മിലാന്‍: രണ്ടു വര്‍ഷം മുമ്പ് കപ്പിനും ചുണ്ടിനുമിടയില്‍ കൈവിട്ടത് ഉടന്‍ തിരിച്ചുപിടിക്കുമെന്ന് ഗാബി ഫെര്‍ണാണ്ടസും സംഘവും ലിസ്ബനിലെടുത്ത പ്രതിജ്ഞ ഇത്തവണ സാന്‍സീറോ മൈതാനത്ത് പുലരുമെന്ന് സ്വപ്നംകണ്ടവര്‍ക്ക് നിരാശ ബാക്കി. 120 മിനിറ്റും മരണപ്പോരാട്ടം നടത്തിയതിനൊടുവില്‍ ഷൂട്ടൗട്ട് വിധി നിര്‍ണയിച്ച ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരാട്ടത്തില്‍ അത്ലറ്റികോ മഡ്രിഡിനെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് മറികടന്ന് റയല്‍ 11ാമതും യൂറോപ്പിന്‍െറ ചാമ്പ്യന്മാരായി. 10ാം കിരീടത്തിന് നീണ്ട 12 വര്‍ഷം കാത്തിരിക്കേണ്ടിവന്നവര്‍ രണ്ടു വര്‍ഷത്തിനിടെ വീണ്ടും കിരീടത്തില്‍ മുത്തമിടുമ്പോള്‍ വിജയഗോള്‍ കുറിച്ച ക്രിസ്റ്റ്യാനോ മാത്രമല്ല, അഞ്ചു മാസം മുമ്പ് പരിശീലകക്കുപ്പായത്തിലത്തെിയ സിനദിന്‍ സിദാന്‍കൂടിയാണ് താരം. ദിവസങ്ങള്‍ക്കുമുമ്പ് സ്പാനിഷ് ലാ ലിഗയില്‍ കിരീടം ബാഴ്സക്ക് അടിയറവെക്കേണ്ടിവന്ന റയലിന് ഇനി സ്പെയിനില്‍ ആഘോഷത്തിന്‍െറ നാളുകള്‍.

റാമോസ് ഗോള്‍
ആരു നേടിയാലും മഡ്രിഡിന് ആഘോഷമെന്ന അപൂര്‍വ കൗതുകവുമായാണ് സാന്‍സീറോയില്‍ പന്ത് ഉരുണ്ടുതുടങ്ങിയത്. നാട്ടങ്കത്തില്‍ എന്നും മേല്‍ക്കൈയുള്ള റയലിനുതന്നെയായിരുന്നു ഞായറാഴ്ചയും മുന്‍തൂക്കം. ആദ്യ മിനിറ്റുകളില്‍തന്നെ ഇരമ്പിയാര്‍ത്ത, പേരുകേട്ട റയല്‍ മുന്‍നിരയെ പിടിച്ചുകെട്ടാന്‍ അത്ലറ്റികോ പ്രതിരോധം തുടക്കത്തിലേ പരുക്കന്‍ അടവുകള്‍ പുറത്തെടുത്തു. ഇതിനു ശിക്ഷയായി അഞ്ചാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് അത്ലറ്റികോ ഗോളി ജാന്‍ ഒബ്ലകിന്‍െറ മിടുക്കുകൊണ്ടാണ് ഗോളാകാതെ മടങ്ങിയത്. ബെയ്ലെടുത്ത ഷോട്ട് ക്ളോസ് റേഞ്ചില്‍ കസിമിറോ ഗോളിലേക്ക് പായിച്ചത് അതിസാഹസികമായി ഗോളി തട്ടിയകറ്റി. രണ്ടു വര്‍ഷം മുമ്പ് ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍പട്ടത്തിനരികെ കളിയുടെ 93ാം മിനിറ്റില്‍ ഹെഡറിലൂടെ അത്ലറ്റികോയുടെ ഹൃദയം തകര്‍ത്ത റാമോസിന്‍െറ വകയായിരുന്നു ഇത്തവണയും യഥാര്‍ഥ ഷോക്ക്. 15ാം മിനിറ്റില്‍ ക്രൂസ് എടുത്ത ഫ്രീകിക്ക് ഗാരെത് ബെയ്ല്‍ ഫ്ളിക് ചെയ്തത് നേരെ സെര്‍ജിയോ റാമോസിന്‍െറ കാലില്‍. ഗോളിയെ കാഴ്ചക്കാരനാക്കി റാമോസ് വലയിലത്തെിച്ചതോടെ റയല്‍ ഒരു ഗോളിന് മുന്നില്‍.

പാഴായ പെനാല്‍റ്റി, പകരക്കാരന്‍െറ ഗോള്‍
പന്തിനു മേല്‍ നിയന്ത്രണം നഷ്ടപ്പെടുത്താതെ കളി തണുപ്പിച്ച് വിജയികളായി മടങ്ങുകയെന്ന തന്ത്രമായിരുന്നു പിന്നീട് റയലിന്‍േറത്. താരപ്രഭയില്ലാതെ യൂറോപ്പില്‍ അദ്ഭുതങ്ങള്‍ വിരിയിച്ച പാരമ്പര്യമുള്ള അത്ലറ്റികോയും വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. അന്‍േറായിന്‍ ഗ്രീസ്മാന്‍ മുന്നില്‍നിന്ന് പടനയിച്ചതോടെ മടക്ക ഗോള്‍ ഏതുനിമിഷവും സംഭവിക്കുമെന്നായി. 35ാം മിനിറ്റില്‍ ക്ളോസ് റേഞ്ചില്‍ ഗ്രീസ്മാന്‍ പോസ്റ്റിലേക്ക് പന്തു പായിച്ചെങ്കിലും ഓഫ്സൈഡ് കെണിയില്‍ കുരുങ്ങി. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളില്‍ പെനാല്‍റ്റി ബോക്സില്‍ ടോറസിനെ റയല്‍ പ്രതിരോധനിരയിലെ പെപെ വീഴ്ത്തിയതോടെ അത്ലറ്റികോ മഡ്രിഡിന് സമനില ഗോളിന് അവസരമൊരുങ്ങി. ഗ്രീസ്മാനെടുത്ത പെനാല്‍റ്റി റയല്‍ കാവല്‍ക്കാരന്‍ നവാസിനെ പരാജയപ്പെടുത്തിയെങ്കിലും ബാറിന്‍െറ അടിയില്‍ തട്ടി മടങ്ങി. 54ാം മിനിറ്റില്‍ ഗോഡിനും തൊട്ടുടന്‍ കരാസ്കോയും ഗോളിനടുത്തത്തെിയെങ്കിലും ഗോളി തട്ടിയകറ്റി. എല്ലാം ശുഭമെന്ന പ്രതീക്ഷയില്‍ റയല്‍ നില്‍ക്കെ അവസാന വിസിലിന് 11 മിനിറ്റ് മുമ്പായിരുന്നു സ്റ്റേഡിയത്തെ പ്രകമ്പനംകൊള്ളിച്ച സമനില ഗോള്‍. ഗ്രീസ്മാന്‍ ഉയര്‍ത്തി നല്‍കിയ മനോഹര പാസ് യുവാന്‍ഫ്രാന്‍ കരാസ്കോക്ക് കൈമാറി. വലതുകാലിന്‍െറ പിന്‍വശംകൊണ്ട് ക്ളോസ് റേഞ്ചില്‍ പായിച്ച ഷോട്ട് ഗോളിയെ തോല്‍പിച്ച് പോസ്റ്റില്‍. സ്കോര്‍: 1-1.

ഷൂട്ടൗട്ട്; ക്രിസ്റ്റ്യാനോ ഗോള്‍
ആക്രമണങ്ങളേറെ കണ്ട പിന്നീടുള്ള മിനിറ്റുകളില്‍ ഗോള്‍ പിറക്കാതെ പോയതോടെ കളി എക്സ്ട്രാ ടൈമിലേക്ക്. 77ാം മിനിറ്റില്‍ എല്ലാ സബ്സ്റ്റിറ്റ്യൂഷനും ഉപയോഗിച്ചുതീര്‍ത്ത റയല്‍ കോച്ചിന്‍െറ തീരുമാനം അപകടമായോ എന്നതായി പിന്നീടുള്ള സന്ദേഹം. ഇരു ടീമും പിടിച്ചുനിന്ന് കളിച്ച 30 മിനിറ്റും ഗോള്‍ പിറക്കാതെ അവസാനിച്ചതോടെ ഷൂട്ടൗട്ടിലേക്ക്. റയലിനുവേണ്ടി ആദ്യം കിക്കെടുത്തത് ലുകാസ് വാസ്കെസ്. അനായാസ ഗോള്‍. നേരത്തേ കിക്ക് പാഴാക്കിയ ഗ്രീസ്മാന്‍ അത്ലറ്റികോക്കുവേണ്ടിയും ഗോളാക്കി. മാഴ്സലോ, ബെയ്ല്‍ എന്നിവര്‍ റയലിനും ക്യാപ്റ്റന്‍ ഗാബി, സോല്‍ എന്നിവര്‍ അത്ലറ്റിക്കോക്കും ഗോള്‍ നേടിയതോടെ 3-3. സെര്‍ജിയോ റാമോസെടുത്ത അടുത്ത കിക്കും ഗോള്‍. യുവാന്‍ഫ്രാന്‍ എടുത്ത കിക്ക് പോസ്റ്റിന്‍െറ വലതുമൂലയില്‍ തട്ടി മടങ്ങിയതോടെ റയല്‍ ഒരു ഗോളിനു മുന്നില്‍. അവസാന പെനാല്‍റ്റിയെടുക്കാനത്തെിയ സാക്ഷാല്‍ റൊണാള്‍ഡോ അനായാസം നിറയൊഴിച്ചതോടെ സാന്‍സീറോ പൊട്ടിത്തെറിച്ചു. കിരീടം വീണ്ടും റയലിലേക്ക്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.