ഇംഗ്ലണ്ടിനും അര്‍ജന്‍റീനക്കും ജയം, ആശങ്കയായി മെസ്സിയുടെ പരിക്ക്

ലണ്ടന്‍: കോപ അമേരിക്ക, യൂറോകപ്പ് എന്നീ പ്രധാന ടൂര്‍ണമെന്‍റുകള്‍ക്ക് മുന്നോടിയായി നടക്കുന്ന സന്നാഹമത്സരങ്ങളില്‍ പ്രധാന ടീമുകള്‍ക്ക് ജയം. യൂറോപ്യന്‍ കരുത്തരായ ഇംഗ്ളണ്ട് 2-1ന് ആസ്ട്രേലിയയെ തോല്‍പിച്ചപ്പോള്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്‍റീന 1-0ത്തിന് ഹോണ്ടുറസിനെ തോല്‍പിച്ചു. മത്സരത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് പരിക്കേറ്റത് അര്‍ജന്‍റീനന്‍ ക്യാമ്പില്‍ ആശങ്ക പരത്തി.
ഹോണ്ടുറസിനെതിരെ  അരങ്ങേറ്റ മത്സരത്തില്‍ കൗമാരതാരം മാര്‍കസ് റാഷ്ഫോഡ് ഗോള്‍ നേടി ദേശീയ ടീമിനുവേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ മൂന്നാമത്തെ താരമായി. മൂന്നാമത്തെ മിനിറ്റിലായിരുന്നു റാഷ്ഫോഡിന്‍െറ ഗോള്‍. ക്യാപ്റ്റന്‍ വെയ്ന്‍ റൂണി 55ാം മിനിറ്റില്‍ സ്കോര്‍ ചെയ്തു. 75ാം മിനിറ്റില്‍ ഇംഗ്ളണ്ട് താരം എറിക് ഡിയര്‍ നേടിയ സെല്‍ഫ് ഗോളാണ് ആസ്ട്രേലിയക്ക് തുണയായത്.
ഹോണ്ടുറസിനെതിരെ 31ാം മിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വെ്നാണ് അര്‍ജന്‍റീനക്കുവേണ്ടി ഗോള്‍ നേടിയത്.
59ാം മിനിറ്റില്‍ എതിര്‍താരവുമായി കൂട്ടിയിടിച്ച മെസ്സി കളംവിട്ടു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും കളത്തിലിറങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മെസ്സിയെ ലോക്കല്‍ ആശുപത്രിയില്‍ പരിശോധനക്ക് വിധേയനാക്കി. താരത്തിന് ഇടുപ്പിനും വാരിയെല്ലിനും പരിക്കേറ്റതായും പരിക്ക് ഗുരുതരമാണോ എന്ന്  സ്ഥിരീകരിക്കാന്‍ വിദഗ്ധ പരിശോധന നടത്തുമെന്നും പരിശീലകന്‍ ജെറാര്‍ഡോ മാര്‍ട്ടിനോ പറഞ്ഞു. എഡിസന്‍ കവാനിയുടെ ഡബ്ള്‍ ഗോള്‍ നേട്ടത്തിന്‍െറ മികവില്‍ ഉറുഗ്വായ് 3-1ന് ട്രിനിഡാഡ്-ടുബേഗോയെ തോല്‍പിച്ചു.
മറ്റൊരു മത്സരത്തില്‍ കരുത്തരായ നെതര്‍ലന്‍ഡ്സിനെ 1-1ന് അയര്‍ലന്‍ഡ് സമനിലയില്‍ തളച്ചു. നിലവിലെ കോപ ജേതാക്കളായ ചിലിയെ ജമൈക്ക അട്ടിമറിച്ചു. 2-1നായിരുന്നു ജമൈക്കയുടെ വിജയം.
മറ്റു മത്സരഫലങ്ങള്‍: ക്രൊയേഷ്യ 1-0 മള്‍ഡോവ, നോര്‍തേണ്‍ അയര്‍ലന്‍ഡ് 3-0 ബലറൂസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT