. ഹെങ്ബര്‍ട്ട് തട്ടിനീക്കിയ പന്തുമായി സ്വന്തം ഹാഫില്‍നിന്ന് കുതിച്ച ബെല്‍ഫോര്‍ട്ട് എതിര്‍ പ്രതിരോധനിരയെ വകഞ്ഞുമാറ്റി ഇടതുവിങ്ങിലൂടെ ബോക്സില്‍ കടന്നശേഷം നിലംപറ്റെ തൊടുത്ത ഷോട്ട് ഡോബ്ലാസിന്‍െറ കൈകളില്‍ സ്പര്‍ശിച്ച് വലക്കുള്ളിലേക്ക് വഴിമാറി. റഫറിയുടെ പിഴവു തീര്‍ത്ത പഴയ നിരാശക്കുള്ളതും ചേര്‍ത്ത് ഗാലറി ആമോദത്തില്‍ മുങ്ങുകയായിരുന്നു പിന്നെ. ടൂര്‍ണമെന്‍റില്‍ ബെല്‍ഫോര്‍ട്ടിന്‍െറ മൂന്നാം ഗോളായിരുന്നു ഇത്.
കോട്ടകാത്ത് ഹ്യൂസും ഹെങ്ബര്‍ട്ടും
ഗോള്‍ നേടിയശേഷം ബ്ളാസ്റ്റേഴ്സിന്‍െറ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കുറഞ്ഞു. ലീഡില്‍ പിടിച്ചുനില്‍ക്കുകയെന്നത് മുഖ്യമാക്കി ആതിഥേയര്‍ പ്രതിരോധം ശക്തമാക്കിയപ്പോള്‍ ഡല്‍ഹി സമനില ഗോളിലേക്ക് മുന്നേറ്റം മെനയാനിറങ്ങി. പലകുറി അവര്‍ എവേ ഗോളിനടുത്തത്തെിയെങ്കിലും വിശ്വസ്തരായ ഹ്യൂസ്-ഹെങ്ബര്‍ട്ട് ജോടി സെന്‍ട്രല്‍ ഡിഫന്‍സില്‍ അചഞ്ചലരായി നിന്നതോടെ ഡല്‍ഹിക്ക് തോല്‍വി സമ്മതിക്കേണ്ടിവന്നു. മലൂദയുടെ ഗ്രൗണ്ടര്‍ ഗോളി സന്ദീപ് നന്ദി തടഞ്ഞപ്പോള്‍ 75ാം മിനിറ്റില്‍ മാഴ്സലീന്യോയുടെ ഫ്രീഹെഡര്‍ വലയില്‍ കയറിയെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ ഹെങ്ബര്‍ട്ട് തലകൊണ്ട് കുത്തിയകറ്റുകയായിരുന്നു. പിന്നാലെ ഗാഡ്സെയുടെ ഷോട്ട് പ്രതിരോധിച്ച് ഹ്യൂസും കരുത്തുകാട്ടി. ബ്ളാസ്റ്റേഴ്സ് നിരയില്‍ പരിക്കു മാറി ഹൊസു പ്ളേയിങ് ഇലവനിലത്തെിയപ്പോള്‍ റിനോ ആന്‍േറാ ബെഞ്ചിലേക്കു മാറി.  ഗ്രഹാം സ്റ്റാക്കിനു പകരം ക്രോസ്ബാറിനു കീഴില്‍ നന്ദിയുടെ കൈളിലായിരുന്നു ഗ്ളൗസ്.
Tags:    
News Summary - isl semifinal: blasters vs delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT