കാലിഫോര്‍ണിയ: തുടര്‍ച്ചയായ രണ്ട് തോല്‍വികളോടെ കോപയില്‍നിന്ന് പുറത്തായ ഉറുഗ്വായിക്ക് ആശ്വാസ ജയവുമായി മടക്കം. ഗ്രൂപ് ‘സി’യില്‍ അതിഥിരാജ്യമായ ജമൈക്കയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് മുക്കിയാണ് ഒസ്കര്‍ ടബാരെസിന്‍െറ കുട്ടികള്‍ നാട്ടിലേക്ക് മടങ്ങുന്നത്.
കളിയുടെ 21ാം മിനിറ്റില്‍ അബേല്‍ ഹെര്‍ണാണ്ടസിന്‍െറ ഗോളിലൂടെ തുടങ്ങിയ ഉറുഗ്വായിക്കുവേണ്ടി 88ാം മിനിറ്റില്‍ മത്യാസ് കൊറുയോയും ഗോള്‍ കുറിച്ചു. 66ാം മിനിറ്റില്‍ ജമൈക്കന്‍ താരം ജെവോണ്‍ വാട്സന്‍െറ സെല്‍ഫ് ഗോള്‍ കൂടിയായതോടെ മുന്‍ ചാമ്പ്യന്മാരുടെ പട്ടിക പൂര്‍ത്തിയായി.
കഴിഞ്ഞ കോപയില്‍ ഇതേ ജമൈക്കക്കെതിരെ 1-0ത്തിന് ജയിച്ചശേഷം ഇതാദ്യമായാണ് ഉറുഗ്വായ് തെക്കനമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയം നുകരുന്നത്. 2015, 2016 കോപകളിലായി തുടര്‍ച്ചയായി അഞ്ചു മത്സരങ്ങളിലാണ് മുന്‍ ചാമ്പ്യന്മാര്‍ കീഴടങ്ങിയത്. കോപ ദൗത്യം കഴിഞ്ഞ് മടങ്ങിയവര്‍ക്ക് സെപ്റ്റംബറില്‍ അര്‍ജന്‍റീനക്കെതിരെ ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് അടുത്ത പരീക്ഷണം. പരിക്കുകാരണം അമേരിക്കയിലെ മത്സരങ്ങള്‍ നഷ്ടമായ ലൂയി സുവാരസ് അപ്പോഴേക്കും ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ഉറുഗ്വായ് ഫുട്ബാള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.