ബാഴ്സക്ക് ഏഴഴക്

ബാഴ്സലോണ: പേരില്‍ മാത്രം കരുത്തുള്ള ഹെര്‍ക്കുലീസിനെ രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത ഏഴു ഗോളുകള്‍ക്ക് തകര്‍ത്ത് എഫ്.സി ബാഴ്സലോണ കോപ ഡെല്‍റേയില്‍ (കിങ്സ് കപ്പ്) പ്രീക്വാര്‍ട്ടറില്‍ കടന്നു. ഒന്നാം പാദത്തില്‍ 1-1ന് സമനിലയില്‍ കുരുങ്ങിയതിന്‍െറ നാണക്കേട് തീര്‍ത്ത മത്സരത്തില്‍ ലയണല്‍ മെസ്സി, ലൂയി സുവാരസ്, നെയ്മര്‍ ത്രയങ്ങള്‍ നിലവിലെ ജേതാക്കള്‍ക്കുവേണ്ടി കളത്തിലിറങ്ങിയിരുന്നില്ല. രണ്ടാം പകുതിയില്‍ അര്‍ദ ടുറാന്‍െറ ഹാട്രിക്കടക്കമുള്ള നേട്ടവുമായാണ് കറ്റാലന്‍ ക്ളബ് ക്രിസ്മസ് ആഘോഷം ഗംഭീരമാക്കിയത്. 55, 86, 89 മിനിറ്റുകളിലായിരുന്നു ടുറാന്‍ ഗോളടിച്ചുകൂട്ടിയത്. 

വലന്‍സിയയില്‍നിന്ന് ബാഴ്സയിലത്തെിയ ഈ തുര്‍ക്കിക്കാരന്‍ കഴിഞ്ഞ പത്തു മത്സരങ്ങളില്‍ വലകുലുക്കാത്തതിന്‍െറ ഖേദം തീര്‍ത്തു. 
ഈ വര്‍ഷത്തെ അവസാന മത്സരത്തില്‍ ടുറാന് പുറമേ ഇവാന്‍ റാകിറ്റിച്ച്, റാഫിഞ്ഞ, യാവിയര്‍ മഷറാനോ എന്നിവര്‍ മാത്രമാണ് ഒന്നാംനിര താരങ്ങളായി ഇറങ്ങിയത്. പതിയെ തുടങ്ങിയ ബാഴ്സ ആദ്യം വെടിയുതിര്‍ത്തത് 37ാം മിനിറ്റിലാണ്. ലുകാസ് ഡിഗ്നെയായിരുന്നു സ്കോറര്‍. ആദ്യപകുതിയുടെ അന്ത്യനിമിഷത്തില്‍ റാകിറ്റിച്ച് പെനാല്‍റ്റി കിക്കിലൂടെ ലീഡുയര്‍ത്തി.

ഇടവേളക്കുശേഷം, കളിയുടെ 50ാം മിനിറ്റില്‍ റാഫിഞ്ഞ എതിരാളികളുടെ വലയില്‍ ഒരു ഗോള്‍കൂടി നിക്ഷേപിച്ചു. പിന്നീടാണ് അര്‍ദ ടുറാന്‍െറ ഹാട്രിക്കിന് തുടക്കമായത്. 55ാം മിനിറ്റില്‍ വിദാലിന്‍െറ പാസില്‍നിന്ന് ഹെഡറിലൂടെയാണ് ഗോള്‍ പിറന്നത്. 73ാം മിനിറ്റില്‍ പാകോ അല്‍കാസര്‍ ബാഴ്സലോണയില്‍ എത്തിയ ശേഷമുള്ള ആദ്യ ഗോളടിച്ചു. പിന്നീട് 86, 89 മിനിറ്റുകളില്‍ ടുറാന്‍ എതിര്‍ ഗോളിയെ കീഴടക്കിയതോടെ മൂന്നാം ഡിവിഷന്‍ ക്ളബിനെതിരെ ബാഴ്സയുടെ ‘മഴവില്‍ സ്കോറിങ്’ പൂര്‍ത്തിയായി. 

കഴിഞ്ഞ ദിവസം അത്ലറ്റികോ മഡ്രിഡും പ്രീക്വാര്‍ട്ടറിലത്തെിയിരുന്നു. മൂന്നാം ഡിവിഷന്‍ ക്ളബായ ഗ്വിയേലോയെ ഇരുപാദങ്ങളിലുമായി 14-2നാണ് അത്ലറ്റികോ തോല്‍പിച്ചത്. രണ്ടാം പാദത്തില്‍ 10-1നായിരുന്നു ജയം. ഇരുപാദങ്ങളിലും 14-2ന് ഫോര്‍മന്‍െററയെ കീഴടക്കി സെവിയ്യയും പ്രീക്വാര്‍ട്ടറിലത്തെി. ലെഗാനസിനെ 5-2ന് പിന്നിലാക്കി വലന്‍സിയയും പ്രീക്വാര്‍ട്ടറിലത്തി. റയല്‍ മഡ്രിഡ് നേരത്തേ പ്രീക്വാര്‍ട്ടറില്‍ കടന്നിരുന്നു.

Tags:    
News Summary - football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.