ഹൈ വോള്‍ട്ടേജില്‍ ഹൈലാന്‍ഡേഴ്സ്

കൊച്ചി: ഇന്ത്യന്‍ ഫുട്ബാളിന്‍െറ പരീക്ഷണശാലയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. ക്രിക്കറ്റ് ജ്വരം ബാധിക്കാത്ത അവര്‍ ഇന്ത്യന്‍ ഫുട്ബാളിന് പുതിയ മാനങ്ങള്‍ നല്‍കുകയാണ്. ഫുട്ബാളിലൂടെ സ്പോര്‍ട്സിന്‍െറ മുന്നിലേക്ക് നടന്നു വരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആദ്യസീസണില്‍ തന്നെ മിക്ക ടീമുകളും പണക്കൊഴുപ്പിനും വിദേശതാരങ്ങള്‍ക്കും പിന്നാലെ പോയപ്പോള്‍ സ്വന്തം നാട്ടിലെ ചെറുപ്പക്കാരായിരുന്നു നോര്‍ത് ഈസ്റ്റ് യുനൈറ്റഡിന്‍െറ വജ്രായുധങ്ങള്‍. ആദ്യസീസണില്‍ സ്ഥാനം ഒടുവിലായെങ്കില്‍ രണ്ടാംസീസണില്‍ അഞ്ചാമതായാണ് അവര്‍ മത്സരം അവസാനിപ്പിച്ചത്. ഹൈലാന്‍ഡേഴ്സ് എന്നാണ് ടീമിന് വിശേഷണം. ഇക്കുറി നോര്‍ത് ഈസ്റ്റും രണ്ടും കല്‍പിച്ചുതന്നെയാണ് ഇറങ്ങുന്നത്. ഇന്ത്യന്‍ ഫുട്ബാള്‍ ആസ്വാദകര്‍ എന്നും ഇഷ്ടപ്പെടുന്ന ലാറ്റിനമേരിക്കന്‍ താരങ്ങളാല്‍ ടീം സമ്പുഷ്ടമാണ് പുതിയ സീസണില്‍.

മധ്യനിരയിലും പ്രതിരോധത്തിലും ബ്രസീല്‍ സാന്നിധ്യം
ബ്രസീലില്‍നിന്നുള്ള അഞ്ച് താരങ്ങളാണ് ഇക്കുറി നോര്‍ത് ഈസ്റ്റിനുവേണ്ടി ബൂട്ടണിയുന്നത്. പ്രതിരോധത്തില്‍ ഗുസ്താവോ ലാസെറെട്ടി, മെയില്‍സണ്‍ ആല്‍വസ് എന്നിവര്‍ അണിനിരക്കുമ്പോള്‍ മധ്യനിരയില്‍ വെല്ലിങ്ടണ്‍ പ്രയോറി, നെവെസ് ഫ്ളോറെന്‍റീനോ എന്നിവരും ബൂട്ടുകെട്ടും. ഒന്നാംനമ്പര്‍ ഗോളി മലയാളിതാരം ടി.പി. രഹനേഷിനൊപ്പം ബ്രസീല്‍ താരം ലിമയും ഇന്ത്യയുടെ സുബ്രതാപാലും വലകാക്കുന്നവരുടെ പട്ടികയിലുണ്ട്. പ്രതിരോധത്തില്‍ ഇന്ത്യന്‍ താരങ്ങളായ നിര്‍മല്‍ ഛേത്രി, റോബിന്‍ ഗുരുക്, റെഗന്‍ സിങ്, ശൗവിക് ഘോഷ്, സലാം രഞ്ജന്‍ സിങ് എന്നിവരുമുണ്ട്. മാര്‍ക്വി താരം ഐവറികോസ്റ്റിന്‍െറ ദിദിയര്‍ സൊകോറയാണ് മധ്യനിരയിലെ പ്രധാനി. ഐവറികോസ്റ്റിന്‍െറതന്നെ റോമറിക്കും കൂട്ടിനുണ്ട്. സെയ്ത്യാസന്‍ സിങ്, റൗളിങ് ബോര്‍ഗസ്, ഫനായി ലാല്‍റെംപുയ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ജപ്പാന്‍ താരം  കാത്സുമി യുസയും ചേരുന്നു.

