സ്പെയിനും പോർചുഗലും ഇംഗ്ലണ്ടും ജർമനിയുമടക്കം യൂറോപ്യൻ ടീമുകളും, കറുത്ത കുതിരകളാകാൻ ആഫ്രിക്കൻ സംഘങ്ങളും എത്തുമ്പോൾ ഓർമകളിൽ  പെലെയും മറഡോണയും മാത്രമല്ല, അവരുടെ പിൻഗാമികളെ കുറിച്ച ചിന്തകൾക്ക് കൂടിയുണ്ട് പ്രസക്തി

2018ലെ റഷ്യൻ ലോകകപ്പിൽ ജയത്തിൽ കുറഞ്ഞതൊന്നും രക്ഷിക്കില്ലെന്ന തിരിച്ചറിവിൽ ക്രസ്റ്റോവ്സ്കി മൈതാനത്ത് ആഫ്രിക്കൻ കരുത്തരായ നൈജീരിയക്കെതിരെ അർജന്റീന മുഖാമുഖം നിന്ന ഗ്രൂപ് മത്സരം. വിസിൽ മുഴങ്ങി 14ാം മിനിറ്റിൽ നീലക്കുപ്പായക്കാരെ ആവേശക്കൊടുമുടിയേറ്റി 10ാം നമ്പറുകാരൻ ലയണൽ മെസ്സി വലംകാൽ ഷോട്ടിൽ ഗോൾ കുറിക്കുമ്പോൾ സ്റ്റേഡിയത്തിന്റെ ഒരുവശത്ത് നിലയറിയാതെ തുള്ളിയ മുൻ 10ാം നമ്പറുകാരനിലേക്ക് കാമറക്കണ്ണുകൾ പാഞ്ഞു. വർഷങ്ങളേറെ മുമ്പ് ‘ദൈവത്തിന്റെ ഗോളു’മായി ഇതേ ടീമിന് ലോകകിരീടം സമ്മാനിച്ച ഡീഗോ മറഡോണയെന്ന അതിമാനുഷനായിരുന്നു അത്. മൈതാനത്തായാലും പുറത്തായാലും അർജന്റീനയും സോക്കറും വിട്ട് മറ്റൊന്നില്ലായിരുന്നു അയാൾക്ക്. അന്ന് ടീമിന്റെ ഓരോ ചുവടുകളും ആഘോഷമാക്കി ഒടുവിൽ ജയമുറപ്പിച്ച് കസേരയിലിരിക്കുമ്പോഴേക്ക് മറഡോണയുടെ ശരീരം തളർന്ന് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നത് ചരിത്രം.

നാലു വർഷം കഴിഞ്ഞ് ഖത്തർ ലോകകപ്പിലെത്തുമ്പോൾ സമാനമായൊരു ചിത്രം അങ്ങ് സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽനിന്ന് ലോകം കണ്ടു. കാൻസറിനോട് മല്ലിട്ട് നാട്ടിൽ ചികിത്സയിലായിട്ടും മഞ്ഞപ്പടയുടെ കളി ടെലിവിഷൻ സ്ക്രീനിൽ കണ്ട് വേദന മറക്കാൻ ശ്രമിച്ച എഡ്സൺ അരാന്റെസ് ഡോ നാസിമെന്റോ എന്ന സാക്ഷാൽ പെലെയായിരുന്നു അത്. രണ്ടുവർഷത്തെ ഇടവേളകളിലായി ഓർമകളിലേക്കു മറഞ്ഞ ഇരുവരുമില്ലാത്ത ആദ്യ ലോകകപ്പാണിത്.

അതത് ടീമുകളുടെ നായകരായി മെസ്സിയും റൊണാൾഡോയും എംബാപ്പെയും ഹാരി കെയ്നും പിന്നെ കളിക്കമ്പക്കാരുടെ നായകരായി ലമീൻ യമാലും എർലിങ് ഹാലൻഡും ബ്രൂണോ ഫെർണാണ്ടസുമടക്കം എണ്ണമറ്റ താരങ്ങൾ ബൂട്ടുകെട്ടുമ്പോഴും ഇവർ രണ്ടുപേരെയും ലോകം വല്ലാതെ മിസ് ചെയ്യും, തീർച്ച. വിരമിച്ച് കാലമേറെ ചെന്നിട്ടും സ്വന്തം ടീമുകളുടെ മാത്രമല്ല, മൊത്തം സോക്കറിന്റെയും സ്വർണസിംഹാസനമേറിയ ചക്രവർത്തിമാരായിരുന്നു ഇരുവരും. അവർ നൽകിയ ഊർജമേറ്റുണർന്നായിരുന്നു നീലയിലും മഞ്ഞയിലും ജഴ്സിയണിഞ്ഞ് അവർ പിന്നെയും ലോകം കീഴടക്കിയത്. കോടിക്കണക്കിന് പേരുടെ നെഞ്ചകത്ത് കളിക്കമ്പത്തിന്റെ ആകാശങ്ങൾ തീർത്തത്.

