ബാഴ്സയുടെ തോൽവിയും കാത്ത് റയലും അത്ലറ്റിക്കോയും

ഫുട്ബാള്‍ ലോകത്തിന്‍െറ കണ്ണും കാതും സ്പെയിനിലാണിപ്പോള്‍. ആരാവും പുതുസീസണിന്‍െറ രാജാക്കന്മാര്‍.അവസാന ലാപ്പ് ഫിനിഷിങ് ലൈനിനോട് അടുത്തിട്ടും ചാമ്പ്യന്‍ ആരെന്നതിനെക്കുറിച്ച് മാത്രം ആര്‍ക്കും ഉറപ്പിച്ചുപറയാനാവുന്നില്ല. ഉസൈന്‍ ബോള്‍ട്ട്-ടൈസന്‍ഗേ-ജസ്റ്റിന്‍ ഗാറ്റ്ലിന്‍ എന്നീ മൂന്ന് അതിവേഗക്കാര്‍ മത്സരിക്കുന്ന നൂറ് മീറ്റര്‍ പോരാട്ടമെന്നപോലെയായി മാറി ലാ ലിഗ.

വെടിമുഴക്കത്തിനു മുമ്പേ തുടങ്ങുന്ന പോരിലെ വിജയിയെ അറിയാന്‍ ലോകം ശ്വാസമടക്കി കാത്തിരിക്കുന്ന പോലൊരു ആവേശം.ബാഴ്സലോണ, അത്ലറ്റികോ മഡ്രിഡ്, റയല്‍ മഡ്രിഡ്. ആരാവും ആ ലോക ഫുട്ബാളിലെ രാജകിരീടത്തില്‍ തൊടുന്നത്. ജേതാവിനെ നിശ്ചയിക്കാന്‍ ശേഷിക്കുന്നത് രണ്ടുമത്സരങ്ങള്‍ മാത്രം. ഒന്ന് ഇന്ന് രാത്രിയിലും രണ്ടാമങ്കം മേയ് 14നും.  ഒപ്പത്തിനൊപ്പമുള്ള കുതിപ്പിനിടയില്‍ ആര്‍ക്കെങ്കിലുമൊന്നിടറിയാല്‍ എല്ലാം പിഴച്ചു.
ചാമ്പ്യന്‍സ് ലീഗ് സെമി കാണാതെ പുറത്തായ ബാഴ്സലോണക്ക് അഭിമാനം കാക്കാനുള്ള അവസരമാണ് ലാ ലിഗ കിരീടം. എന്നാല്‍, മഡ്രിഡുകാരായ അത്ലറ്റികോയും റയലും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നവരും.

ബാഴ്സലോണ
എട്ടുവര്‍ഷത്തിനിടെ ആറാം തവണ കറ്റാലന്‍ പട ലാ ലിഗ കിരീടമണിയുമോ -ആരാധക ലോകം കാത്തിരിപ്പിലാണ്. ചാമ്പ്യന്‍സ് ലീഗ് സെമിയുടെ കാഴ്ചക്കാരായിരുന്നവര്‍ അമിത ജോലിഭാരമില്ലാതെയാണ് ലാ ലിഗയിലെ നിര്‍ണായക പോരാട്ടത്തിനൊരുങ്ങുന്നത്. ഇന്ന് എസ്പാന്യോളിനെ നുകാപിലും, 14ന് ഗ്രനഡയെ എവേ ഗ്രൗണ്ടിലും നേരിടും. പോയന്‍റ് പട്ടികയില്‍ 14ഉം 16ഉം സ്ഥാനക്കാരാണെങ്കിലും ഞാഞ്ഞൂല്‍ കടിച്ചാലും വിഷമാവുമെന്ന അവസ്ഥയിലാണ് ബാഴ്സലോണ.
2006-07ലായിരുന്നു സമാനസാഹചര്യം. അന്ന് ബാഴ്സലോണക്ക് പണികൊടുത്ത എസ്പാന്യോള്‍ തന്നെയാണ് ഇന്ന് മുന്നിലെന്നതാണ് മെസ്സിക്കും നെയ്മറിനും ഭീഷണിയാവുന്നത്. 90ാം മിനിറ്റില്‍ റൗള്‍ ടമുഡോയുടെ ഗോള്‍ ബാഴ്സയെ സമനിലയില്‍ കുരുക്കിയതോടെ, പോയന്‍റ് നിലയില്‍ ഒപ്പമായിട്ടും മുഖാമുഖത്തിലെ മുന്‍തൂക്കവുമായി അന്ന് റയല്‍ കിരീടമണിഞ്ഞു.

അത്ലറ്റികോ മഡ്രിഡ്
ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടമണിയാനുള്ള ഒരുക്കത്തിനിടെയാണ് അത്ലറ്റികോക്ക് ലാ ലിഗ കിരീടം കൈയത്തെുമകലെ കാത്തിരിക്കുന്നത്. ഇന്ന് ലെവാന്‍െറയെ എവേ ഗ്രൗണ്ടിലും 14ന് സെല്‍റ്റി വിഗോയെ സ്വന്തം ഗ്രൗണ്ടിലും നേരിടും. രണ്ടും ജയിച്ചാല്‍മാത്രം പോര, ബാഴ്സലോണക്ക് അടിതെറ്റുകയും ചെയ്താലേ ഡീഗോ സിമിയോണിയുടെ കുട്ടികള്‍ക്ക് ലീഗ് കിരീടത്തില്‍ മുത്തമിടാനാവൂ.

റയല്‍ മഡ്രിഡ്
ഒരു പോയന്‍റുമാത്രം വ്യത്യാസത്തില്‍ മൂന്നാമതാണ് റയല്‍ മഡ്രിഡ്. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഒരുക്കത്തിനിടെ ലാ ലിഗയും സ്വന്തമാക്കാനുള്ള അവസരം. ലീഗില്‍ തുടര്‍ച്ചയായി പത്തും ജയിച്ചാണ് സിദാനും സംഘവുമത്തെുന്നത്. 12 പോയന്‍റ് വ്യത്യാസത്തില്‍ പിന്തള്ളപ്പെട്ടവരുടെ ഉജ്ജ്വല തിരിച്ചുവരവുമായി. വലന്‍സിയക്കെതിരെ സ്വന്തം ഗ്രൗണ്ടിലാണ് ഇന്ന് മത്സരം. 14ന് ഡിപോര്‍ടിവയെ നേരിടും. ക്രിസ്റ്റ്യാനോ തിരിച്ചത്തെിയതും ബെയ്ല്‍ ബെന്‍സേമ താരങ്ങളുടെ ഫോമും റയലിന് പ്രതീക്ഷ നല്‍കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT