കൊല്‍ക്കത്ത, മെയ്ഡ് ഇന്‍ സ്പെയിന്‍

ഇന്ത്യന്‍ ഫുട്ബാളിന്‍െറ ഈറ്റില്ലമാണ് കൊല്‍ക്കത്ത. മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും മുഹമ്മദന്‍സും അരങ്ങുവാണ കാലത്തെ ഓര്‍മിപ്പിച്ചാണ് കൊല്‍ക്കത്തയുടെ മണ്ണില്‍നിന്ന് അത്ലറ്റികോ ഡി കൊല്‍ക്കത്ത എന്ന ഫുട്ബാള്‍ ക്ളബ് അവതരിച്ചത്. കാവ്യനീതി പോലെയായിരുന്നു പ്രഥമ സീസണിലെ കൊല്‍ക്കത്തയുടെ കിരീട നേട്ടം. ഫൈനലില്‍ തോല്‍പ്പിച്ചത് കേരള ബ്ളാസ്റ്റേഴ്സിനെ. രണ്ടാം സീസണിലും കൊല്‍ക്കത്ത മോശമാക്കിയില്ല. സെമിഫൈനലില്‍ ചെന്നൈയിനെതിരെ 4-2 അഗ്രഗേറ്റ് സ്കോറിനാണ് വംഗനാട്ടുകാര്‍ അടിയറ പറഞ്ഞത്. പ്രതിഫല തര്‍ക്കത്തില്‍ പരിശീലകന്‍ അന്‍േറാണിയോ ലോപസ് ഹബാസ് ടീം വിട്ടതിനെ തുടര്‍ന്ന് സ്പാനിഷ് പരിശീലകന്‍ ജോസ് ഫ്രാന്‍സിസ്കോ മൗളിനോയാണ് ഇക്കുറി തന്ത്രങ്ങള്‍ മെനയുന്നത്.
പരിക്കുകാരണം കഴിഞ്ഞ സീസണില്‍ ഒരു മത്സരത്തില്‍ മാത്രം ബൂട്ടുകെട്ടിയ പോര്‍ച്ചുഗീസ് താരം ഹെല്‍ഡര്‍ പോസ്റ്റിഗ തന്നെയാണ് ഇക്കുറിയും മാര്‍ക്വീ താരം. സ്പെയിനിലായിരുന്നു കൊല്‍ക്കത്തയുടെ പ്രീസീസണ്‍ പരിശീലനം. സൗഹൃദ മത്സരത്തില്‍ സ്പാനിഷ് ക്ളബ് അത്ലറ്റികോ പിന്‍േറായോട് 3-4ന് തോറ്റു.

സ്പാനിഷ് കരുത്ത്
സ്പെയിന്‍ താരങ്ങളുടെ കരുത്തിലാണ് പുതിയ സീസണില്‍ കൊല്‍ക്കത്ത എത്തുന്നത്. 11 വിദേശ താരങ്ങളില്‍ ആറു പേരും സ്പെയിനില്‍നിന്ന്. മുന്നേറ്റ നിരയില്‍ യുവാന്‍ ബൊലെന്‍സ്കോയും മധ്യനിരയില്‍ ബോര്‍യ ഫെര്‍ണാണ്ടസും യാവി ലാറയും അണിനിരക്കുമ്പോള്‍ പ്രതിരോധത്തില്‍ ടിരി, പാബ്ളോ ഗല്ലാര്‍ഡോയും ഗോള്‍ കീപ്പര്‍ ഡാനി മല്ളോയുമാണ് സ്പാനിഷ് സാന്നിധ്യം. ഹെല്‍ഡര്‍ പോസ്റ്റിഗ കഴിഞ്ഞ സീസണില്‍ പരിക്കേറ്റ് പുറത്തായില്ളെങ്കില്‍ അത്ലറ്റികോ കിരീടം നേടുമെന്ന് വിശ്വസിക്കുന്ന ആരാധകരാണ് കൂടുതല്‍. ഒരു കളിയില്‍ ബൂട്ടുകെട്ടിയ പോസ്റ്റിഗ ഇരട്ടഗോള്‍ നേടിയിരുന്നു. ബോട്സ്വാനയുടെ ഒഫെന്‍റ്സെ നാറ്റോ മധ്യനിരക്കാരന്‍ സമീഗ് ദൗതി, കാനേഡിയന്‍ താരം ഇയാന്‍ ഹ്യൂം, സ്കോട്ടിഷ് താരം സ്റ്റീഫന്‍ പിയേഴ്സന്‍ എന്നിവരാണ് മറ്റു വിദേശ താരങ്ങള്‍.

ഇന്ത്യക്കാരില്ലാതെ മുന്നേറ്റ നിര
മുന്നേറ്റ നിരയില്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ലാതെയാണ് ഇക്കുറി 27 അംഗ ടീമിനെ അവതരിപ്പിച്ചത്. ആദ്യ സീസണില്‍ ബ്ളാസ്റ്റേഴ്സിന്‍െറ ഹ്യൂമേട്ടനായിരുന്ന ഇയാന്‍ ഹ്യൂം, മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റിഗ, യുവാന്‍ ബൊലെന്‍സ്കോ എന്നിവര്‍ക്കാണ് ഗോളടിക്കാനുള്ള ചുമതല. പ്രധാന താരങ്ങളെ മുന്നേറ്റ നിരയില്‍ വിന്യസിക്കാനുള്ള പരിശീലകന്‍െറ തീരുമാനം ആക്രമണമായിരിക്കും ടീം ശൈലിയെന്ന് വ്യക്തമായ സൂചന നല്‍കുന്നു. അവസാന ടീമില്‍ ഇവര്‍ മൂന്നുപേരും ഇടം പിടിക്കുമെന്ന് ഉറപ്പിക്കാം.  

പരീക്ഷണം മധ്യനിരയില്‍
ആറ് ഇന്ത്യന്‍ താരങ്ങളടക്കം 11 മധ്യനിരക്കാരാണ് അണിനിരക്കുന്നത്. വിദേശ താരങ്ങളായ സ്റ്റീഫന്‍ പിയേഴ്സന്‍, സമീഗ് ദൗതി, ബോര്‍യ ഫെര്‍ണാണ്ടസ്, യാവി ലാറ, ഒഫെന്‍റ്സെ നാറ്റോ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങളും. ടീമിലെ മൂന്ന് പ്രധാന താരങ്ങള്‍ മുന്നേറ്റ നിരയിലായതിനാല്‍ അവര്‍ക്കു പന്തത്തെിക്കുക എന്നത് കൊല്‍ക്കത്തക്ക് വെല്ലുവിളിയാണ്. പ്രധാന ഇന്ത്യന്‍ താരങ്ങള്‍ മധ്യനിരയില്‍ ഇല്ല എന്നതും ശ്രദ്ധേയം.