ഖത്തർ ലോകകപ്പ് ആരവങ്ങൾക്കിടെയായിരുന്നു പെലെയെ രോഗം കൂടുതൽ തളർത്തിയത്. ചികിത്സയിൽ നേരിയ തിരിച്ചുവരവിന്റെ വാർത്തകൾ പോലും അത്യാവേശത്തോടെ ഏറ്റെടുത്ത ആരാധകരെ വേദനയിൽ മുക്കി 2022 ഡിസംബർ അവസാനത്തിലായിരുന്നു 82കാരന്റെ വിയോഗം.

സാവോപോളോയിലെ തെരുവുകളിൽ പന്തുതട്ടിത്തുടങ്ങിയ പെലെ 15ാം വയസ്സിൽ പ്രഫഷനൽ ഫുട്ബാളിൽ അരങ്ങേറുന്നതോടെയാണ് ലോകം അയാളെ അറിഞ്ഞുതുടങ്ങുന്നത്. അരങ്ങേറ്റ മത്സരത്തിൽ നാലു ഗോളിട്ട് സാന്നിധ്യമറിയിച്ചവൻ തൊട്ടടുത്ത വർഷം ദേശീയ ടീമിന്റെയും ഭാഗമായി. രണ്ടു പതിറ്റാണ്ടുകാലം ലോകത്തെ വിസ്മയിപ്പിച്ച കാലുകളെ കൂട്ടി ബ്രസീൽ 1958, 1962, 1970 വർഷങ്ങളിൽ കിരീടം ചൂടി. 1971ൽ ബ്രസീൽ ടീമിന്റെ ബൂട്ടഴിച്ച അയാൾ ക്ലബ് ഫുട്ബാൾ കളിച്ചതേറെയും നാട്ടിലെ സാന്റോസിനായി. രണ്ടായിരത്തിൽ നൂറ്റാണ്ടിന്റെ താരമായി ഫിഫ ആദരിച്ച പെലെയെ തേടിയെത്താത്ത ബഹുമതികൾ കുറവ്. അയാൾ തീർത്ത സ്വപ്നസാമ്രാജ്യങ്ങൾ ബ്രസീലിനുവേണ്ടി ആർത്തുവിളിക്കുന്നവരുടെ എണ്ണം ഓരോ ലോകകപ്പിലും കൂട്ടി. ടീം പിറകോട്ടുപോയ നാളുകളിലും തിരിച്ചുവരവിന്റെ കണക്കുകളുമായി ഗാലറികളിൽ പതിനായിരങ്ങൾ ഇരമ്പിയാർത്തു. റൊണാൾഡോയും റെണാൾഡീഞ്ഞോയും ഒടുവിൽ നെയ്മർ ജൂനിയർ വരെ എത്തിയെങ്കിലും സാംബ സംഗീതത്തെ ഇത്രമേൽ ഉച്ചസ്ഥായിയിൽ നിർത്തിയ നായകന്മാർ പിറവിയെടുത്തില്ല.


പ്രായം 60ൽ നിൽക്കെ 2020 നവംബറിലായിരുന്നു ഡീഗോയുടെ വിയോഗം. ഇന്നും ചർച്ചകളും വിവാദങ്ങളും വിടാതെ പിന്തുടരുന്ന അന്ത്യയാത്ര. പ്രാദേശിക ടീമായ ജിംനാസിയ വൈ എസ്ഗ്രിമയുടെ ടെക്നിക്കൽ ഡയറക്ടറായിരിക്കെ ബ്വേനസ് എയ്റിസിലെ വീട്ടിൽ ഹൃദയാഘാതത്തിന്റെ രൂപത്തിലായിരുന്നു മരണം വന്നുവിളിച്ചത്. അർജന്റീന തലസ്ഥാന നഗരമായ ബ്വേനസ് എയ്റിസിലെ ഗല്ലികളിൽ പന്തുതട്ടിത്തുടങ്ങി അതിവേഗം സൂപ്പർ താരപദവിയേറിയ ഡീഗോ രണ്ടു ലോകകപ്പിൽ ടീമിന് അത്ഭുതങ്ങൾ സമ്മാനിച്ച ശേഷം 1994ൽ മരുന്നടിയിൽ കുടുങ്ങി ദേശീയ ടീമിന് പുറത്തായി. 1986ൽ ഇംഗ്ലണ്ടിനെതിരെ ‘ദൈവത്തിന്റെ കൈ’യുമായി കുറിച്ച ഗോൾ മറഡോണയോളം ലോകപ്രശസ്തമായി. ഒറ്റയാനായി അർജന്റീനക്ക് ലോകകിരീടം സമ്മാനിച്ച ഡീഗോ സീരി എയിൽ നാപ്പോളിയെ രണ്ടുവട്ടം ചാമ്പ്യന്മാരുമാക്കി. ഉടനീളം വിവാദങ്ങൾ പിന്തുടർന്ന കരിയറായിരുന്നു താരത്തിന്റെ സവിശേഷത. താരമായും പിന്നീട് മരണം വരെ ടീമുകളുടെ പരിശീലക സംഘത്തിലുമായിട്ടായിരുന്നു ഡീഗോയുടെ സോക്കർ യാത്ര. ആറു വർഷം കഴിഞ്ഞ് മരണമുനമ്പിൽനിന്ന് തിരികെയെത്തിയ അയാൾ 2008ൽ അർജന്റീന ടീമിന്റെ പരിശീലന ചുമതലയിലും നിന്നു. പിൻഗാമിയായി ലയണൽ മെസ്സി അർജന്റീന ജഴ്സിയിൽ എത്തിയെന്നതായിരുന്നു ഡീഗോയുടെ വലിയ സന്തോഷം.

