കുഞ്ഞു ആരാധകാ, സമ്മാനപ്പൊതിയുമായി മെസ്സി കാത്തിരിക്കുന്നു

ബാഴ്സലോണയിലെ കളിത്തിരക്കിനും അഞ്ചാം ബാലണ്‍ ഡി ഓറിന്‍െറ ആഘോഷത്തിനുമിടയില്‍ കഴിഞ്ഞ ഒരാഴ്ചയായി പുതിയൊരു വാര്‍ത്തക്കായി കാത്തിരിക്കുകയാണ് ലയണല്‍ മെസ്സി. മെസ്സി മാത്രമല്ല, ലോകമെങ്ങുമുള്ള ആരാധകരും സാമൂഹിക മാധ്യമങ്ങളുമുണ്ട് ഈ കാത്തിരിപ്പില്‍. ഇറാഖില്‍നിന്നോ യുദ്ധം തകര്‍ത്ത മറ്റേതെങ്കിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നോ തേടിയത്തെിയേക്കാവുന്ന വാര്‍ത്ത സുഖകരമാവട്ടെയെന്ന പ്രാര്‍ഥനയിലാണ് ഫുട്ബാള്‍ ലോകം.
ഒരാഴ്ച മുമ്പ് കുഞ്ഞു മെസ്സിയായി ടര്‍ക്കിഷ് ബ്ളോഗില്‍ വന്ന ചിത്രമാണ് സാക്ഷാല്‍ മെസ്സിയെയും ആരാധകരെയും ഇളക്കിമറിച്ചത്. തൂവെള്ള പ്ളാസ്റ്റിക് സഞ്ചി ആകാശനീല നിറത്തിലെ വടിവൊത്ത വരകളോടെ അര്‍ജന്‍റീന ജഴ്സിയാക്കി അണിഞ്ഞുകൊണ്ടായിരുന്നു കുഞ്ഞു ആരാധകന്‍െറ നില്‍പ്. അതില്‍ കടുംനീല നിറത്തില്‍ ‘മെസ്സി - 10’ എന്നെഴുതി മുഖംതിരിഞ്ഞുനില്‍ക്കുന്ന കൊച്ചു പയ്യന്‍. ഇതാരാണെന്നോ എവിടെ നിന്നെന്നോ ലോകത്തിനറിയില്ല.
പക്ഷേ, ദാരിദ്ര്യം നൃത്തമാടുന്ന ഏതോ മണ്ണില്‍നിന്നാണ് ഫുട്ബാളിനെയും മെസ്സിയെയും നെഞ്ചേറ്റുന്ന കുഞ്ഞു ആരാധകനെന്ന് ലോകത്തിനറിയാം. അവനെ തേടുകയാണ് കഴിഞ്ഞ ഒരാഴ്ചയായി ഫേസ്ബുക്കിലെയും ട്വിറ്ററിലെയും ആരാധകര്‍. തുര്‍ക്കി ബ്ളോഗിലെ ചിത്രം, മെസ്സിയുടെ ട്വിറ്ററിലെ സജീവമായ ഫാന്‍ പേജ് ‘മെസ്സി 10 സ്റ്റാറ്റസ്’ പോസ്റ്റു ചെയ്തതോടെയാണ് കുഞ്ഞു ആരാധകന്‍ വൈറലായത്. ലോകമെങ്ങുമുള്ള മാധ്യമങ്ങളും ആരാധകരും ചിത്രം പങ്കുവെച്ചു.
അപൂര്‍വ ചിത്രം മെസ്സിയും കണ്ടു. ആരാധകനെ കാത്ത് മെസ്സിയുടെ പ്രത്യേക സമ്മാനമുണ്ടെന്നാണ് പുതിയ വാര്‍ത്തകള്‍. മെസ്സിയുടെ സംഘവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ആരാധകര്‍ ഇക്കാര്യവും പരസ്പരം പങ്കുവെച്ചതോടെ അന്വേഷണവും സജീവമായിരിക്കുകയാണ്. ബി.ബി.സി, സി.എന്‍.എന്‍ തുടങ്ങിയ ലോകമാധ്യമങ്ങളും കുഞ്ഞു ആരാധകനെ തേടി രംഗത്തുണ്ട്. ഇറാഖിലെ കുര്‍ദ് മേഖലയായ ദഹൂക്കില്‍നിന്നാണ് ചിത്രമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്.
പക്ഷേ, പശ്ചാത്തലത്തിലെ സ്ഥലം കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ളെന്ന് നാട്ടുകാരന്‍െറ ട്വിറ്റര്‍ സന്ദേശത്തെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ അതിര്‍ത്തിയിലെയോ ഫലസ്തീന്‍ മണ്ണിലെയോ ചിത്രമാവാമെന്നും റിപ്പോര്‍ട്ടുണ്ട്.
ട്വിറ്ററും ഫേസ്ബുക്കുമായി കുഞ്ഞു ആരാധകനെ തേടുന്ന ഫുട്ബാള്‍ ലോകവും ഒരേ സ്വരത്തില്‍ പറയുന്നു: ‘മുഖമില്ലാത്ത, പേരും ഊരുമറിയാത്ത കുഞ്ഞു മെസ്സീ, നിന്നെക്കാത്ത് ലിയോയുടെ സമ്മാനപ്പൊതിയുണ്ട്.’

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.