ജാനി ഇൻഫൻറിനോ ഫിഫ പ്രസിഡൻറ്

സൂറിച്: ജാനി ഇൻഫൻറിനോ ഫിഫയുടെ പുതിയ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. 115 വോട്ടുകൾ നേടിയാണ് സ്വിറ്റ്സർലൻറിൽ നിന്നുള്ള ഇൻഫൻറിനോ പ്രസിഡൻറായത്. ആദ്യ ഘട്ട വോട്ടെടുപ്പിൽ ആർക്കും ഭൂരിപക്ഷം നേടാൻ കഴിയാത്തതിനാൽ വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീളുകയായിരുന്നു. 88 വോട്ട് നേടിയ ബഹ്റൈനിൽ നിന്നുള്ള ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ രണ്ടാം സ്ഥാനത്തെത്തി. മൊത്തം 207 വോട്ടുകളാണ് പോൾ ചെയ്യാനുണ്ടായിരുന്നത്. അതിനിടെ സ്ഥാനാർഥികളിൽ ഒരാളായ ടോക്യോ സെക്സ്വലെ മത്സരത്തിൽ നിന്ന് പിൻമാറുകയും ചെയ്തു.

സ്റ്റിറ്റ്സർലൻഡിൽ നിന്നുള്ള ഫുട്ബാൾ ഭരണാധികാരിയായ ജാനി ഇൻഫൻറിനോ 2009 മുതൽ യുവേഫയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്. ഫിഫ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ 45കാരനായ ജാനിക്ക് യുവേഫയുടെ പിന്തുണയുണ്ട്. അഭിഭാഷകൻ കൂടിയാണ് ജാനി ഇൻഫൻറിനോ.

രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ പ്രിൻസ് അലി ഹുസൈന് നാല് വോട്ട് ലഭിച്ചപ്പോൾ ജെറോം ഷാംപെയ്ന് വോട്ടൊന്നും ലഭിച്ചില്ല. എഷ്യയുടെയും ആഫ്രിക്കയുടെയും പിന്തുണയുണ്ടായിരുന്ന ശൈഖ് സൽമാനായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് മുൻതൂക്കമുണ്ടായിരുന്നത്.

ആദ്യ ഘട്ട വോട്ടെടുപ്പിൽ ഇൻഫൻറിനോക്ക് 88 വോട്ടുകൾ ലഭിച്ചു. ശൈഖ് സൽമാൻ അൽ ഖലീഫക്ക് 85ഉം പ്രിൻസ് അലി ഹുസൈന് 27ഉം വോട്ടും ഷാംപെയ്ന് ഏഴ് വോട്ടും ലഭിച്ചു.

138 വോട്ടായിരുന്നു ആദ്യ ഘട്ടത്തിൽ വേണ്ടിയിരുന്നത്. ഇത്രയും വോട്ട് ആർക്കും ലഭിക്കാത്തതിനാൽ വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീളുകയായിരുന്നു. രണ്ടാം ഘട്ടത്തിൽ മൊത്തം വോട്ടിൻെറ 50 ശതമാനമായി കണക്കാക്കിയ 104 വോട്ടുകൾ ലഭിച്ചാൽ മതിയായിരുന്നു ജയിക്കാൻ.

1974ന് ശേഷം ആദ്യമായാണ് ഫിഫ പ്രസിഡൻറ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീളുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.