മുന്നേറ്റനിരയില്‍ ലാറ്റിനമേരിക്ക
കഴിഞ്ഞ സീസണില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിന്‍െറ കുന്തമുനയായിരുന്ന അര്‍ജന്‍റീന താരം നിക്കോളാസ് വെലസ് ഉള്‍പ്പെടെ മൂന്ന് ലാറ്റിനമേരിക്കന്‍ താരങ്ങളാണ് മുന്നേറ്റനിരയില്‍ സ്ഥാനംപിടിച്ചത്. വെലസിന് കൂട്ടാളികളായി ഉറുഗ്വായ് താരങ്ങളായ സാഷ അനെഫ്, എമിലിയാനോ അല്‍ഫാരോ എന്നിവരും ചേരുന്നതോടെ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിന്‍െറ മുന്‍നിര ശക്തമാകും.ഇവര്‍ക്കൊപ്പം ആദ്യമായി ലീഗില്‍ കളിക്കുന്ന ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗോള്‍ സ്കോററായ ലാലിയന്‍സുല ചാങ്തെയും ഹോളിചരണ്‍ നര്‍സാറിയും സുമിത് പാസിയുമാണ് മുന്നേറ്റത്തിലെ ഇന്ത്യന്‍ സാന്നിധ്യം.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഫുട്ബാള്‍ വളര്‍ച്ച ലക്ഷ്യമിട്ട് ഇക്കുറി ഗുവാഹതിയിലാണ് ഉദ്ഘാടനചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യമത്സരത്തില്‍ ആതിഥേയര്‍ കേരള ബ്ളാസ്റ്റേഴ്സിനെ നേരിടും.

നോര്‍ത് ഈസ്റ്റ് യുനൈറ്റഡ്
ടീം: ഗോള്‍ കീപ്പര്‍മാര്‍- ടി.പി. രഹനേഷ്, സുബ്രതാപാല്‍, വെല്ലിങ്ടണ്‍ ലിമ. പ്രതിരോധം- റോബിന്‍ ഗുരുങ്, ശൗവിക് ഘോഷ്, റെഗന്‍ സിങ്, നിര്‍മല്‍ ഛേത്രി, സലാം രഞ്ജന്‍ സിങ്, ഗുസ്താവോ ലാസെറെട്ടി, മെയ്ല്‍സണ്‍ ആല്‍വസ്. മധ്യനിര- വെല്ലിങ്ടണ്‍ പ്രയോറി, റോമറിക്, ഫാബിയെ നെവസ് ഫ്ളോറെന്‍റിനോ, ദിദിയര്‍ സൊകോറ,  സെയ്ത്യാസെന്‍ സിങ്, റൗളിങ് ബോര്‍ഗസ്, കാത്സുമി യുസ, ഫനായി ലാല്‍റെംപുയ, ജെറി മോമിങ്താങ്ക. മുന്നേറ്റം- ഹോളിചരണ്‍ നര്‍സാറി, ലാലിയന്‍സുല ചാങ്തെ, സുമിത് പാസി, സാഷ അനെഫ്, നിക്കോളാസ് വെലസ്, എമിലിയാനോ അല്‍ഫാരോ.

ഹോം ഗ്രൗണ്ട്- ഇന്ദിരഗാന്ധി
സ്റ്റേഡിയം, ഗുവാഹതി
പരിശീലകന്‍- നെലോ വിന്‍ഗാദ (പോര്‍ച്ചുഗല്‍)
മാര്‍ക്വി താരം- ദിദിയര്‍ സൊകോറ (ഐവറികോസ്റ്റ്)
ഉടമ- ജോണ്‍ എബ്രഹാം
2015 സീസണ്‍- അഞ്ചാം സ്ഥാനം
2014 സീസണ്‍- എട്ടാം സ്ഥാനം

 

Tags:    
News Summary - ISL 2016

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.