മൗറീന്യോ ധര്‍മസങ്കടത്തില്‍; റൂണിയെ എന്തുചെയ്യും?

മാഞ്ചസ്റ്റര്‍: ഇംഗ്ളണ്ട് ദേശീയ ടീമിന്‍െറയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറയും നായകനാണ് വെയ്ന്‍ റൂണി. മാഞ്ചസ്റ്റര്‍ ഇതിഹാസം ബോബി ചാള്‍ട്ടന്‍െറ 249 ഗോള്‍ എന്ന ക്ളബ് റെക്കോഡ് മറികടക്കാന്‍ റൂണിക്ക് ഇനി നാലു ഗോള്‍ കൂടി മതി. പക്ഷേ, ഇത്തരം വലിയ കാര്യങ്ങളൊന്നുമല്ല മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ജോസ് മൗറീന്യോയെ അലട്ടുന്നത്. ഒരു സീസണിലധികമായി ഫോം കിട്ടാതെ ഉഴലുന്ന റൂണിയെ ഏതു പൊസിഷനില്‍ കളിപ്പിക്കണമെന്നതിലുപരി ഫസ്റ്റ് ഇലവനില്‍ നിലനിര്‍ത്തണോ എന്നുവരെ കോച്ച് ചിന്തിച്ചുതുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടു സീസണ്‍ മുമ്പുവരെ യുനൈറ്റഡിന്‍െറ മുന്‍നിര സ്ട്രൈക്കറായിരുന്നു റൂണി. അലക്സ് ഫെര്‍ഗൂസണ്‍ യുഗത്തില്‍ റുഡ്വാന്‍ നിസ്റ്റല്‍ റൂയി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയവരുടെ പ്രതാപകാലത്തും റൂണിക്ക് ടീമിന്‍െറ മുന്നേറ്റനിരയില്‍ പ്രധാന സ്ഥാനമുണ്ടായിരുന്നു. ഫെര്‍ഗിയുടെ അവസാന സീസണിലാണ് റൂണി മങ്ങിത്തുടങ്ങിയത്. തുടര്‍ന്ന് കോച്ച് ഫസ്റ്റ് ഇലവനില്‍നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ടീം വിടുമെന്ന് വരെ പ്രഖ്യാപിച്ചിരുന്നു താരം. പിന്നീട് ഫോമിലേക്ക് തിരിച്ചുവന്നെങ്കിലും എവര്‍ട്ടണിലെ മുന്‍ കോച്ച് ഡേവിഡ് മോയസിന്‍െറയും പിന്നീട് ലൂയി വാന്‍ഗാലിന്‍െറയും കാലത്തും റൂണിക്ക് സ്ഥിരത പുലര്‍ത്തനായിരുന്നില്ല. തുടര്‍ന്ന് പ്രധാന സ്ട്രൈക്കര്‍ സ്ഥാനത്തുനിന്ന് ഡീപ്ലൈയിങ് മിഡ്ഫീല്‍ഡറായും പ്ളേമേക്കറായും സെക്കന്‍ഡ് സ്ട്രൈക്കറായും വിങ്ങറായുമെല്ലാം മാറിമാറി കളിച്ചെങ്കിലും എവിടെയും സ്ഥാനമുറച്ചില്ല. ലക്ഷണമൊത്ത മുന്‍നിര സ്ട്രൈക്കര്‍ ഇല്ലാതിരുന്ന കഴിഞ്ഞ സീസണില്‍പോലും റൂണിക്ക് ആ സ്ഥാനം തിരിച്ചുപിടിക്കാനായില്ല.

ഇത്തവണ സ്ളാറ്റന്‍ ഇബ്രാഹിമോവിച് ടീമിലത്തെിയതോടെ റൂണിക്ക് സെന്‍ട്രല്‍ സ്ട്രൈക്കര്‍ സ്ഥാനം കിട്ടില്ളെന്നുറപ്പായിരുന്നു. സീസണില്‍ ഇതുവരെ റൂണി കളിച്ചത് പ്ളേമേക്കര്‍ പൊസിഷനിലാണ്. എന്നാല്‍, പറയത്തക്ക സംഭാവനകളൊന്നും നല്‍കാന്‍ പത്താം നമ്പറുകാരന് സാധിച്ചിട്ടില്ല. അതാണ് മൗറീന്യേയെ കുഴക്കുന്നത്. റൂണിയെ പ്ളേമേക്കര്‍ പൊസിഷനില്‍ നിലനിര്‍ത്തുന്നതിനുവേണ്ടി അതേ പൊസിഷനില്‍ തിളങ്ങിയിട്ടുള്ള പോള്‍ പൊഗ്ബയെ റെക്കോഡ് തുകക്ക് ടീമിലത്തെിച്ചിട്ടും ഡീപ്ലൈയിങ് പൊസിഷനിലാണ് കളിപ്പിക്കുന്നത്. ഇതുമൂലം ഫ്രഞ്ച് താരത്തിന് ഇതുവരെ താളംകണ്ടത്തൊനും സാധിച്ചിട്ടില്ല.  

കഴിഞ്ഞദിവസം ലീഗ് കപ്പില്‍ മൂന്നാം ഡിവിഷന്‍ ടീമായ നോര്‍താംപ്ടണിനെതിരെ പ്രമുഖര്‍ക്കെല്ലാം വിശ്രമം നല്‍കിയപ്പോഴും റൂണിയെ മുഴുവന്‍ സമയവും കളിപ്പിച്ചിരുന്നു. യുനൈറ്റഡ് 3-1ന് ജയിച്ച കളിയില്‍ പക്ഷേ, താരത്തിന് കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെ ശനിയാഴ്ച ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിക്കെതിരെ നടക്കുന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ റൂണിയെ ഫസ്റ്റ് ഇലവനില്‍നിന്ന് ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹം പരന്നിട്ടുണ്ട്. എന്നാല്‍, നിര്‍ണായകമായ പ്ളേമക്കര്‍ പൊസിഷനില്‍ പറ്റിയ പകരക്കാരനില്ലാത്തത് മൗറീന്യോയെ കുഴക്കുന്നുണ്ട്. പലതവണ അവസരം ലഭിച്ചിട്ടും പൊസിഷന്‍ തന്‍േറതാക്കി മാറ്റാനാവാത്ത യുവാന്‍ മാറ്റയാണ് പകരക്കാരന്‍ നമ്പര്‍ വണ്‍. ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍നിന്ന് അടുത്തിടെയത്തെിയ ഹെന്‍റിക് മികിതാരിയാന്‍ ആണ് മറ്റൊരു ചോയ്സ്. പല പൊസിഷനിലും മാറിമാറിക്കളിക്കുന്ന ആന്‍ഡര്‍ ഹെരേരയാണ് മറ്റൊരു സാധ്യത. ഏതായാലും ഉടന്‍ ഫോം തെളിയിച്ചില്ളെങ്കില്‍ യുനൈറ്റഡ് നിരയില്‍ റൂണിയുടെ സ്ഥാനം എണ്ണപ്പെടുമെന്നാണ് ഇംഗ്ളണ്ടില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT