??????????????? ??????????? ?????? ??????? ???????? ????

ലണ്ടന്‍: ആഴ്സനല്‍, ചെല്‍സി, സണ്ടര്‍ലന്‍ഡ്, എവര്‍ട്ടന്‍... ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ ക്ളബുകള്‍. ആഗ്രഹിച്ചതെല്ലാം നേടിയവര്‍. കാശെറിഞ്ഞ് പൊന്നുംവിലയുള്ള താരങ്ങളെയും അവരുടെ ബലത്തില്‍ പല കിരീടങ്ങളും സ്വന്തമാക്കിയവര്‍. വെല്ലുവിളികളെ ജയിച്ചിട്ടേയുള്ളൂ. പക്ഷേ, അവരെല്ലാം തോല്‍ക്കുകയാണിപ്പോള്‍. കോടികള്‍ എറിഞ്ഞിട്ടും കൈപ്പിടിയിലൊതുങ്ങാതെ കുതറിമാറുന്ന ഒരു കുഞ്ഞുജീവന്‍ നിലനിര്‍ത്താന്‍ മൈതാനത്തെ വൈരം മറന്ന് ഒന്നിച്ചിട്ടും ജയിക്കാനാവുന്നില്ല. ഇനി ദൈവത്തിന്‍െറ കൈകളില്‍. ലക്ഷക്കണക്കിന് ആരാധകരുടെ പ്രാര്‍ഥനകള്‍ക്ക് മുന്നില്‍ ദൈവം രക്ഷകനായത്തെുമെന്ന ശുഭാപ്തിയിലാണ് ഇംഗ്ളണ്ടിലെ വമ്പന്‍ ക്ളബുകളുടെ ഈ ക്രിസ്മസും പുതുവര്‍ഷവും കടന്നുപോയത്. 

ഇനി ആരാണ് ആ വി.വി.ഐ.പിയെന്നറിയേണ്ടേ. പേര്, ബ്രാഡ്ലി ലൗറി. അഞ്ചു വയസ്സ്. ഇംഗ്ളണ്ടിലെ ഡര്‍ഹാം കൗണ്ടിയിലെ ബ്ളാക്ഹാളില്‍നിന്നുള്ള കുഞ്ഞു വികൃതി. പക്ഷേ, യൂറോപ്യന്‍ ഫുട്ബാളിന്‍െറ ആഗോള പൗരനാണ് ഇന്ന് ഈ അഞ്ചു വയസ്സുകാരന്‍. അവനെ സന്തോഷിപ്പിക്കാന്‍ ചെല്‍സിയും എവര്‍ട്ടനും സണ്ടര്‍ലന്‍ഡുമെല്ലാം എന്തും ചെയ്യും. കൂട്ടിന് ഇംഗ്ളണ്ട് ഫുട്ബാളും ഫിഫയുമെല്ലാമുണ്ട്.

*** ***
ഫുട്ബാളും സ്നേഹവും ആഘോഷവുമായിരുന്നു ആ കുടുംബം നിറയെ. ഇഷ്ടക്ളബായ സണ്ടര്‍ലന്‍ഡിന്‍െറ ഓരോ മത്സരങ്ങള്‍ക്കും ‘ലൈറ്റ് സ്റ്റേഡിയത്തില്‍’ കുടുംബസമേതം പോവും. ഇതിനിടെയാണ് രണ്ടുവയസ്സുകാരനായ കുഞ്ഞു ബ്രാഡ്ലിയെ അര്‍ബുദം പിടികൂടുന്നത്. വൃക്കഗ്രന്ഥിയില്‍ തുടങ്ങി പടര്‍ന്നുപിടിക്കുന്ന അര്‍ബുദം. പിന്നെ, രോഗത്തോടുള്ള പോരാട്ടമായി. സ്കാനിങ്, കീമോ തെറപ്പി, മാസങ്ങള്‍ നീണ്ട ആശുപത്രി വാസം. രണ്ടുവര്‍ഷത്തെ നിരന്തര ചികിത്സക്കൊടുവില്‍ അര്‍ബുദത്തെ തോല്‍പിച്ച് സണ്ടര്‍ലന്‍ഡിന്‍െറ ഗാലറികളിലേക്ക് ബ്രാഡ്ലി തിരിച്ചത്തെി. കളിചിരികള്‍ ഏതാനും മാസങ്ങളേ നീണ്ടുള്ളൂ. ഇക്കഴിഞ്ഞ വര്‍ഷാവസാനം അര്‍ബുദം വീണ്ടുമത്തെിയതായി പരിശോധനയില്‍ കണ്ടു. കൂടുതല്‍ കടുപ്പത്തിലായിരുന്നു രണ്ടാം വരവ്. ആദ്യ തവണ പോരാടി തോല്‍പിച്ച കുഞ്ഞുശരീരത്തെ പിടിച്ചെടുക്കാനായുള്ള വരവ്.

