ലിയോ, നിങ്ങള്‍ പോകരുത്

ബ്വേനസ് എയ്റിസ്: ഒരിക്കല്‍ മനസ്സുമടുത്ത് മടങ്ങിയവര്‍ മനംമാറി തിരിച്ചുവന്ന ചരിത്രമുണ്ട് കായികലോകത്ത്. ഒരുനിമിഷത്തെ മാനസിക പിരിമുറുക്കത്തിനൊടുവില്‍ വൈകാരികതക്കടിമപ്പെട്ട് നടത്തുന്ന പ്രസ്താവനകളും തീരുമാനങ്ങളും പലകുറി തിരുത്തപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര കരിയറിന് അവസാനം കുറിക്കാനുള്ള മെസ്സിയുടെ തീരുമാനവും തിരുത്തപ്പെട്ടവരുടെ പട്ടികയിലേക്കത്തെുമെന്ന പ്രതീക്ഷയിലാണ് കായികലോകം. ബ്വേനസ് എയ്റിസ് മുതല്‍ മലപ്പുറം അരീക്കാട്ട് വരെ കാത്തിരിക്കുന്നത് ഇങ്ങനെയൊരു വാര്‍ത്ത കേള്‍ക്കാനാണ്.
ഫുട്ബാളിന്‍െറ ചരിത്രവഴികള്‍ പരിശോധിക്കുമ്പോള്‍ അത്തരമൊരു സാധ്യത വിദൂരത്തല്ളെന്ന് കാണാന്‍ സാധിക്കും. ഒരിക്കല്‍ മടങ്ങിയ സിനദിന്‍ സിദാന്‍ നാലു വര്‍ഷങ്ങള്‍ക്കപ്പുറം തിരിച്ചത്തെി ഫ്രഞ്ച് പടയെ ലോകകപ്പ് ഫൈനലിലത്തെിച്ചത് മെസ്സിക്ക് പാഠമാക്കാവുന്ന ചരിത്രം. ഇറ്റലിയുടെ ആന്ദ്രേ പിര്‍ലോയും പോര്‍ചുഗലിന്‍െറ ലൂയി ഫിഗോയും സിദാന്‍െറ വഴിയേ പോയി തിരിച്ചത്തെിയവരാണ്. ഇത്തരമൊരു മടങ്ങിവരവ് മെസ്സിയില്‍നിന്ന് പ്രതീക്ഷിക്കാന്‍ പല കാരണങ്ങളുമുണ്ട്. രണ്ടുവര്‍ഷമപ്പുറം റഷ്യയില്‍ ലോകകപ്പ് ആരവമുയരുമ്പോള്‍ കാഴ്ചക്കാരന്‍െറ റോളില്‍ ബാഴ്സലോണയില്‍ ഒതുങ്ങിക്കൂടാന്‍ മെസ്സിയെ പോലൊരു താരത്തിന് കഴിയില്ളെന്നു വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷവും. അര്‍ജന്‍റീന ഫുട്ബാളില്‍ മെസ്സിയുടെ പിന്മാറ്റമുണ്ടാക്കുന്ന വിടവ് നികത്താന്‍പോന്ന കളിക്കാരന്‍ നിലവിലില്ലാത്തതിനാല്‍, മെസ്സിയെ തിരിച്ചത്തെിക്കാന്‍ ഫുട്ബാള്‍ അസോസിയേഷനില്‍ സമ്മര്‍ദമേറും. ഒരുപക്ഷേ, മെസ്സിയുടെ വിരമിക്കല്‍ തീരുമാനത്തിന് പെട്ടെന്നൊരു മാറ്റമുണ്ടാവില്ളെങ്കിലും ലോകകപ്പോടെ തിരിച്ചത്തെുമെന്നാണ് ഫുട്ബാള്‍ ലോകത്തിന്‍െറ പ്രതീക്ഷ. മടങ്ങിവരവ് ആവശ്യപ്പെട്ട് ആരാധകര്‍ മുതല്‍ അര്‍ജന്‍റീന പ്രസിഡന്‍റ് വരെ രംഗത്തുവന്നത് ഈയൊരു പശ്ചാത്തലത്തിലാണ്.
നോ ടി വയാസ് ലിയോ
അര്‍ജന്‍റീനന്‍ പ്രസിഡന്‍റും ബൊക്കാ ജൂനിയേഴ്സ് ക്ളബിന്‍െറ മുന്‍ പ്രസിഡന്‍റുമായ മൗറിസ്യോ മക്രി ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു: ‘നോ ടി വയാസ് ലിയോ’ (ലിയോ, നിങ്ങള്‍ പോകരുത്). ഈ ഹാഷ് ടാഗിലൂടെ ലോകം മുഴുവന്‍ മെസ്സിയെ തിരിച്ചുവിളിക്കുകയാണ്. മെസ്സിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ ബ്വേനസ് എയ്റിസിലൊന്നാകെ ‘നോ ടി വയാസ് ലിയോ’ എന്ന ബോര്‍ഡുമായി ആരാധകര്‍ തെരുവിലിറങ്ങി. നഗരങ്ങളിലെ എല്‍.ഇ.ഡി ബോര്‍ഡുകളിലും മെസ്സിയെ തിരിച്ചുവിളിച്ച് വാക്കുകള്‍ പ്രത്യക്ഷപ്പെട്ടു. രാജ്യമൊന്നടങ്കം മെസ്സിയെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പ്രസിഡന്‍റ് മൗറിസ്യോ മക്രി പറഞ്ഞു. ‘മെക്സിറ്റ്’ എന്ന ഹാഷ് ടാഗിലും മെസ്സിയുടെ മടങ്ങിവരവിനായി പ്രചാരണം നടക്കുന്നുണ്ട്.
മറഡോണയും
വിളിക്കുന്നു
മെസ്സിയുടെ വിരമിക്കലിനു പിന്നില്‍ മറഡോണയുടെ കുറ്റപ്പെടുത്തലുണ്ടെന്ന് രഹസ്യ സംസാരമുണ്ടായിരുന്നു. അത് എന്തുതന്നെയായാലും, മെസ്സി മടങ്ങിവരണമെന്ന ആവശ്യവുമായി മറഡോണയും രംഗപ്രവേശം ചെയ്തിട്ടുണ്ട്. 2018 ലോകകപ്പില്‍ അര്‍ജന്‍റീനയെ ചാമ്പ്യന്മാരാക്കാന്‍ മെസ്സി നിര്‍ബന്ധമായും കളിക്കണമെന്ന് മറഡോണ പറയുന്നു. മെസ്സി വിരമിക്കണമെന്നു പറയുന്നവര്‍ അര്‍ജന്‍റീന ഫുട്ബാളിന് വരാനിരിക്കുന്ന നാശമെന്തെന്ന് തിരിച്ചറിയുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.