ലീബ്രവീല്‍: ആഫ്രിക്കന്‍ വന്‍കരയുടെ ഫുട്ബാള്‍ ചാമ്പ്യന്മാരെ ഇന്നറിയാം. മെയ്കരുത്തും ചടുലനീക്കവും കൊണ്ട് ലോക ഫുട്ബാളിനെ കറുപ്പിന്‍െറ ആരാധകരാക്കിയ ആഫ്രിക്കയിലേക്കാണ് കാല്‍പന്ത് ആരാധകരുടെ കണ്ണും കാതും. കുടിപ്പകയുടെ കണക്കുകള്‍ ബാക്കിനില്‍ക്കുന്ന കാമറൂണും ഈജിപ്തും വന്‍കരയുടെ ഫുട്ബാള്‍ കിരീടത്തിനായി ഇന്ന് ഗബോണിന്‍െറ തലസ്ഥാനമായ ലീബ്രവീലിലിറങ്ങുമ്പോള്‍ അവിസ്മരണീയ മുഹൂര്‍ത്തം നഷ്ടമാവുന്ന സങ്കടത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍. 20 ദിവസമായി മൈതാനിയെ തീപ്പിടിപ്പിക്കുന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്‍െറ സംപ്രേഷണം മിക്ക രാജ്യങ്ങളിലുമില്ല.
എങ്കിലും, നിറഞ്ഞ ഗാലറികള്‍ക്കുമുന്നില്‍ തുടര്‍ന്ന ചാമ്പ്യന്‍ഷിപ്പിന്‍െറ ഗ്രാന്‍ഡ്ഫിനാലെക്ക് മാറ്റ് ഒട്ടും കുറവില്ല. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം.
ഏഴു തവണ ജേതാക്കളായ ഈജിപ്തും, നാലുതവണ കിരീടമണിഞ്ഞ കാമറൂണും ഫൈനലില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ 1986നും 2008നും തുടര്‍ച്ചയാണ്. അന്ന് രണ്ടു തവണയും ജയിച്ച് കിരീടമണിഞ്ഞ ഈജിപ്തിനെ പിടിച്ചുകെട്ടാനുള്ള പടപ്പുറപ്പാടിലാണ് യുവസംഘവുമായി പന്തുതട്ടുന്ന കാമറൂണ്‍. സെമിയില്‍ യൂറോപ്യന്‍ ക്ളബ് ഫുട്ബാളിലെ വമ്പന്മാര്‍ അണിനിരന്ന ഘാനയെ കീഴടക്കിയാണ് കാമറൂണിന്‍െറ ഫൈനല്‍ പ്രവേശം. ഈജിപ്താവട്ടെ, പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ ബുര്‍കിന ഫാസോയെ കീഴടക്കിയും. നിശ്ചിത സമയത്ത് ഇരുവരും 1-1ന് സമനില പാലിച്ചപ്പോള്‍ ഷൂട്ടൗട്ടില്‍ 3-4ന് ജയിച്ചായിരുന്നു ഫറോവമാരുടെ വരവ്.
പരിചയസമ്പന്നരായ സീനിയര്‍ താരങ്ങളെല്ലാം ക്ളബ് ഫുട്ബാള്‍ തിരക്കിലായതിനാല്‍ ‘ബി’ ടീമുമായാണ് കാമറൂണ്‍ ഗബോണിലത്തെിയത്. ഗ്രൂപ് റൗണ്ടില്‍തന്നെ പതറിപ്പോയവര്‍ ആരാധകരെപോലും അമ്പരപ്പിച്ചാണ് ഇപ്പോള്‍ ഫൈനലിലത്തെിയത്. ‘ക്വാര്‍ട്ടറില്‍ കടന്ന് എട്ട് പേരില്‍ ഒരാളാവുക. ഇതായിരുന്നു ടൂര്‍ണമെന്‍റിന് വരുമ്പോള്‍ ഞങ്ങളുടെ ലക്ഷ്യം. ഇപ്പോള്‍ ഫൈനലിലത്തെി. ഇനി അസാധ്യമായൊന്നുമില്ല’ -കോച്ച് ഹ്യൂഗോ ബ്രൂസിന്‍െറ വാക്കുകളില്‍ എല്ലാമുണ്ട്.
അതേസമയം, ഓരോ ഗോളില്‍ തൂങ്ങി ഫൈനല്‍ വരെയത്തെിയ ഈജിപ്ത് നിര്‍ണായക ഘട്ടത്തില്‍ ജയിച്ചുകയറുമെന്നാണ് കോച്ച് ഹെക്ടര്‍ കൂപറിന്‍െറ നിരീക്ഷണം. ഇതുവരെ അഞ്ച് കളിയില്‍ നാലു ഗോള്‍ മാത്രമാണ് ഈജിപ്ത് അടിച്ചത്. സെമിയിലെ ഷൂട്ടൗട്ടില്‍ ക്യാപ്റ്റന്‍ കൂടിയായ ഗോളി ഇസാം അല്‍ ഹദാരി രക്ഷകനായി. മധ്യനിര താരം മുഹമ്മദ് എല്‍നിനെ, മര്‍വാന്‍ മുഹ്സിന്‍ എന്നിവര്‍ പരിക്കിന്‍െറ പിടിയിലായതും ഈജിപ്തിന് തിരിച്ചടിയാവുന്നു.
എട്ടുതവണ ഫൈനലിലത്തെിയപ്പോള്‍ ഏഴിലും ജയിച്ച ഈജിപ്ത് 1962ല്‍ മാത്രമാണ് കിരീടം കൈവിട്ടത്. കാമറൂണ്‍ ആറു തവണ ഫൈനലിലത്തെിയപ്പോള്‍ രണ്ടുവട്ടം കിരീടം കൈവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.