പ്രതിരോധ ചുമതല ഇന്ത്യക്ക്
മധ്യനിരയിലും മുന്നേറ്റ നിരയിലും ഇന്ത്യക്കാരുടെ സാന്നിധ്യം ദുര്‍ബലമെങ്കിലും പ്രതിരോധത്തില്‍ സജീവ സാന്നിധ്യം. സ്പാനിഷ് താരങ്ങളായ ടിരി, പാബ്ളോ ഗല്ലാര്‍ഡോ എന്നിവരൊഴിച്ചാല്‍ ബാക്കിയെല്ലാം ഇന്ത്യന്‍ താരങ്ങള്‍. കഴിഞ്ഞ രണ്ടു സീസണിലും ടീമിന്‍െറ വിശ്വസ്തനായിരുന്ന അര്‍ണബ് മൊണ്ഡല്‍, പുതുമുഖം കീഗന്‍ പെരേര, പുണെ സിറ്റിയില്‍നിന്നത്തെിയ പ്രിതം ഖോതാല്‍, മുംബൈ സിറ്റിയില്‍ നിന്നത്തെിയ കിങ്ഷുക് ദേബ്നാഥ്, ഡല്‍ഹി ഡൈനാമോസില്‍നിന്നത്തെിയ പ്രബിര്‍ ദാസ്, റോബര്‍ട്ട് ലാല്‍ത്ലമുവന എന്നിവരാണ് കാവല്‍ഭടന്മാര്‍. മൂന്ന് പുതിയ താരങ്ങളാണ് ഇക്കുറി ഗോള്‍വല കാക്കാനത്തെുന്നത്. കഴിഞ്ഞ സീസണില്‍ കേരളാ ബ്ളാസ്റ്റേഴ്സിലായിരുന്ന ഷില്‍ട്ടന്‍ പോള്‍, മുംബൈ സിറ്റി താരമായിരുന്ന ദേബ്ജിത് മജൂംദാര്‍, സ്പെയിന്‍ താരം ഡാനി മല്ളോ എന്നിവരായിരിക്കും ഗോള്‍വല കാക്കുക.

ഫേസ്ബുക് ആരാധകരില്‍ അത്ലറ്റികോ
ഫേസ്ബുക്കിലെ ആരാധകരുടെ എണ്ണത്തില്‍ കേരള ബ്ളാസ്റ്റേഴ്സിനെ കടത്തിവെട്ടി കൊല്‍ക്കത്ത ഒന്നാമത്. 9.73 ലക്ഷം ലൈക്കുകളാണ് ഇതുവരെ കൊല്‍ക്കത്തക്ക് ലഭിച്ചത്. ഒരു വര്‍ഷത്തിനിടെ 3.66 ലക്ഷം ലൈക്കുകളുടെ വര്‍ധനവാണ് ഫേസ്ബുക് ആരാധകരില്‍ ഉണ്ടായത്. 8.79 ലക്ഷം ലൈക്കുമായി പുണെ എഫ്.സി രണ്ടാമതും 7.98 ലക്ഷം ലൈക്കുമായി കേരളാ ബ്ളാസ്റ്റേഴ്സ് മൂന്നാമതുമാണ്.


 പരിശീലകന്‍: ഹൊസെ ഫ്രാന്‍സിസ്കോ മൗളീന
 ഹോം ഗ്രൗണ്ട്: രബീന്ദ്ര സരോബര്‍ സ്റ്റേഡിയം, കൊല്‍ക്കത്ത
 ഗോള്‍കീപ്പര്‍: ദേബ്ജിത് മജൂംദാര്‍
  ഷില്‍ട്ടന്‍ പോള്‍, ഡാനി മല്ളോ
 പ്രതിരോധം: ടിരി, അര്‍ണബ് മൊണ്ഡല്‍ കീഗന്‍ പെരീര, പ്രിതം ഖൊടാല്‍
കിങ്ഷുക് ദേബ്നാഥ്, പ്രബിര്‍ദാസ്
റോബര്‍ട്ട് ലാല്‍ത്ലമുവന
പാബ്ളോ ഗല്ലാര്‍ഡോ
 മധ്യനിര: ഒഫെന്‍റ്സെ നാറ്റോ
അഭിന്‍ദാസ് റുയിദാസ്, യാവി ലാറ
ബികാഷ് ജെയ്രു, ബിക്രംജിത് സിങ്
ലാല്‍റിന്‍ഡിക റാല്‍തെ, ബോര്‍യ ഫെര്‍ണാണ്ടസ്, ജുവല്‍ രാജ
ബിദ്യാനന്ദ സിങ്, സമീഗ് ദൗതി
സ്റ്റീഫന്‍ പിയേഴ്സണ്‍
 മുന്നേറ്റം: ഇയാന്‍ ഹ്യൂം, ഹെല്‍ഡര്‍ പോസ്്റ്റിഗ, യുവാന്‍ ബെലന്‍സ്കോ

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.