നാഗ്ജി: നിപ്രോ സെമിയിൽ; മ്യൂണിക്ക് പുറത്ത്

കോഴിക്കോട്: മൂന്നു കളിയിലൂടെ ജര്‍മന്‍ ഫുട്ബാളിന്‍െറ സൗന്ദര്യവും വേഗവും മലയാളി ആരാധകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച് ടി.എസ്.വി 1860 മ്യൂണിക് സേട്ട് നാഗ്ജി ഫുട്ബാളില്‍ സെമി കാണാതെ നാട്ടിലേക്ക്. സെമി പ്രവേശത്തിന് ജയം അനിവാര്യമായ മത്സരത്തില്‍ യുക്രെയ്ന്‍കാരായ നിപ്രോ നിപ്രോ പെട്രോസ്കിനോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെ മ്യൂണിക്കുകാരുടെ മോഹങ്ങള്‍ ഗ്രൂപ് റൗണ്ടിലേ കെട്ടടങ്ങി. ഇതോടെ, ഗ്രൂപ് ‘ബി’യില്‍നിന്ന് നിപ്രോയും അയര്‍ലന്‍ഡുകാരായ ഷംറോക്കും സെമിയിലത്തെി.വ്യാഴാഴ്ചത്തെ ആദ്യ സെമിയില്‍ ബ്രസീലില്‍നിന്നുള്ള അത്ലറ്റികോ പരാനെന്‍സ് ഷംറോക് റോവേഴ്സിനെയും വെള്ളിയാഴ്ചത്തെ രണ്ടാം സെമിയില്‍ നിപ്രോ ഇംഗ്ളീഷുകാരായ വാറ്റ്ഫോഡ് റോവേഴ്സിനെയും നേരിടും.

സെമിയിലേക്ക് മുന്നേറാന്‍ ജയത്തില്‍ കുറഞ്ഞൊന്നും മതിയാവില്ളെന്ന ബോധ്യത്തിലായിരുന്നു മ്യൂണിക്കുകാര്‍ കളത്തിലിറങ്ങിയത്. ഷംറോക്കിനോട് അട്ടിമറി തോല്‍വി വഴങ്ങിയ ടീമില്‍നിന്ന് നാലു മാറ്റങ്ങളുമായാണ് മുന്‍ ജര്‍മന്‍ ദേശീയ താരം ഡാനിയല്‍ ബിയറോഫ്ക ടീമിനെ ഇറക്കിയത്. പ്രതിരോധത്തിനും മുന്നേറ്റത്തിനും ഒരേ കരുതല്‍. 4-3-3 ഫോര്‍മേഷന്‍ തന്നെ എന്തു വിലകൊടുത്തും ജയിക്കാനുള്ളതായിരുന്നു. കണക്കുകൂട്ടല്‍പോലെ തന്നെ മ്യൂണിക്കുകാര്‍ കിക്കോഫിനു പിന്നാലെ പന്തുമായി കുതിപ്പ് തുടങ്ങി. നായകന്‍ ഫെലിക്സ് വെബറിനെയും ഫാബിയ ഹ്യൂസ്ലറിനെയും പ്രതിരോധക്കോട്ടയുടെ ചുമതലയേല്‍പിച്ച് വിങ്ങിലൂടെയായിരുന്നു ജര്‍മന്‍ കുതിപ്പ്. ആന്ദ്രെ ഷീഡലും സൈമണ്‍ സെഫറിങ്സും ചാട്ടുളി വേഗവുമായി എതിര്‍ ഗോള്‍മുഖത്ത് അങ്കലാപ്പ് തീര്‍ത്തു. പക്ഷേ, മ്യൂണിക്കിന്‍െറ ജീവന്മരണ പോരാട്ടം മുമ്പേ കണ്ടമട്ടിലായി നിപ്രോയുടെ ഗെയിം പ്ളാന്‍. പ്രതിരോധത്തിനായിരുന്നു യുക്രെയ്ന്‍ സംഘത്തിന്‍െറ മുന്‍തൂക്കം.

നാലുപേരെ വരെ പെനാല്‍റ്റി ബോക്സിനു മുന്നില്‍ അണിനിരത്തി മ്യൂണിക് സംഘത്തിന്‍െറ കുതിപ്പുകളുടെയെല്ലാം മുന തച്ചുടച്ചു. പ്രതിരോധക്കോട്ട കടന്നുവരുന്ന പന്തുകള്‍ക്കു മുന്നില്‍ ഉയരക്കാരനായ ഗോള്‍ കീപ്പര്‍ ഡെനിസ് ഷെലികോവ് വന്മതില്‍ തീര്‍ക്കുകയും ചെയ്തു. രണ്ടു തവണ മ്യൂണിക് ഗോളെന്നുറപ്പിച്ച ഷോട്ട് പായിച്ചെങ്കിലും ഭാഗ്യം തങ്ങളെ കൈവിട്ട ദിനത്തില്‍ അവ ക്രോസ്ബാറില്‍ തട്ടി മടങ്ങി. അതേസമയം, വീണുകിട്ടുന്ന മുഹൂര്‍ത്തങ്ങളിലെ പ്രത്യാക്രമണത്തില്‍ നിപ്രോ അപകടകരമായ പല നീക്കങ്ങളും നടത്തി. മ്യൂണിക് പ്രതിരോധത്തില്‍ വെബറും ഹ്യൂസ്ലറും കുറ്റിയുറപ്പോടെ ഉറച്ചുനിന്നാണ് അപായമുന്നേറ്റങ്ങള്‍ പൊട്ടിച്ചത്. ഏറ്റവുമൊടുവിലായി ഇഞ്ചുറി ടൈമിന്‍െറ അവസാനം നിപ്രോ വലകുലുക്കിയെങ്കിലും ലൈന്‍ റഫറിയുടെ ഓഫ്സൈഡ് ഫ്ളാഗ് ഗോള്‍ നിഷേധിച്ചു. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഗോള്‍രഹിത സമനിലയുമായി ഇത്.മുഴുസമയം പൂര്‍ത്തിയായപ്പോള്‍ കണക്കിലെ കളിയിലും മ്യൂണിക് തന്നെയാണ് മുന്നില്‍നിന്നത്. 59 ശതമാനവും പന്ത് കൈവശംവെച്ചവര്‍ 20 ഷോട്ടുകള്‍കൊണ്ട് യുക്രെയ്ന്‍ ഗോള്‍മുഖം പരീക്ഷിക്കുകയും ചെയ്തു.

കളിയുടെ 24ാം മിനിറ്റിലും ഇഞ്ചുറി ടൈമിലുമായിരുന്നു മ്യൂണിക്കിന്‍െറ ഷോട്ടുകള്‍ ക്രോസ്ബാര്‍ തടുത്തിട്ടത്. വലതുവിങ്ങില്‍നിന്ന് ഫ്ളോറിയന്‍ പീപര്‍ തൊടുത്ത ഫ്രീകിക്ക് വെടിയുണ്ടകണക്കെ നിപ്രോ പ്രതിരോധത്തെയും ഗോളിയെയും കടന്ന് കുതിച്ചെങ്കിലും ക്രോസ്ബാറില്‍ തട്ടി വഴിതെറ്റി. പുറത്തേക്കു പോവാതിരുന്ന പന്ത് വീണ്ടും അവസരത്തിന് വഴിയൊരുക്കിയെങ്കിലും ഭാഗ്യം തുണച്ചില്ല. ഇഞ്ചുറി ടൈമിന്‍െറ നാലാം മിനിറ്റില്‍ ഫോറ്റി കാറ്റിഡിസിന്‍െറ അളന്നുമുറിച്ച ഷോട്ടാണ് ഗോള്‍ പോസ്റ്റ് തടഞ്ഞത്. അതേസമയം, 27ാം മിനിറ്റില്‍ നിപ്രോയുടെ കോര്‍ണറിലൂടെയത്തെിയ അവസരം മ്യൂണിക് ഡിഫന്‍ഡര്‍ ഫാബിയാന്‍ ഹ്യൂസ്ലറുടെ സമര്‍ഥമായ ഇടപെടലിലൂടെ ഗോള്‍ലൈനില്‍നിന്നാണ് പുറത്തേക്ക് തെന്നിയത്. ഗോളടിക്കാന്‍ മ്യൂണിക്കും മറുതന്ത്രവുമായി നിപ്രോയും ഉറച്ചുനിന്നതോടെ ഗാലറിയുടെ ഇരുഭാഗവും നിറച്ച ആരാധകര്‍ക്ക് വിരസമായ കാഴ്ചയായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.