യുവേഫ പ്രസിഡന്‍റ് സ്ഥാനം പ്ളാറ്റീനി രാജിവെച്ചു

സൂറിക്: ഫിഫ വിലക്കിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതി തള്ളിയതിനു പിന്നാലെ യുവേഫ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മിഷേല്‍ പ്ളാറ്റീനി രാജിവെച്ചു. ഫുട്ബാളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍നിന്ന് ഫിഫ ആറുവര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നാലുവര്‍ഷമായി കുറച്ചു. 80,000 ഡോളര്‍ പിഴ 60,000 ഡോളറായി കുറക്കാനും കായിക തര്‍ക്കപരിഹാര കോടതി ഉത്തരവിട്ടു.

ഫിഫ നടപടി നിയമവിരുദ്ധമാണെന്നും സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ടാണ് പ്ളാറ്റീനി സ്വിറ്റ്സര്‍ലന്‍ഡിലെ സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചത്. ഫിഫയില്‍നിന്ന് 20 ലക്ഷം ഡോളര്‍ കൈക്കൂലി സ്വീകരിച്ചുവെന്ന കേസിലായിരുന്നു മുന്‍ ഫ്രഞ്ച് താരവും യുവേഫ പ്രസിഡന്‍റുമായ പ്ളാറ്റീനിക്കെതിരെ നടപടി സ്വീകരിച്ചത്. ഇതേ കേസില്‍ ഫിഫ പ്രസിഡന്‍റ് സെപ് ബ്ളാറ്റര്‍ക്കെതിരെയും വിലക്കുണ്ടായിരുന്നു.

നടപടി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ നിരപരാധിത്വം ബോധിപ്പിക്കാന്‍ പ്ളാറ്റീനിക്ക് കഴിഞ്ഞില്ളെന്ന് ആര്‍ബിട്രേഷന്‍ കോടതി വ്യക്തമാക്കി. അവസാന പ്രതീക്ഷയും പൊലിഞ്ഞതോടെയാണ് മുന്‍ ഫ്രഞ്ച് ഇതിഹാസം യൂറോപ്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ അധ്യക്ഷ പദവിയില്‍നിന്ന് രാജിവെച്ചത്. വിലക്കിനെതിരെ നിയമപോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.ബ്ളാറ്ററുടെ പിന്‍ഗാമിയായി ഫിഫ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാനിരിക്കെയാണ് പ്ളാറ്റീനി നിയമക്കുരുക്കില്‍ പെടുന്നത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ടതും അദ്ദേഹത്തിനായിരുന്നു.

വിലക്ക് വന്നതോടെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച പ്ളാറ്റീനിയുടെ പിന്തുണയോടെയാണ് പുതിയ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്‍റിനോ തെരഞ്ഞെടുക്കപ്പെട്ടത്.
2007ലാണ് പ്ളാറ്റീനി യുവേഫ തലവനായി സ്ഥാനമേല്‍ക്കുന്നത്. ഈ മാസം 18ന് ചേരുന്ന യുവേഫ എക്സിക്യൂട്ടിവ് യോഗം പുതിയ തലവനെ തെരഞ്ഞെടുക്കും. ജൂണില്‍ ആരംഭിക്കുന്ന യൂറോ കപ്പ് ഫുട്ബാളിന്‍െറ അധ്യക്ഷപദം പുതിയ പ്രസിഡന്‍റിനാവും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT