നികുതി വെട്ടിപ്പ്; മെസ്സി വിചാരണ നേരിടും

ബാഴ്സലോണ: നികുതി വെട്ടിപ്പ് കേസില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി ചൊവ്വാഴ്ച വിചാരണ നേരിടും. 40 ലക്ഷം യൂറോയിലധികം നികുതി വെട്ടിച്ചെന്ന കേസില്‍ ബാഴ്സലോണ ഹൈകോടതിക്കു മുമ്പാകെയാണ് മെസ്സിയും പിതാവും വിചാരണക്കു ഹാജരാകേണ്ടത്.
2011 മുതല്‍ 2013 വരെ കാലങ്ങളില്‍ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് ഇരുവര്‍ക്കുമെതിരായ കേസ്. കേസില്‍ വിചാരണ നേരിടണമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഗാവ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ താരം നല്‍കിയ അപ്പീല്‍ ബാഴ്സലോണ ഹൈകോടതി തള്ളുകയായിരുന്നു. ജൂണ്‍ രണ്ടുവരെ നീളുന്ന വിചാരണയില്‍ താരം പിതാവിനോടൊപ്പം ഹാജരാകണം. അമേരിക്കയില്‍ നടക്കാനിരിക്കുന്ന കോപ അമേരിക്കക്കായി അര്‍ജന്‍റീന ദേശീയ ടീമിനൊപ്പം ചേരാനിരിക്കെയാണ് കോടതി വിധി. കുറ്റം തെളിഞ്ഞാല്‍ മെസ്സി രണ്ടു കൊല്ലത്തോളം അകത്തുകിടക്കേണ്ടിവരും. എന്നാല്‍, സ്പാനിഷ് നിയമപ്രകാരം രണ്ടു വര്‍ഷത്തിനുതാഴെ ശിക്ഷ ലഭിക്കാവുന്ന കേസില്‍ കുറ്റാരോപിതന്‍ ഹാജരാകണമെന്ന് നിര്‍ബന്ധമില്ല. അതിനാല്‍ ജൂണ്‍ രണ്ടിനു മെസ്സി നേരിട്ട് ഹാജരാകാതെ കേസിനാവശ്യമായ പ്രമാണങ്ങള്‍ ഹാജരാക്കാനാണ് സാധ്യത.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.