വാഷിങ്ടൺ: അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പ് പോരിനുള്ള ഗ്രൂപ്പ് ചിത്രം തെളിഞ്ഞു. മുൻ ചാമ്പ്യന്മാരായ ബ്രസീലും കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയും ഗ്രൂപ്പ് സിയിലാണ്. നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന ഗ്രൂപ്പ് ജെയിലും. അൾജീരിയ, ഓസ്ട്രിയ, ജോർഡൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
വാഷിങ്ടണിലെ പ്രശസ്തമായ കെന്നഡി സെന്ററിലാണ് ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പ് നടന്നത്. ഇതാദ്യമായി 48 ടീമുകളാണ് ജൂൺ, ജൂലൈ മാസങ്ങളിൽ യു.എസ്, മെക്സികോ, കാനഡ രാജ്യങ്ങൾ ആതിഥ്യമരുളുന്ന ആഗോള പോരാട്ടത്തിന് ഇറങ്ങുന്നത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, മെക്സിക്കൻ പ്രസിഡന്‍റ് ക്ലോഡിയ ഷെയ്ൻബോമും മുൻ താരങ്ങളും നറുക്കെടുപ്പ് ചടങ്ങിൽ പങ്കെടുത്തു.
ലോക ഫുട്ബാൾ ഭരണസമിതിയായ ഫിഫ ചരിത്രത്തിൽ ആദ്യമായി അവതരിപ്പിച്ച ‘ഫിഫ പീസ് പ്രൈസ്’ ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് സമ്മാനിച്ചു. മെഡലും പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം. ലോകത്തെ വിവിധ യുദ്ധങ്ങൾ അവസാനിപ്പിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തതിന്റെ അംഗീകാരമായാണ് പീസ് പ്രൈസ് ട്രംപിന് സമ്മാനിക്കുന്നതെന്ന് ഇന്‍ഫാന്റിനോ പറഞ്ഞു. ജീവിതത്തിലെ വലിയ ആദരങ്ങളിലൊന്നാണ് ഈ പുരസ്കാരമെന്ന് ട്രംപ് പ്രതികരിച്ചു. 48 ടീമുകളാണ് ലോകകപ്പിൽ കളിക്കുന്നതെങ്കിലും 64 രാജ്യങ്ങളുടെ പ്രതിനിധികൾ നറുക്കെടുപ്പിൽ പങ്കെടുത്തു.
42 ടീമുകളാണ് ഇതുവരെ ലോകകപ്പിന് ടിക്കറ്റെടുത്തത്. ബാക്കി ആറെണ്ണത്തെ കണ്ടെത്താൻ പ്ലേ ഓഫ് മത്സരങ്ങൾ നടക്കാനിക്കുന്നതേയുള്ളൂ. യൂറോപ്പിൽനിന്ന് നാലും ഇന്റർകോണ്ടിനന്റൽ പ്ലേ ഓഫ് വഴി രണ്ടും ടീമുകളാണ് എത്താനുള്ളത്. യൂറോപ്യൻ പ്ലേഓഫിൽ 16 ടീമുകളാണ് കളിക്കുന്നത്. മറ്റു വൻകരകളിൽനിന്നുള്ള ആറു കൂട്ടർ ഇന്റർകോണ്ടിനന്റൽ പ്ലേ ഓഫിലുമുണ്ട്. ഈ 22 ടീമുകളും നറുക്കെടുപ്പിനുണ്ടാവുമെന്നതിനാലാണ് പങ്കാളിത്തം 64 ആയി ഉയർന്നത്.
ഗ്രൂപ്പ് എ
മെക്സിക്കോ
ദക്ഷിണാഫ്രിക്ക
ദക്ഷിണ കൊറിയ
യുവേഫ പാത്ത് ഡി
ഗ്രൂപ്പ് ബി
കാനഡ
യുവേഫ പാത്ത് എ
ഖത്തർ
സ്വിറ്റ്സർലൻഡ്
ഗ്രൂപ്പ് സി
ബ്രസീൽ
മൊറോക്കോ
ഹെയ്തി
സ്കോട്ട്ലൻഡ്
ഗ്രൂപ്പ് ഡി
യു.എസ്.എ
പരഗ്വേ
ആസ്ട്രേലിയ
യുവേഫ പാത്ത് സി
ഗ്രൂപ്പ് ഇ
ജെർമനി
കുറസാവോ
എക്വഡോർ
ഐവറി കോസ്റ്റ്
ഗ്രൂപ്പ് എഫ്
നെതർലൻഡ്സ്
ജപ്പാൻ
യുവേഫ പാത്ത് ബി
തുനീഷ്യ
ഗ്രൂപ്പ് ജി
ബെൽജിയം
ഈജിപ്ത്
ഇറാൻ
ന്യൂസിലൻഡ്
ഗ്രൂപ്പ് എച്ച്
സ്പെയിൻ
കേപ് വെർഡെ
ഉറുഗ്വായ്
സൗദി അറേബ്യ
ഗ്രൂപ്പ് ഐ
ഫ്രാൻസ്
സെനഗാൾ
ഇന്റർകോണ്ടിനന്റൽ പാത്ത് 2
നോർവേ
ഗ്രൂപ്പ് ജെ
അർജന്‍റീന
അൾജീരിയ
ഓസ്ട്രിയ
ജോർഡൻ
ഗ്രൂപ്പ് കെ
പോർചുഗൽ
ഇന്റർകോണ്ടിനന്റൽ പാത്ത് 1
കൊളംബിയ
ഉസ്ബകിസ്താൻ
ഗ്രൂപ്പ് എൽ
ഇംഗ്ലണ്ട്
ക്രൊയേഷ്യ
ഘാന
പാനമ
പ്ലേ ഓഫ് മത്സരങ്ങൾ;
യുവേഫ പ്ലേ ഓഫ് എ: ഇറ്റലി, വെയിൽസ്, ബോസ്നിയ-ഹെർസഗോവിന, വടക്കൻ അയർലൻഡ്
യുവേഫ പ്ലേ ഓഫ് ബി: യുക്രെയ്ൻ, പോളണ്ട്, അൽബേനിയ, സ്വീഡൻ
യുവേഫ പ്ലേ ഓഫ് സി: തുർക്കി, സ്ലൊവാക്യ, കൊസോവോ, റൊമാനിയ
യുവേഫ പ്ലേ ഓഫ് ഡി: ഡെൻമാർക്ക്, ചെക്ക് റിപ്പബ്ലിക്, റിപ്പബ്ലിക് ഓഫ് അയർലൻഡ്, നോർത്ത് മാസിഡോണിയ
ഫിഫ പ്ലേ ഓഫ് 1: ഡിആർ കോംഗോ, ജമൈക്ക, ന്യൂ കാലിഡോണിയ
ഫിഫ പ്ലേ ഓഫ് 2: ഇറാഖ്, ബൊളീവിയ, സുരിനാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.