ഐ.എസ്.എല്‍: എഫ്.സി ഗോവ ഇന്ന്​ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ

ഗുവാഹതി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐ.എസ്.എല്‍) വടക്കു കിഴക്കിന്‍െറ ആവേശമായ ‘ഹൈലാന്‍ഡേഴ്സ്’ സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടിയിറങ്ങുന്നു. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളും സീക്കോയുടെ ശിഷ്യഗണങ്ങളുമായ എഫ്.സി ഗോവയാണ് ആതിഥേയരായ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിന്‍െറ എതിരാളികള്‍.
ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ കേരള ബ്ളാസ്റ്റേഴ്സിനെ 1-0ന് മറികടന്ന് തുടക്കം ഗംഭീരമാക്കിയതിന്‍െറ ആവേശത്തിലാണ് നോര്‍ത് ഈസ്റ്റ് പന്തുതട്ടുന്നത്. വലകാക്കുന്ന ഇന്ത്യന്‍ താരം സുബ്രതാ പാലിനെ മാറ്റി മലയാളിയായ ടി.പി. രഹനേഷിനെ കളിപ്പിക്കാനിടയുണ്ട്. പാലിന്‍െറ പ്രകടനത്തില്‍ കോച്ച് നെലോ വിങ്ഗാഡക്ക് അത്ര മതിപ്പില്ളെന്നാണ് സൂചന. റീഗന്‍ സിങ്ങിന് പകരം നിര്‍മല്‍ ഛേത്രിക്കും അവസരം കിട്ടിയേക്കും. സെമി ലക്ഷ്യമിട്ട് സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുകയാണ് ലക്ഷ്യമെന്ന് വിങ്ഗാഡ പറഞ്ഞു.
ബ്രസീലില്‍ നാല്​ സൗഹൃദ മത്സരങ്ങള്‍ കളിച്ച എഫ്.സി ഗോവക്ക് പരിക്കാണ് പ്രധാന വില്ലന്‍. മുന്‍നിരയിലെ മിടുക്കനായ റോബിന്‍ സിങ്ങിനും പ്രതിരോധത്തിലെ ഗ്രിഗറി അര്‍നോലിനും ഡെന്‍സില്‍ ഫ്രാങ്കോക്കും ഗോള്‍കീപ്പര്‍ സുഭാഷിഷ് റോയ് ചൗധരിക്കും പരിക്ക് കാരണം കളിക്കാനാവില്ല. ബ്രസീലില്‍നിന്നുള്ള ട്രിന്‍ഡാഡ് ഗോണ്‍സാല്‍വസ്, റാഫേല്‍ ഡുമാസ്, ജൂലിയോ സെസാര്‍, മുന്‍ ബ്രസില്‍ ഇന്‍റര്‍നാഷനല്‍ റിച്ചാര്‍ലിസണ്‍ എന്നിവരില്‍ ചിലര്‍ ഐ.എസ്.എല്ലിലെ കന്നി മത്സരത്തിനിറങ്ങും. വിങ്ബാക്കുകളായ റോമിയോ ഫെര്‍ണാണ്ടസും മന്ദര്‍ റാവു ദേശായിയും കഴിഞ്ഞ സീസണിലെ മികച്ച ഫോം തുടര്‍ന്നാല്‍ എതിരാളികള്‍ പാടുപെടും. വെര്‍നയിലെ മൈതാനം മോശമായതിനാല്‍ എഫ്.സി ഗോവക്ക് ഇന്ത്യയില്‍ പരിശീലന മത്സരം കളിക്കാനായിട്ടില്ല.
Tags:    
News Summary - isl fc goa vs north east united

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.