ന്യൂയോർക്: ഫിഫ ലോകകപ്പിന് പന്തുരുളാൻ രണ്ടുനാൾ മാത്രം ശേഷിക്കെ യു.എസിലും മെക്സികോയിലും കാനഡയിലും ഒരുക്കങ്ങൾ പൂർത്തിയായി. ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് വടക്കെ അമേരിക്കൻ വൻകര സാക്ഷ്യം വഹിക്കാൻ പോവുന്നത്.
ഹൈബ്രിഡ് പുൽത്തകിടി; സെൻസറി മുറികൾ
പ്രകൃതിദത്തമായ പുല്ലും കൃത്രിമ നാരുകളും ചേർത്തുള്ള അത്യാധുനിക ഹൈബ്രിഡ് പുൽത്തകിടികളാണ് 16 സ്റ്റേഡിയങ്ങളിലും. തണുപ്പിച്ച ട്രക്കുകളിൽ കൊണ്ടുവന്ന സ്വാഭാവിക ‘കെന്റക്കി ബ്ലൂഗ്രാസ്’ ആണ് സ്റ്റേഡിയങ്ങളിൽ പാകിയിരിക്കുന്നത്. മണൽ പാളികളും വാക്വം വെന്റിലേഷൻ സംവിധാനങ്ങളും ഇതിനായി ഉപയോഗിച്ചു. ഇൻഡോർ സ്റ്റേഡിയങ്ങളിലും മെക്സികോ സിറ്റി പോലുള്ള ഉയർന്ന പ്രദേശങ്ങളിലും ഒരേതരം കളിസ്ഥലം ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.
യു.എസിലെ ചില സ്റ്റേഡിയങ്ങളുടെ വീതി കൂട്ടാനായി ഗാലറിയുടെ ഭാഗങ്ങൾ പൊളിച്ചുമാറ്റി. ഫൈനൽ നടക്കുന്ന ന്യൂയോർക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലും ലോസ് ആഞ്ജലസിലെ സോഫി സ്റ്റേഡിയത്തിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി, കടുത്ത ശബ്ദവും വെളിച്ചവും കാരണം ബുദ്ധിമുട്ടുന്ന കാണികൾക്കായി എല്ലാ 16 സ്റ്റേഡിയങ്ങളിലും പ്രത്യേക ‘സെൻസറി മുറികൾ’ ഒരുക്കിയിട്ടുണ്ട്.
അനധികൃത ഡ്രോണുകളെ വലയെറിഞ്ഞ് പിടിക്കും
അമേരിക്കയിലെ സ്റ്റേഡിയങ്ങൾക്ക് മുകളിൽ അനുവാദമില്ലാതെ പറക്കുന്ന മറ്റ് ഡ്രോണുകളെ ആകാശത്തുവെച്ച് വലിയ വലയെറിഞ്ഞ് പിടികൂടാൻ ശേഷിയുള്ള അത്യാധുനിക ‘ക്വാഡ്കോപ്ടറുകൾ’ ആണ് സുരക്ഷാ സേന ഉപയോഗിക്കുന്നത്. മെക്സികോയിലെ മോണ്ടെറെയ് നഗരത്തിൽ സുരക്ഷക്കായി റോബോട്ട് നായ്ക്കളെയും ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറുകളെയും രംഗത്തിറക്കിയിട്ടുണ്ട്. മൂന്ന് രാജ്യങ്ങളിലായാണ് കളി നടക്കുന്നതെന്നതിനാൽ വിമാനത്താവളങ്ങളിലും അതിർത്തികളിലും കർശനമായ പരിശോധനകൾ ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.