അമേരിക്കയിലും കാനഡയിലും മെക്സികോയിലുമായി ഇത്തവണ ലോക സോക്കർ മാമാങ്കത്തിന് പന്തുരുളുമ്പോൾ ഇരുവർക്കും പിൻഗാമിയാകാൻ കരുത്തുള്ള കുറെ പേരുണ്ടെന്നതാണ് ഏറ്റവും വലിയ സന്തോഷം. ലാറ്റിനമേരിക്കൻ ഫുട്ബാളിനെ അത്രമേൽ പ്രണയിച്ചവരാക്കി ലോകത്തെ മാറ്റിയ രണ്ടു അതികായരുടെ നാട്ടിൽനിന്നു തന്നെ പിൻഗാമികളാകാൻ മിടുക്കും കളിയഴകമുള്ളവരുണ്ട്. അർജന്റീനയും ബ്രസീലും മാത്രമല്ല, ഇത്തവണ കിരീട ഫാവറിറ്റുകളെന്നതും ശ്രദ്ധേയം. ഖത്തർ ലോകകപ്പിൽ ശരിക്കും ഞെട്ടിച്ച മൊറോക്കോയെ പോലെ പുതുമുഖ ടീമുകളുടെ വരവും താരോദയങ്ങൾക്കൊപ്പം ലോകം കാതോർക്കുന്നുണ്ട്.

ഓരോ ടീമിന്റെയും നായക വേഷത്തിൽ പുതിയ ദൗത്യവുമായി അണിനിരക്കുന്ന വെറ്ററൻ പട മുതൽ വണ്ടർ ബോയ് പരിവേഷത്തോടെ ബൂട്ടുകെട്ടുന്ന യുവനിര വരെ അത്ഭുതങ്ങൾ തീർക്കാൻ ശേഷിയുള്ളവരാണ്. 1986ലെ ലോകകപ്പാണ് മറഡോണക്ക് ഇത്രമേൽ താരപരിവേഷം നൽകിയത്. തൊട്ടടുത്ത ലോകകപ്പിൽ കപ്പിനും ചുണ്ടിനുമിടയിൽ ജർമൻ വീര്യത്തിനുമുന്നിൽ കിരീടം കൈവിട്ടെങ്കിലും ഡീഗോയും സംഘവും തലയുയർത്തിയാണ് മടങ്ങിയത്. തുടർച്ചയായ നാലു ലോകകപ്പുകളിൽ മൂന്നും നേടിയാണ് പെലെ കളിച്ച സാംബ സംഘം സോക്കർ ലോകത്തെ ഒന്നാം നമ്പറുകാരായത്. മെസ്സി ഇത്തവണ വീണ്ടുമിറങ്ങുമ്പോൾ കാലം അങ്ങനെയൊരു അത്ഭുതം കൂടി നീലക്കുപ്പായക്കാരിൽ കാത്തിരിക്കുന്നുണ്ട്. ആഞ്ചലോട്ടി പരിശീലിപ്പിക്കുന്ന ബ്രസീൽ ടീമും അവസാന വട്ട ഒരുക്കങ്ങളിൽ കരുത്തുകാട്ടാൻ ശേഷി പ്രകടമാക്കിക്കഴിഞ്ഞു.

എന്നാൽ, സ്പെയിനും പോർചുഗലും ഇംഗ്ലണ്ടും ജർമനിയുമടക്കം യൂറോപ്യൻ ടീമുകളും, കറുത്ത കുതിരകളാകാൻ ആഫ്രിക്കൻ സംഘങ്ങളുമെത്തുമ്പോൾ ഓർമകളിൽ പെലെയും മറഡോണയും മാത്രമല്ല, അവരുടെ പിൻഗാമികളെ കുറിച്ച ചിന്തകൾക്ക് കൂടിയുണ്ട് പ്രസക്തി.

Tags:    
News Summary - Histories sleep on this field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-07 08:23 GMT