പക്ഷേ, പ്രിയപ്പെട്ട ആരാധകനെ വിട്ടുകൊടുക്കാന്‍ സണ്ടര്‍ലന്‍ഡ് ഫുട്ബാള്‍ ക്ളബ് തയാറായിരുന്നില്ല. ബ്രാഡ്ലിക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാന്‍ തീരുമാനിച്ച് ‘ബ്രാഡ്ലി ലൗവ്ലീസ് ഫൈറ്റ്’ ഫൗണ്ടേഷനും പിറന്നു. ഫണ്ട് സമാഹരണമായിരുന്നു ലക്ഷ്യം. അമേരിക്കയിലേക്കയച്ച് ചികിത്സിക്കാന്‍ ആവശ്യമായത് ഏഴ് ലക്ഷം പൗണ്ട് (5.8 കോടി രൂപ). രണ്ട് ലക്ഷം പൗണ്ട് സംഭാവന ചെയ്ത് എവര്‍ട്ടന്‍ രംഗത്തത്തെി. പിന്നെ, ആഴ്സനല്‍ ഉള്‍പ്പെടെ പല ക്ളബുകളും അവരുടെ ആരാധകരും. ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ്യം നേടി. അമേരിക്കയിലത്തെി ചികിത്സ ആരംഭിച്ചെങ്കിലും കുഞ്ഞുബ്രാഡ്ലിക്കായി പ്രാര്‍ഥിച്ചവരുടെ ഹൃദയം തകര്‍ക്കുന്നതായിരുന്നു പരിശോധന ഫലം. 

അര്‍ബുദം മറ്റു ആന്തരികാവയവങ്ങളിലേക്കും പടര്‍ന്നിരിക്കുന്നു. സുഖം പ്രാപിച്ച് തിരിച്ചുവരവ് അസാധ്യം. വേണ്ടത് മരണംവരെ സ്നേഹ പരിചരണം മാത്രം. വിദഗ്ധ ഡോക്ടര്‍മാരും കൈവിട്ടതോടെ, സ്നേഹവും സന്തോഷവും നല്‍കി, പ്രാര്‍ഥനയിലൂടെ ബ്രാഡ്ലിയെ തിരിച്ചുകൊണ്ടുവരാനായി പ്രിയപ്പെട്ടവരുടെ ശ്രമങ്ങള്‍. ഇതിനിടെയാണ് തന്‍െറ വലിയ മോഹം അവന്‍ പങ്കുവെച്ചത്. സണ്ടര്‍ലന്‍ഡിനായി ഗോളടിക്കണം. അതിശയപ്പെടുത്തുന്ന ആഗ്രഹം ക്ളബ് അധികൃതര്‍ സാധിപ്പിച്ചതാവട്ടെ ചാമ്പ്യന്‍ഷിപ് ടോപറായ ചെല്‍സിക്കെതിരെയും. ഡിസംബറില്‍ നടന്ന ലീഗ് മത്സരത്തിന്‍െറ ഇടവേളയില്‍ സണ്ടര്‍ലന്‍ഡ് ജഴ്സിയിലത്തെിയ ബ്രാഡ്ലി ചെല്‍സിയുടെ പോസ്റ്റിലേക്ക് പെനാല്‍റ്റി ഗോളടിച്ചു. ഗോളി ബെഗോവിച്ചിനെ കീഴടക്കിയ ഗോളിന് നിറഞ്ഞുകവിഞ്ഞ ആരാധകരെല്ലാം കൈയടിച്ചു. ഡീഗോ കോസ്റ്റ, സെസ്ക് ഫാബ്രിഗസ്, ജര്‍മന്‍ ദിയൂഫ് തുടങ്ങിയ താരങ്ങളുടെ ലാളനയും ഏറ്റുവാങ്ങി. ഇവിടെ അവസാനിച്ചില്ല ആ നാടിന്‍െറ കരുതല്‍. 
ബി.ബി.സിയുടെ ഡിസംബറിലെ ഗോള്‍ ഓഫ് ദി മാച്ച് പുരസ്കാരത്തിനും ഉടമയായി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ ഹെന്‍റിക് മിഖിത്ര്യാന്‍െറ സ്കോര്‍പിയോണ്‍ ഗോളിനൊപ്പമായിരുന്നു ഈ അവാര്‍ഡ്. 

എല്ലാവരുടെയും ക്രിസ്മസ് ആശംസകാര്‍ഡ് വേണമെന്നായി മറ്റൊരു മോഹം. സ്വന്തക്കാരായി മാറിയ ഫുട്ബാള്‍ ആരാധകര്‍ ഫേസ്ബുക്കിലൂടെ ബ്രാഡ്ലിയുടെ മോഹം പങ്കുവെച്ചപ്പോള്‍ ഫിഫയും കൈകോര്‍ത്തു. അങ്ങനെ കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ബ്ളാക്ഹാളിലെ വീട്ടുപടിക്കലത്തെിയത് ലോകമെങ്ങും നിന്നുള്ള രണ്ട് ലക്ഷത്തോളം ആശംസകാര്‍ഡുകള്‍. ലീഗ് മത്സരത്തിനിടെ കുഞ്ഞുബ്രാഡ്ലിക്ക് അഭിവാദ്യവുമായി കൂറ്റന്‍ ബാനറുകള്‍ ഗാലറി മുഴുവന്‍ റോന്തുചുറ്റി. 
സ്നേഹവും കരുതലും കൊണ്ട് കുഞ്ഞു ആരാധകനെ വാരിപ്പുണരുമ്പോഴും അവര്‍ പ്രതീക്ഷ കൈവിടുന്നില്ല. വൈദ്യശാസ്ത്രം കൈവിട്ടിടത്ത്, ദൈവം ഈ സ്നേഹം കാണാതിരിക്കില്ല.

Tags:    
News Summary - bradley lowery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.