???????? ??????, ???????? ??????, ??????

ഇംഗ്ലണ്ടില്‍ പന്തുതട്ടാന്‍ മലയാളി കുരുന്നുകള്‍

കോഴിക്കോട്: മൂന്ന് മലയാളി കൗമാര താരങ്ങള്‍ ഉള്‍പ്പെട്ട ഐ.എസ്.എല്‍ യങ് ചാമ്പ്സ് ടീം ഇംഗ്ളീഷ് പര്യടനത്തിന്. 22 അംഗ സംഘമാണ് പരിശീലനത്തിനും സൗഹൃദ മത്സരങ്ങള്‍ക്കുമായി ചെല്‍സി, ലിവര്‍പൂള്‍, ആഴ്സനല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തുടങ്ങിയ പ്രമുഖ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ളബുകളുടെ കളിമുറ്റങ്ങളില്‍ പന്തുതട്ടാനായി പറക്കുന്നത്. മലപ്പുറം മമ്പാട് നിന്നുള്ള സി.കെ.റാഷിദ്, കോഴിക്കോട് ബേപ്പൂര്‍ മാത്തോട്ടം ചക്കേരിക്കാട്പറമ്പ് തന്‍സീര്‍ നിവാസില്‍ മുഹമ്മദ് ബാസിത്ത്, വെള്ളിമാട്കുന്ന് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് സി.എച്ച് കോളനിയിലെ മുഹമ്മദ് നമില്‍ എന്നിവരാണ് ക്യാമ്പിലുള്ള മലയാളി താരങ്ങള്‍. ഒരുവര്‍ഷം മുമ്പാണ് കേരള ബ്ളാസ്റ്റേഴ്സ് ഗ്രാസ്റൂട്ട് പ്രോഗ്രാമിലൂടെ മൂവരും യങ്ചാമ്പ്സ് ക്യാമ്പിലേക്ക് സെലക്ഷന്‍ നേടിയത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവരാണ് മറ്റു ടീമംഗങ്ങള്‍.

അണ്ടര്‍ 12, അണ്ടര്‍ 14 വിഭാഗങ്ങളിലായി ഒരു വര്‍ഷം മുംബൈയില്‍ പരിശീലിക്കുന്ന കൗമാര സംഘം 12 ദിവസത്തെ ഇംഗ്ളീഷ് പര്യടനത്തിനായി വ്യാഴാഴ്ച യാത്ര തിരിക്കും. യങ് ചാമ്പ്സ് ഹെഡ്കോച്ച് മാര്‍ക് വെയ്സന്‍, അസിസ്റ്റന്‍റ് കോച്ച് ജോസ് ബാരെറ്റോ എന്നിവരുടെ നേതൃത്വത്തിലാണ് ടീം യാത്രപുറപ്പെടുന്നത്.
 ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ ഒമ്പതു ക്ളബുകളുടെ അക്കാദമി ടീമുകളുമായി ഇവര്‍ പരിശീലന മത്സരങ്ങളില്‍ കളിക്കും. പ്രമുഖര്‍ക്കു പുറമെ ക്രിസ്റ്റല്‍ പാലസ്, വെസ്റ്റ്ബ്രോംവിച്, റെഡിങ്, ആസ്റ്റന്‍വില്ല, സതാംപ്ടന്‍, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവരാണ് മറ്റു ക്ളബുകള്‍.

14ന് കൊബാം ചെല്‍സി അക്കാദമിയിലെ പരിശീലനത്തോടെയാണ് പര്യടനം ആരംഭിക്കുന്നത്. രണ്ടു ദിവസത്തെ ക്യാമ്പില്‍ ക്രിസ്റ്റല്‍ പാലസ്, സതാംപ്ടന്‍, റെഡിങ് ടീമുകളുമായി സൗഹൃദ മത്സരങ്ങളില്‍ കളിക്കും. 15ന് നടക്കുന്ന സതാംപ്ടന്‍-ക്രിസ്റ്റല്‍ പാലസ് പ്രീമിയര്‍ ലീഗ് മത്സരത്തിനും കൗമാര താരങ്ങള്‍ സാക്ഷിയാവും. തുടര്‍ന്ന് ക്ളബുകളുടെ സ്റ്റേഡിയവും ഓഫിസും സന്ദര്‍ശിക്കും. ലിവര്‍പൂള്‍ അക്കാദമിയില്‍ ആസ്റ്റന്‍ വില്ല, റെഡിങ്, ലിവര്‍പൂള്‍ ടീമുകളെ നേരിടും. പ്രമുഖ ക്ളബുകളുടെ പരിശീലന ക്യാമ്പുകളില്‍ പങ്കെടുക്കാനും അവസരമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.