ഹോണ്ടുറസിനെതിരെ അർജന്റീനക്കായി ഗോൾ നേടിയ ലൗതാരോ മാർട്ടിനസിനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു

വൻ സന്നാഹം; ജയത്തോടെ അർജന്റീന, ബ്രസീൽ, ജർമനി, ഇംഗ്ലണ്ട്, പോർചുഗൽ

ന്യൂയോർക്: ലോകകപ്പ് ഫുട്ബാളിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾ ജയിച്ച് വമ്പന്മാർ. ആഫ്രിക്കൻ കരുത്തരായ ഈജിപ്തിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്രസീൽ വീഴ്ത്തിയപ്പോൾ മറുപടിയില്ലാത്ത രണ്ടെണ്ണത്തിന് ഹോണ്ടുറാസിനെ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയും തോൽപിച്ചു. മറ്റു മത്സരങ്ങളിൽ പോര്‍ചുഗല്‍ 2-1ന് ചിലിയെയും ജര്‍മനി 2-1ന് യു.എസിനെയും സ്‌കോട്‌ലന്‍ഡ് 4-0ത്തിന് ബൊളീവിയയെയും ഇംഗ്ലണ്ട് 1-0ത്തിന് ന്യൂസിലന്‍ഡിനെയും ദക്ഷിണാഫ്രിക്ക 1-0ത്തിന് ജമൈക്കയെയും തോല്‍പിച്ചു.

ആദ്യ കളിയിൽ പാനമയെ 6-2ന് തകർത്ത ആവേശത്തിൽ ഈജിപ്തിനെതിരെ ഇറങ്ങിയ കാർലോ ആഞ്ചലോട്ടിയുടെയും സംഘത്തിന്റെയും ആത്മവിശ്വാസമേറ്റുന്നതായിരുന്നു ലോകകപ്പിന് മുന്നോടിയായുള്ള അവസാന മത്സരം. ബ്രുണോ ഗുമറേസും യുവതാരം എന്‍ഡ്രിക്കുമാണ് കാനറികൾക്കായി വലകുലുക്കിയത്.

മുസ്തഫ സികോ ഈജിപ്തിനായി ആശ്വാസ ഗോൾ നേടി. പരിക്കേറ്റ സൂപ്പർ താരം നെയ്മർ ഇല്ലാതെ കളത്തിലെത്തിയ ബ്രസീലിനു തന്നെയായിരുന്നു മത്സരത്തിൽ മേധാവിത്വം. എട്ടാം മിനിറ്റിൽ തന്നെ ഗുമറേസിലൂടെ കാനറികൾ ലീഡെടുത്തു. മൂന്നു മിനിറ്റിനുള്ളിൽ സികോ ഈജിപ്തിനെ ഒപ്പമെത്തിച്ചു. 1-1 എന്ന സ്കോറിനാണ് ഇടവേളക്ക് പിരിഞ്ഞത്. രണ്ടാംപകുതിയിൽ സൂപ്പർ താരം മുഹമ്മദ് സലാഹിനെ ഈജിപ്ത് കളത്തിലിറക്കി. 53ാം മിനിറ്റിൽ എൻഡ്രിക്കാണ് ബ്രസീലിന്‍റെ വിജയഗോൾ നേടിയത്. ഇടതുപാർശ്വത്തിൽനിന്ന് റാഫിഞ്ഞ ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് എൻഡ്രിക് മനോഹരമായി വലയിലാക്കി. ജൂൺ 14ന് ഗ്രൂപ് സി-യിൽ മൊറോക്കോക്കെതിരെയാണ് ബ്രസീലിന്‍റെ ആദ്യ ലോകകപ്പ് മത്സരം.

ഇതിഹാസ താരം ലയണൽ മെസ്സി ഇല്ലാതെയാണ് അർജന്‍റീന കളത്തിലിറങ്ങിയത്. ലൗതാരോ മാർട്ടിനസ് (37, പെനാൽറ്റി), ജിയോവാനി സിമിയോൺ (54) എന്നിവർ ടീമിനായി ഗോൾ നേടി. ലോകകപ്പിനു മുന്നോടിയായി ഈ മാസം 10ന് ഐസ് ലൻഡിനെതിരെയും അർജന്‍റീന സൗഹൃദ മത്സരം കളിക്കുന്നുണ്ട്. 17ന് ഗ്രൂപ് ജെ-യിൽ അൽജീരിയക്കെതിരെയാണ് അർജന്‍റീനയുടെ ആദ്യ ലോകകപ്പ് മത്സരം. രണ്ടാം മിനിറ്റിൽ കൈ ഹാവെർട്സിലൂടെയാണ് യു.എസിനെതിരെ ജർമനി ലീഡെടുത്തത്.

37ാം മിനിറ്റിൽ ആന്റണി റോബിൻസണിലൂടെ എതിരാളികൾ തിരിച്ചടിച്ചതോടെ ആദ്യ പകുതി 1-1. ലെറോയ് സാനെയുടെ (57) വകയായിരുന്നു വിജയ ഗോൾ. ഒന്നാം പകുതി തീരാനിരിക്കെ ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ (45+2) ന്യൂസിലൻഡ് വലകുലുക്കി. സൂപ്പർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർചുഗലിന്റെ ആദ്യ ഇലവനിലുണ്ടായിരുന്നു. ഗോൺസാലോ ഗ്യൂഡസും (58) ബ്രൂണോ ഫെർണാണ്ടസുമായിരുന്നു (75) ചിലിക്കെതിരെ ഇവരുടെ സ്കോറർമാർ.

Tags:    
News Summary - Great warm-up; Argentina, Brazil, Germany, England, Portugal with victories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-07 08:23 GMT